Connect with us

National

മുത്വലാഖ് ബില്‍ ചൊവ്വാഴ്ച സഭയില്‍; എതിര്‍പ്പുമായി പേഴ്‌സനല്‍ ലോ ബോര്‍ഡ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിസ്മസ് അവധിക്ക് ശേഷം ചൊവ്വാഴ്ച ആരംഭിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ മുത്വലാഖ് ക്രിമിനല്‍ കുറ്റകൃത്യമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കും. ലോക്‌സഭയിലാണ് ബില്‍ ആദ്യം അവതരിപ്പിക്കുക. കഴിഞ്ഞ ദിവസം ബില്‍ അവതരിപ്പിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. മുത്വലാഖ് സമ്പ്രദായം വഴി വിവാഹ മോചനം നടത്തുന്നത് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി നിയമനിര്‍മാണം നടത്താനുള്ള കരട് ബില്ലിന് നേരത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

1986ലെ മുസ്‌ലിം സ്ത്രീകള്‍ക്ക് വിവാഹ മോചനത്തില്‍ നിന്നുള്ള സംരക്ഷണ അവകാശ നിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുത്വലാഖിന് വിധേയയാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പോലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്ന് ഭാര്യക്ക് കോടതിയോട് ആവശ്യപ്പെടാമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മുത്വലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ക്രമിനല്‍ കുറ്റകൃത്യമാക്കുന്നതിന് നിയമം കൊണ്ടുവരുന്നത്.
അതേസമയം, മുത്വലാഖ് ബില്ലിനെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി. മുത്വലാഖ് ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വ്യക്തമാക്കി. ബില്‍ പിന്‍വലിക്കണമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. ബില്‍ തയ്യാറാക്കിയത് മുസ്‌ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വ്യക്തമാക്കി. നേരത്തെ വനിതാ ശിശുക്ഷേമ ബോര്‍ഡും ബില്ലിനെതിരെ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ബില്ലില്‍ അഭിപ്രായമാരാഞ്ഞപ്പോഴാണ് മുത്വലാഖ് ക്രിമനല്‍ കുറ്റമാക്കുന്നതിന് പ്രത്യേകമായ നിയമം ആവശ്യമില്ലെന്ന് ശിശുക്ഷേമ മന്ത്രാലയം അറിയിച്ചത്.

 

Latest