Connect with us

Ongoing News

വാംഖഡെയില്‍ അഞ്ച് വിക്കറ്റ് ജയം; പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരി

Published

|

Last Updated

വാംഖഡെ: വാംഖഡെയില്‍ അഞ്ച് വിക്കറ്റ് ജയം. ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയെത്തിയ ലങ്കക്ക് മേല്‍ ടീം ഇന്ത്യയെഴുത്ത് ഇങ്ങനെയായിരുന്നു.
പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരിയതോടെ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം നാണക്കേടിന്റെതായി. ടെസ്റ്റ്, ഏകദിന പരമ്പര ഇന്ത്യക്കായിരുന്നു.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 139 റണ്‍സെടുത്ത് മറികടന്നു. ദിനേശ് കാര്‍ത്തിക് (18), ധോണി (16) ടീമിനെ വിജയത്തിലെത്തിച്ചു. രോഹിത് (27), അയ്യര്‍ (30), പാണ്ഡെ (32) മികച്ച ബാറ്റിംഗ് നടത്തി.ടോസ് നേടിയ രോഹിത് ശര്‍മ ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. തീരുമാനം ശരിവെക്കും വിധം ബൗളര്‍മാര്‍ എറിഞ്ഞതോടെ ലങ്ക തകര്‍ന്നു. പതിനെട്ട് റണ്‍സെടുക്കുമ്പോഴേക്കും മൂന്ന് പേരാണ് പുറത്തായത്. ഡിക്ക്വെല (1), ഉപുല്‍ തരംഗ (11), കുശാല്‍ പെരേര (4) എന്നിവരാണ് വന്നതിലും വേഗത്തില്‍ മടങ്ങിയത്. പിന്നീട് ചെറുത്തുനില്‍പ്പ് നടത്തിയത് സമരവിക്രമ (21)യും ഗുണരത്‌നെ(36)യുമാണ്. ഗുണതിലക മൂന്ന് റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ തിസര പെരേര ആറ് പന്തില്‍ രണ്ട് ഫോറുകള്‍ ഉള്‍പ്പടെ 11 റണ്‍സടിച്ചു. ഷനക (29), ധനഞ്ജയ (11) പുറത്താകാതെ നിന്നു.

വാഷിംഗ്ടണ്‍ സുന്ദര്‍
പ്രായം കുറഞ്ഞ ടി20 താരം

ശ്രീലങ്കക്കെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ഇലവനില്‍ ഇടം പിടിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ്. 18 വര്‍ഷവും 80 ദിവസവുമാണ് ഇന്നലെ വാംഖഡെയില്‍ കളിക്കാനിറങ്ങുമ്പോള്‍ വാഷിംഗ്ടണിന്റെ പ്രായം. ഡല്‍ഹിയുടെ രഞ്ജി ട്രോഫി ക്യാപ്റ്റന്‍ റിഷാബ് പന്ദ് ഫെബ്രുവരിയില്‍ ഇന്ത്യക്കായി അരങ്ങേറിയതിന്റെ റെക്കോര്‍ഡാണ് വാഷിംഗ്ടണ്‍ തിരുത്തിയത്. ബെംഗളുരുവില്‍ ഇംഗ്ലണ്ടിനെതിരെ റിഷാബ് പന്ത് അരങ്ങേറുമ്പോള്‍ പ്രായം 19 വയസും 120 ദിവസവും ആയിരുന്നു.
ബൗളിംഗില്‍ 22 റണ്‍സിന് ഒരു വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ പതിനൊന്ന് ഡോട് ബോളുകളെറിഞ്ഞും അരങ്ങേറ്റം അവിസ്മരണീയമാക്കി. മൂന്ന് ബൗണ്ടറികള്‍ മാത്രമാണ് വിട്ടു കൊടുത്തത് എന്നതും ശ്രദ്ധേയം.
ഇന്‍ഡോറില്‍ 77 റണ്‍സടിച്ച കുശാല്‍ പെരേരയെ പുറത്താക്കിക്കൊണ്ടാണ് വാഷിംഗ്ടണ്‍ ടി20യിലെ വിക്കറ്റ് കൊയ്ത്തിന് തുടക്കമിട്ടത്. റിട്ടേണ്‍ ക്യാച്ചാവുകയായിരുന്നു കുശാല്‍ പെരേര.