‘കടലില്‍ പന്തുതട്ടി’ നെയ്മറും സംഘവും

Posted on: December 24, 2017 8:59 pm | Last updated: December 24, 2017 at 8:59 pm
വെസ്റ്റ്‌ബേക്ക് സമീപം കടലില്‍ ഒരുക്കിയ ഒഴുകും വേദിയില്‍ നെയ്മര്‍, കവാനി, ആല്‍വ്‌സ്, മെംബാപെ
എന്നിവര്‍ പന്തു തട്ടുന്നു

ദോഹ: ഖത്വറിലെ കളിപ്രേമികള്‍ക്ക് ആവേശവും കുരുന്നുകള്‍ക്ക് ഫുട്‌ബോള്‍ ഉപദേശങ്ങളും നല്‍കി പാരീസ് സെയ്ന്റ് ജര്‍മൈന്‍ (പി എസ് ജി) മടങ്ങി. പി എസ് ജിയുടെ ശൈത്യകാല ടൂര്‍ ക്യാംപിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് നെയ്മര്‍ ജൂനിയര്‍, എഡിന്‍സണ്‍ കവാനി, കിലിയന്‍ മെംബാപെ, ഡാനി ആല്‍വ്‌സ്, മാര്‍കോ വെറട്ടി, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, ഏഞ്ചല്‍ ഡി മരിയ അടക്കമുള്ള താരനിര ഖത്വറിലെത്തിയത്. ലോകോത്തര നിലവാരത്തില്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ സംവിധാനിച്ച ആസ്പയര്‍ സോണില്‍ പരിശീലനത്തിനിറങ്ങിയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കളിച്ചും കളിപ്രേമികള്‍ക്കൊപ്പം സമയം ചെലവിട്ടും ദോഹയിലെ രണ്ട് ദിവസങ്ങള്‍ ഉത്സവമാക്കിയ പി എസ് ജി താരങ്ങള്‍ ലോകത്ത് ആദ്യമായി സമുദ്രത്തില്‍ ഫുട്‌ബോളും കളിച്ചു. ദോഹയിലെ വെസ്റ്റ് ബേയില്‍ സമുദ്രത്തില്‍ പ്രത്യേകം സംവിധാനിച്ച ഒഴുകും വേദിയിലാണ് നെയ്മറും കവാനിയും മെംബാപെയും ആല്‍വ്‌സും പന്ത് തട്ടിയത്. ഖത്വറിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ അടയാളമായ കൂറ്റന്‍ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒഴുകും വേദിയൊരുക്കിയത്.

ഖത്വര്‍ ടൂറിസം അതോറിറ്റി (ക്യു ടി എ) ഒരുക്കിയ മരുഭൂ യാത്രയിലും പി എസ് ജി സംഘം പങ്കെടുത്തു. ഇന്‍ലാന്‍ഡ് സീയിലേക്ക് നടത്തിയ യാത്രക്കിടെ മരുഭൂ തമ്പില്‍ തങ്ങുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രം അനാവൃതമാക്കുന്ന മിശൈരിബ് മ്യൂസിയം സന്ദര്‍ശിച്ച് ഖത്വരി സംസ്‌കാരവും പൈതൃകവും മനസ്സിലാക്കാനും സംഘങ്ങള്‍ക്ക് സാധിച്ചു. ദോഹ കോര്‍ണീഷിന്റെ മനോഹര കാഴ്ച സമ്മാനിക്കുന്ന ഷാംഗ്രി ലാ ഹോട്ടല്‍ റൂഫ്‌ടോപ്പില്‍ പരമ്പരാഗത ഖത്വരി ഭക്ഷണവും ഒരുക്കിയിരുന്നു.

മാള്‍ ഓഫ് ഖത്വറില്‍ ഉരീദു ഒരുക്കിയ ഓട്ടോഗ്രാഫ് സെഷനില്‍ നിരവധി കളിക്കാര്‍ പങ്കെടുത്തു. ഇഷ്ടതാരങ്ങളെ നേരില്‍ കാണാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്. പി എസ് ജി കോച്ച് ഉനൈ എമിരി, അസിസ്റ്റന്റ് കോച്ച് സൗമാന കാമറ, കളിക്കാര്‍ എന്നിവര്‍ പങ്കെടുത്ത നൂറ് കുട്ടികള്‍ക്കായുള്ള ക്ലിനിക് സെഷനും ഉരീദു സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഖത്വര്‍ നാഷനല്‍ ബേങ്ക് (ക്യു എന്‍ ബി) 20 വിദ്യാര്‍ഥി കളിക്കാര്‍ക്ക് താരങ്ങളുമായി കളിക്കാന്‍ അവസരമൊരുക്കിയിരുന്നു. ഫുട്‌ബോള്‍ രംഗത്ത് മുതല്‍ക്കൂട്ടാകുന്ന പുതിയ ശേഷിയും പരിചയവും സ്വായത്തമാക്കാന്‍ ഇതിലൂടെ സാധിച്ചു. കതാറയും പി എസ് ജി സംഘം സന്ദര്‍ശിച്ചിരുന്നു.