Connect with us

Gulf

ദോഹയുടെ തെരുവിലും ബാബുഭായി പാടിക്കയറി

Published

|

Last Updated

ദോഹ: തെരുവിലെ ഗായകന്‍ ബാബുഭായി ദോഹയിലൊരുക്കിയ കൃത്രിമ തെരുവില്‍ പാടിക്കയറി. ഭാര്യ ലത ഹാര്‍മോണിയത്തില്‍ സംഗീതമിട്ടു. മകള്‍ കൗസല്യ ചേര്‍ന്നു പാടുകകൂടി ചെയ്തപ്പോള്‍ നിറഞ്ഞ സദസ്സ് ഹര്‍ഷാരവങ്ങളാല്‍ ഗായക കുടുംബത്തെ ആശീര്‍വദിച്ചു. കേരളത്തിലെ തെരുവുഗായകര്‍ ആദ്യമായി ഗള്‍ഫിലെത്തി അവതരിപ്പിക്കുന്ന സംഗീത പരിപാടിക്ക് ഐ സി സി അശോക ഹാളാണ് വേദിയായത്. കരുണ ഖത്വറാണ് കോഴിക്കോട് മാവൂരില്‍ താമസിക്കുന്ന ബാബുഭായിയുടെയും കുടുംബത്തിന്റെയും പരിപാടി സംഘടിപ്പിച്ചത്.

തെരുവിന്റെ രംഗപടമൊരുക്കിയ വേദിയിലായിരുന്നു സംഗീത പരിപാടി. ഉത്തരേന്ത്യന്‍ മൃദംഗമായ ദോലക്കില്‍ ചിലങ്ക ചുറ്റിയ കൈകള്‍ കൊണ്ട് താളമിട്ടാണ് ബാബുഭായി പാടിയത്. പാട്ടിന്റെ സംഗീതം ലത ഹാര്‍മോണിയത്തില്‍ വായിച്ചു. സദസ്സ് തെരുവുഗീതത്തിന്റെ താളത്തില്‍ അറിഞ്ഞു ലയിച്ചു. ഓരോ പാട്ടുകള്‍ക്കും അവര്‍ കയ്യടിച്ചു. പാട്ടുകള്‍ ആവശ്യപ്പെട്ടു. ചിലര്‍ പാരിതോഷികങ്ങള്‍ നല്‍കി. ഹിന്ദിയും തമിഴും മലയാളവും ഇടകലര്‍ത്തി ബാബുഭായി മറന്നുപാടി. റെഫിയുടെ ദക്‌വാലേ പാടി സദസ്സിനെയാകെ ഇളക്കി. ഇടക്ക് മകള്‍ കൗസല്യയും മലയാളം പാട്ടുകള്‍ പാടി.

ബസ്സ്റ്റാന്‍ഡുകളിലും തീവണ്ടികളിലും കേട്ടിട്ടുള്ള തനിമയുള്ള പാട്ടുകള്‍ കേള്‍ക്കാനുള്ള ഗൃഹാതുരതയോടെയാണ് ദോഹയിലെ മലയാളികള്‍ ഐ സി സി ഹാളിലെത്തിയത്. ഗള്‍ഫില്‍ ആദ്യമായി നടന്ന തെരുവുഗാനമേളക്ക് മാധ്യമങ്ങള്‍ നല്‍കിയ പ്രചാരണവും സദസ്സിനെ ആകര്‍ഷിച്ചു. പ്രമുഖരുള്‍പ്പെടെയുള്ളവര്‍ പരിപാടിക്കെത്തിയിരുന്നു.

സംഘാടക സമിതി ചെയര്‍മാന്‍ അശ്‌റഫ് തൂണേരി അധ്യക്ഷ പ്രസംഗം നടത്തി. സുധി നിറം, സുധീര്‍ സംസാരിച്ചു. ഷെല്‍ട്ടര്‍ ഗ്രൂപ്പ് പ്രതിനിധി സാജിദ് ഹസന്‍, കെ മുഹമ്മദ് ഈസ, ആര്‍ ജെ സൂരജ് ഉപഹാരങ്ങള്‍ നല്‍കി. സഫ്ദര്‍ ഹാശ്മിയെ സ്മരിച്ച് ലഘുനാടകവും അരങ്ങേറി.