Connect with us

Gulf

ബാക്ടീരിയകളുടെ സാന്നിധ്യം; ലാക്‌റ്റെയില്‍സിന് വിലക്ക്

Published

|

Last Updated

ദുബൈ: ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് നല്‍കുന്ന ഫ്രഞ്ച് നിര്‍മിത പാലുത്പന്നമായ ലാക്‌റ്റെയില്‍സ് യു എ ഇ വിപണികളില്‍നിന്ന് പിന്‍വലിക്കാന്‍ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. ലാക്‌റ്റെയില്‍സിന്റെ ചില ബാച്ചുകളില്‍ പെട്ട ഉത്പന്നങ്ങള്‍ക്കാണ് വില്‍പന വിലക്കേര്‍പെടുത്തിയിരിക്കുന്നത്.

18.5.2019 വരെ കാലാവധിയുള്ള 17 സി 0012816 ബാച്ച് നമ്പറില്‍ പെട്ട 900 ഗ്രാമിന്റെ സെലിയ എക്‌സ്‌പേര്‍ട് 1, ഡെലിസല്‍ മാല്‍ട്ടോഡെക്‌സ്‌ട്രൈഡിന്‍, 30.11.2018 വരെ കാലാവധിയുള്ള 17 സി 0012875 ബാച്ച് നമ്പറിലുള്ള 350 ഗ്രാമിന്റെ ഡെന്റിഷിസ്സ്‌മെന്റ് എനര്‍ജറ്റിക് പൗഡര്‍, 8.6.2019 വരെ കാലാവധിയുള്ള 17 സി 0012939 ബാച്ച് നമ്പറിലുള്ള 400 ഗ്രാമിന്റെ സെലിയ എക്‌സ്‌പേര്‍ട് 3 എന്നിവക്കാണ് വില്‍പന നിരോധം.

മുന്‍കരുതലെന്ന നിലക്കാണ്, ഫ്രാന്‍സിലെ ക്രാവോണിലെ ഫാക്ടറിയില്‍ 2017 ഫെബ്രുവരി 15 മുതല്‍ നിര്‍മിച്ചതും പാക്ക് ചെയ്തതുമായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പോഷകാഹാര ഉത്പന്നങ്ങളില്‍പെട്ട ചിലത് പിന്‍വലിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതേ ഫാക്ടറിയില്‍ നിര്‍മിച്ച തങ്ങളുടെ മറ്റു ഉത്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. ഉത്പന്നം സംബന്ധിച്ച് കുടുംബങ്ങളുടെ ഉത്കണ്ഠയോട് കമ്പനി അധികൃതര്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചു. ഇതിന്റെ ഉപയോഗത്തിലൂടെ അനിഷ്ട സംഭവങ്ങളൊന്നും യു എ ഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.