മിഠായിത്തെരുവിന് പുതുമുഖം; ഉദ്ഘാടനം ഇന്ന് വൈകീട്ട്

Posted on: December 23, 2017 10:37 am | Last updated: December 23, 2017 at 10:46 am

കോഴിക്കോട്: പൈതൃകങ്ങളും ചരിത്ര ശേഷിപ്പുകളും ചോരാതെ പുതുമോടിയില്‍, ലോകനിലവാരത്തില്‍ നവീകരിച്ച കോഴിക്കോടിന്റെ വ്യാപാര തലസ്ഥാനമായ മിഠായിത്തെരുവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. ലോകപൈതൃക നഗരവീഥികളിലെ ചരിത്ര സ്മാരകങ്ങളെ അനുസ്മരിക്കുന്ന വിധത്തിലാണ് തെരുവ് സൗന്ദര്യ വത്കരിച്ചിരിക്കുന്നത്. നിരവധി സാഹിത്യ രചനകളിലൂടെയും ചരിത്രക്കുറിപ്പുകളിലൂടെയും ജന മനസ്സില്‍ വേരുറപ്പിച്ച ഈ ഇടവഴി ഇനി പുത്തന്‍ ഷോപ്പിംഗ് അനുഭവം മലയാളികള്‍ക്ക് സമ്മാനിക്കും.

മാനാഞ്ചിറ മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തെരുവിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വ്യാപാരികളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ കനത്ത സുരക്ഷാ നടപടികളാണ് ഉദ്ഘാടനത്തിനായി ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടുകാരായ പ്രിയ എഴുത്തുകാര്‍ എം ടി വാസുദേവന്‍ നായര്‍, യു എ ഖാദര്‍, ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും.

ടൈലുകള്‍ പാകിയും നടപ്പാതകളില്‍ ഗ്രൈാനൈറ്റ് വിരിച്ചും ഡ്രൈനേജുകള്‍ തീര്‍ത്തും അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചും വ്യാപാര സ്ഥാപനങ്ങളിലെല്ലാം മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍ പൂര്‍ത്തീകരിച്ചും തെരുവിപ്പോള്‍ പുതുരൂപത്തിലാണ്. 6.26 കോടി രൂപ ചെലവിലാണ് നവീകരണം.
നവീകരണത്തിന്റെ ഭാഗമായി തെരുവിലെ ഒമ്പത് സ്ഥലങ്ങളില്‍ ഫയര്‍ ഹൈഡ്രന്റ് വാല്‍വുകള്‍ സ്ഥാപിച്ചു. വൈദ്യുതി ലൈനുകളും ടെലിഫോണ്‍ ലൈനുകളും ഭൂഗര്‍ഭ കേബിളുകള്‍ വഴി മാറ്റി സ്ഥാപിച്ചു. തെരുവിലെ ജലവിതരണത്തിനുപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പുകള്‍ മാറ്റി. ഡ്രൈനേജ് സംവിധാനം നവീകരിച്ചു. പുതിയ ശുചിമുറികള്‍ സ്ഥാപിച്ചു. തെരുവില്‍ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കാന്‍ അലങ്കാരവിളക്കുകള്‍ ഒരുക്കി. തെരുവിലെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ എസ് കെ സ്‌ക്വയറില്‍ ഇരിപ്പിടങ്ങളും പ്രവേശന കവാടത്തില്‍ എസ് കെ പൊറ്റക്കാടിന്റെ തെരുവിന്റെ കഥ പറയുന്ന ചുമര്‍ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകളും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കും.
ഇതിലേക്കായി ഡോ. എം കെ മുനീര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിക്കും. നവീകരിച്ച തെരുവിലൂടെ വാഹന ഗതാഗതം പാടില്ലെന്ന ജനകീയ അഭിപ്രായം പരിഗണിച്ച് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഞ്ചരിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഗികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കിടെക്ട് ആര്‍ കെ രമേശാണ് തെരുവിന്റെ നവീകരണത്തിന് രൂപകല്‍പ്പന നിര്‍വഹിച്ചത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.

ഉദ്ഘാടന ചടങ്ങിന് ശേഷം കോഴിക്കോടിന്റെ പ്രിയപ്പെട്ട കഥാകാരന്മാരാരും നാടക-സിനിമാ പ്രവര്‍ത്തകരുമായ ഉറൂബ്, എസ് കെ പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, കെ ടി മുഹമ്മദ്, എന്‍ പി മുഹമ്മദ്, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരെയും അവരുടെ കഥാപാത്രങ്ങളേയും ഓര്‍മകളിലേക്ക് കൊണ്ടുവരുന്ന ദൃഷ്യാവിഷ്‌കാരം അരങ്ങേറും. ഇക്കഴിഞ്ഞ ഫെബ്രുവരി 22ലെ തീപ്പിടുത്തത്തെ തുടര്‍ന്നാണ് കോര്‍പറേഷനും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ചേര്‍ന്ന് മിഠായിത്തെരുവ് സുരക്ഷാക്രമീകരണങ്ങളോടെ നവീകരിക്കുന്നതിന് തീരുമാനിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ ആരംഭിച്ച പ്രവൃത്തിയാണ് പൂര്‍ത്തിയായിരിക്കുന്നത്.