യു എന്‍ അന്വേഷകക്ക് മ്യാന്മറിന്റെ വിലക്ക്

Posted on: December 21, 2017 12:15 am | Last updated: December 20, 2017 at 11:46 pm

യാങ്കൂണ്‍: യു എന്‍ അന്വേഷകക്കെതിരെ കടുത്ത നടപടിയുമായി മ്യാന്മര്‍. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും നിരവധി തവണ മ്യാന്മറില്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത ദക്ഷിണ കൊറിയന്‍ വനിത യാങ്കീ ലീക്കാണ് വിലക്കേര്‍പ്പെടുത്തിയത്. റോഹിംഗ്യകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലീക്ക് വിലക്കേര്‍പ്പെടുത്തിയത്. അടുത്ത മാസം റോഹിംഗ്യ സന്ദര്‍ശിക്കാനിരിക്കയായിരുന്നു ഇവര്‍. റോഹിംഗ്യകളുടെ കൂട്ടക്കുഴിമാടം കണ്ടെത്തുകയും അവരുടെ നാല്‍പ്പതോളം ഗ്രാമങ്ങള്‍ ചുട്ടെരിക്കുകയും ചെയ്ത വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് പ്രതികൂലമായ റിപ്പോര്‍ട്ടുകള്‍ ലീയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മ്യാന്മര്‍ ഭയക്കുന്നുണ്ട്. യാങ്കീ ലീ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ അന്വേഷണം നടത്തില്ലെന്ന ന്യായീകരണമാണ് മ്യാന്മര്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

ലീക്ക് മ്യാന്മറിലേക്ക് പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ച സമാധാന നൊബേല്‍ ജേതാവ് ആംഗ്‌സാന്‍ സൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശമാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നുയരുന്നത്. മ്യാന്മറിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചും റാഖിനെയിലെ റോഹിംഗ്യന്‍വിരുദ്ധ നടപടികളെയും എതിര്‍ത്ത് സംസാരിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും രാജ്യത്ത് നിന്ന് പുറത്താക്കുന്ന ഫാസിസ്റ്റ് നിലപാടാണ് സൂക്കിയുടെ സര്‍ക്കാറിനുള്ളത്.
റാഖിനെയിലെ റോഹിംഗ്യകള്‍ക്കെതിരെ സൈന്യവും സര്‍ക്കാറും നടത്തുന്ന അതിക്രമങ്ങളെ പരാമര്‍ശിച്ചതിനാണ് തനിക്കെതിരെ മ്യാന്മര്‍ ഈ നിലപാട് സ്വീകരിച്ചതെന്ന് ലീ പ്രതികരിച്ചു. ജൂലൈയില്‍ മ്യാന്മര്‍ സന്ദര്‍ശിച്ച ലീ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.
ആഗസ്റ്റ് മുതല്‍ സൈന്യത്തിന്റെയും ബുദ്ധസന്യാസികള്‍ നേതൃത്വം നല്‍കുന്ന വര്‍ഗീയ സംഘടനകളുടെയും നേതൃത്വത്തില്‍ റാഖിനെയില്‍ നടക്കുന്ന വംശഹത്യാ ആക്രമണത്തില്‍ ഒരുമാസത്തിനിടെ ഏഴായിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ ആറര ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തനിക്കുണ്ടായ അനുഭവത്തെ രൂക്ഷമായ ഭാഷയിലാണ് ലീ എതിര്‍ത്തത്. ഇതിന് മുമ്പും യു എന്‍ അന്വേഷണ സംഘത്തിനും പല മാധ്യമ പ്രവര്‍ത്തകര്‍ക്കും മ്യാന്മര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നിട്ടും മ്യാന്മറിലേക്ക് യു എന്‍ അന്വേഷണ സംഘത്തിനെത്താന്‍ സാധിച്ചിട്ടില്ല. റാഖിനെയിലെ പ്രശ്‌ന ബാധിത മേഖലയിലേക്ക് സന്നദ്ധ. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ കാലങ്ങളായി അനുമതി നല്‍കിയിട്ടില്ല. പൂര്‍ണമായും പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന മേഖലയാണ് റാഖിനെ. റാഖിനെയില്‍ നിന്ന് പലായനം ചെയ്തവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ സങ്കീര്‍ണമായ പ്രശ്‌നങ്ങളെ കുറിച്ച് പുറം ലോകം അറിയുന്നത്.