Connect with us

Articles

കളി ഇനി കര്‍ണാടകയിലാണ്‌

Published

|

Last Updated

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ഫലങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധ കര്‍ണാടകയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കര്‍ണാടകയില്‍ ത്രികോണ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ജനതാദള്‍- എസും രംഗത്തുണ്ട്. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയ ജനതാദള്‍- എസിന്റെ നിലപാട് നിര്‍ണായകമാവും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്.

അടുത്ത വര്‍ഷം മെയ് 13നാണ് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. ഗുജറാത്തില്‍ ബി ജെ പി ഭരണം നിലനിര്‍ത്തിയതോടെ കര്‍ണാടക പിടിക്കാനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി ആവിഷ്‌കരിക്കുന്നത്. എന്നാല്‍, ഗുജറാത്തിലും ഹിമാചലിലും ബി ജെ പിക്കുണ്ടായ വിജയം കര്‍ണാടകയില്‍ പ്രതിഫലിക്കുകയില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഉറച്ച പ്രതീക്ഷ. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രിമാരുമാണ് കര്‍ണാടകയില്‍ ബി ജെ പിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മെഹദായി നദീജല തര്‍ക്കത്തിന് പരിഹാരം കാണാനാണ് ബി ജെ പി ശ്രമം. അമിത്ഷായുടെ നിര്‍ദേശ പ്രകാരം സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതോടെ മെഹദായി നദിയില്‍ നിന്ന് കര്‍ണാടകത്തിന് കൂടുതല്‍ വെള്ളം വിട്ടുകിട്ടും. മെഹദായി നദീജലം വീതംവെക്കുന്നത് സംബന്ധിച്ച് ഗോവയും കര്‍ണാടകയും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നതോടെ നോര്‍ത്ത് കര്‍ണാടകയിലെ മുപ്പതോളം സീറ്റുകളില്‍ ബി ജെ പിക്ക് ജയിച്ച് കയറാന്‍ സാധിക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
കര്‍ണാടക നിയമസഭയിലേക്ക് ആകെയുള്ള 224 സീറ്റുകളില്‍ 150 എണ്ണത്തില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ മിഷന്‍ 150 എന്ന പദ്ധതിയുമായാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി എസ് യെദിയൂരപ്പയും കെ എസ് ഈശ്വരപ്പയും തമ്മിലുള്ള വിഭാഗീയതയാണ് പാര്‍ട്ടി നേരിടുന്ന വലിയ വെല്ലുവിളി. പാര്‍ട്ടിയിലെ ഉള്‍പ്പോര് പരിഹരിക്കാതെ മുന്നോട്ട് പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്ന അഭിപ്രായം.
2018 മെയ് 13 മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പാര്‍ലിമെന്ററി ജീവിതത്തിലെ പൊന്‍തൂവലായി അടയാളപ്പെടുത്തും. നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന ഭരണത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന മുഖ്യമന്ത്രിയെന്ന ഖ്യാതി ഇതോടെ സിദ്ധരാമയ്യ സ്വന്തമാക്കും. കര്‍ണാടകയില്‍ 40 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ച് വര്‍ഷം ഭരണകാലാവധി പൂര്‍ത്തിയാക്കുന്നത്. 2008ല്‍ ആദ്യമായി ബി ജെ പി അധികാരത്തിലെത്തിയപ്പോള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരാണ് കര്‍ണാടക ഭരണം കൈയാളിയത്. ഇതിന് മുമ്പ് 1972-77 കാലയളവില്‍ ഭരണം നടത്തിയ മുഖ്യമന്ത്രി ദേവരാജ് അരശാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം അധികാരത്തിലേറിയ സര്‍ക്കാറുകളില്‍ മുഖ്യമന്ത്രിമാര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറേണ്ടിവന്നു.
വരുന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഉയര്‍ത്തിപ്പിടിച്ചാണ് സിദ്ധരാമയ്യയും കോണ്‍ഗ്രസും ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അന്നഭാഗ്യ, ക്ഷീരഭാഗ്യ, ഇന്ദിരാ കാന്റീന്‍, ഇന്ദിരാ ക്ലിനിക് തുടങ്ങിയവ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ക്ഷേമ പദ്ധതികളാണ്. ഭരണകാലാവധി അവസാനിക്കുന്ന മെയ് മാസത്തോടെ സംസ്ഥാനത്ത് അയ്യായിരം സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിന് റിപ്പബ്ലിക് ദിനത്തില്‍ ബെംഗളൂരുവില്‍ തുടക്കമാവും. ആദ്യത്തെ അരമണിക്കൂര്‍ വൈഫൈ സൗജന്യമായി ഉപയോഗിക്കാം. പിന്നീട് നിശ്ചിത ചാര്‍ജ് ഈടാക്കിയാണ് സേവനം ലഭ്യമാക്കുക.
അമ്പതിനായിരം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ തീരുമാനവും സംസ്ഥാനത്തെ സ്വകാര്യാശുപത്രികളിലെ ചികിത്സാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി ബില്‍ നടപ്പാക്കാനുള്ള നടപടികളും ശ്രദ്ധേയമാണ്. ചികിത്സ, മെഡിക്കല്‍ പരിശോധന, തീവ്രപരിചരണ വിഭാഗം, ഓപ്പറേഷന്‍ തിയറ്റര്‍, വെന്റിലേഷന്‍, ബെഡ് ചാര്‍ജ്, ഡോക്ടറുടെ ഫീസ് തുടങ്ങി എല്ലാ ആശുപത്രി നടപടികളുടെയും ഫീസും സര്‍ക്കാര്‍ നിശ്ചയിക്കുന്നതാണ് നിയമം. ഇതോടെ ആശുപത്രികളില്‍ നിന്ന് ചികിത്സ ലഭിക്കേണ്ടത് രോഗികളുടെ അവകാശമായി മാറും. ആശുപത്രികള്‍ക്കെതിരെയുള്ള പരാതികള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ പരാതി പരിഹാര സെല്ലും രൂപവത്കരിക്കും. കഴിഞ്ഞ മാസം ബെല്‍ഗാവിയില്‍ നടന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിലാണ് ബില്‍ പാസാക്കിയത്. അന്ധവിശ്വാസ നിരോധന ബില്‍ പാസാക്കിയതും നടപ്പ് സമ്മേളനത്തിലാണ്.

സംസ്ഥാനത്തിന് മാത്രമായി പതാക നേടിയെടുക്കാന്‍ സിദ്ധരാമയ്യ നടത്തിയ നീക്കവും രാജ്യശ്രദ്ധയാകര്‍ഷിച്ചു. ജമ്മു കാശ്മീരിന് സ്വന്തമായി സംസ്ഥാന പതാക അനുവദിച്ചത് പോലെ കര്‍ണാടക്കും അനുമതി വേണമെന്നായിരുന്നു ആവശ്യം. ഇത് സാധ്യമാണോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒമ്പതംഗ കമ്മിറ്റിക്കും രൂപം നല്‍കിയിരുന്നു. ഔദ്യോഗിക പതാക നേടിയെടുക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. കമ്മിറ്റി മുന്നോട്ടുവെക്കുന്ന ശിപാര്‍ശകള്‍ക്ക് നിയമപരമായ അനുമതി ലഭിച്ചാല്‍ ജമ്മുവിന് പിന്നാലെ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി കര്‍ണാടക മാറും. ബെംഗളൂരുവിലെ മെട്രോ ബോര്‍ഡുകളില്‍ നിന്ന് ഹിന്ദി ഭാഷയിലുള്ള അറിയിപ്പുകള്‍ നീക്കം ചെയ്ത് കന്നഡ ഭാഷാ വികാരം നിലനിര്‍ത്താനും ഇത് മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനും സിദ്ധരാമയ്യ നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടു. 2012ല്‍ ബി ജെ പി ഭരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പ്രത്യേക സംസ്ഥാന പതാക നല്ലതായിരിക്കില്ല എന്ന നിലപാടാണ് അന്ന് ബി ജെ പി സര്‍ക്കാര്‍ സ്വീകരിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇത് അംഗീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാക രൂപവത്കരിക്കാനുള്ള അവകാശം രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നുണ്ടെന്നാണ് സര്‍ക്കാറിന്റെ വാദം. സംസ്ഥാനത്ത് പ്രത്യേക അധികാരം നല്‍കുന്ന 370 വകുപ്പു പ്രകാരമാണ് ജമ്മു കശ്മീരിന് പ്രത്യേക പതാക എന്ന അനുമതി നല്‍കിയത്.
സംസ്ഥാനത്ത് കന്നഡ ഭാഷാ വികാരം ശക്തമാക്കാനുള്ള നീക്കവും ഫലം കണ്ടു. കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരും കന്നഡ പഠിക്കണമെന്ന് തുറന്നുപറഞ്ഞാണ് സിദ്ധരാമയ്യ കന്നഡ വികാരം ആളിക്കത്തിച്ചത്. സംസ്ഥാന രൂപവത്കരണത്തിന്റെ 61-ാം വാര്‍ഷികാഘോഷദിനത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇവിടെ ജീവിക്കുന്നവര്‍ എല്ലാവരും കന്നഡിഗരാണ്. കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാവരും കന്നഡ പഠിക്കണം. അവരുടെ മക്കളേയും പഠിപ്പിക്കണം. മറ്റു ഭാഷകള്‍ പഠിക്കുന്നതിന് താന്‍ എതിരല്ലെന്നും കന്നഡ പഠിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കന്നഡയെ അപമാനിക്കുകയാണ്. കര്‍ണാടകക്കാര്‍ മറ്റ് മനുഷ്യരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. ഞങ്ങള്‍ക്ക് മനുഷ്യത്വമുണ്ട്. പക്ഷേ, കന്നഡയുടെ കാര്യം വരുമ്പോള്‍ ഞങ്ങളത്ര ഉദാരമതികളല്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ബി ജെ പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും എതിര്‍പ്പ് മറികടന്ന് ടിപ്പു ജയന്തി ആഘോഷം ഇത്തവണയും ആഘോഷിച്ചതും സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണങ്ങളിലൊന്നാണ്. നവകര്‍ണാടകയുടെ ശില്‍പികളായ 26 പേരുടെ ജന്മദിനം കര്‍ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്നുണ്ട്. ഇതില്‍ ടിപ്പു ജയന്തി മാത്രം പുറത്തെടുത്ത് വിമര്‍ശിക്കുന്നത് വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണെന്നായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. 2015 മുതലാണ് സര്‍ക്കാര്‍ തലത്തില്‍ ടിപ്പുജയന്തി ആഘോഷം സംഘടിപ്പിച്ചുവരുന്നത്. അപകീര്‍ത്തികരമായി വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് നിയമസഭ തടവിന് ശിക്ഷിച്ച കന്നഡ ടാബ്ലോയ്ഡ് എഡിറ്റര്‍ രവി ബെലഗരെയെ ക്വട്ടേഷന്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാറിന്റെ മറ്റൊരു ധീരമായ തീരുമാനമായാണ് വിലയിരുത്തുന്നത്. തെറ്റ് ആര് ചെയ്താലും ശിക്ഷ നടപ്പാക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ ഇതിലൂടെ നല്‍കുന്നത്. രവിയുടെ ഹായ് ബെംഗളൂരു എന്ന പത്രസ്ഥാപനത്തിലെ സഹപ്രവര്‍ത്തകനായിരുന്ന സുനില്‍ ഹെഗ്ഗാരവള്ളിയെ കൊലപ്പെടുത്തുന്നതിന് പത്രാധിപര്‍ തന്നെ ക്വട്ടേഷന്‍ നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നിലവില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടപ്പോള്‍ അതിനെയൊക്കെ അതിജീവിച്ച് മുന്നേറാന്‍ സിദ്ധരാമയ്യക്ക് കഴിഞ്ഞു. ഭരണം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവര്‍ നടത്തിയ വിമത നീക്കവും അതിജീവിച്ച് മുന്നേറാന്‍ ഈ രാഷ്ട്രീയ ചാണക്യന് സാധിച്ചു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ശ്രീനിവാസ പ്രസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മത്സരത്തിനിറങ്ങിയത് തുടക്കത്തില്‍ ക്ഷീണമേല്‍പ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്നതായിരുന്നു. സിദ്ധരാമയ്യയുടെ തട്ടകമായ മൈസൂരുവിലെ രണ്ട് മണ്ഡലങ്ങളില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യയുടെ തന്ത്രങ്ങളാണ് ഇവിടെ ഫലം കണ്ടത്. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പാര്‍ട്ടി വിടുകയും ബി ജെ പിയില്‍ ചേര്‍ന്ന് മത്സരത്തിനിറങ്ങുകയും ചെയ്ത ശ്രീനിവാസ പ്രസാദിന്റെ ദയനീയ പരാജയം ബി ജെ പി നേതൃത്വത്തില്‍ ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. ആഡംബര വാച്ച് ആരോപണവും ഭൂമി അഴിമതി ആരോപണവുമായി ബി ജെ പി രംഗത്തെത്തിയെങ്കിലും ഇതിനെ മറുവാദങ്ങള്‍ നിരത്തി പ്രതിരോധിക്കാനും കോണ്‍ഗ്രസ് ഐക്യം ഊട്ടിയുറപ്പിക്കാനും സിദ്ധരാമയ്യക്ക് കഴിഞ്ഞു.
എന്നാല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരിലങ്കേഷിന്റെ കൊലപാതകം നടന്ന് മാസം മൂന്ന് കഴിഞ്ഞിട്ടും ഘാതകരെ കണ്ടെത്താന്‍ സാധിക്കാത്തതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഘാതകരെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊലയാളികള്‍ ഇപ്പോഴും കാണാമറയത്താണ്. രാജ്യത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിന് തുമ്പുണ്ടാക്കാന്‍ സാധിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കൂറേക്കൂടി തിളക്കം വര്‍ധിപ്പിക്കാന്‍ സാധിക്കും.

ബെംഗളൂരു നഗരത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്ന സ്റ്റീല്‍ മേല്‍പ്പാലം പദ്ധതി പ്രതിപക്ഷത്തിന്റെയും പൊതുസമൂഹത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാറിന് ഉപേക്ഷിക്കേണ്ടി വന്നത് മറ്റൊരു ന്യൂനതയാണ്. പദ്ധതി സംബന്ധിച്ച് കടുത്ത അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ തങ്ങളുടെ സത്യസന്ധത തെളിയിക്കേണ്ടിവന്നതോടെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെ ജെ ജോര്‍ജിന്റെ ഭാഷ്യം. സ്റ്റീല്‍ മേല്‍പ്പാലം അധികനാള്‍ നിലനില്‍ക്കില്ലെന്നും മറ്റും ചൂണ്ടിക്കാട്ടി പരിസ്ഥിതിവാദികളും അര്‍ബന്‍ ഡെവലപ്‌മെന്റ് വിഭാഗവും എതിര്‍പ്പുയര്‍ത്തിയിരുന്നു. മേല്‍പ്പാലം പദ്ധതിക്കെതിരെ ബി ജെ പി അപവാദപ്രചാരണങ്ങള്‍ നടത്തുകയാണെന്നും പദ്ധതിയില്‍ യാതൊരുഅഴിമതിയും ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയത്. 2010ല്‍ ബി ജെ പി ഭരിച്ചിരുന്ന സമയത്താണ് പദ്ധതിയെക്കുറിച്ച് ആദ്യം പ്രഖ്യാപനം ഉണ്ടായത്. ആ സമയത്തൊന്നും എതിര്‍ക്കാതെ ഇപ്പോള്‍ എതിര്‍ക്കുന്നത് രാഷ്ട്രീയലക്ഷ്യം വെച്ചാണെന്നും 2010ല്‍ പദ്ധതിപ്രഖ്യാപിച്ചപ്പോള്‍ ബി ജെ പി എം എല്‍ എമാരെല്ലാം പിന്തുണച്ചിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ മേല്‍പ്പാലത്തെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രീ പോള്‍ സര്‍വേ. വ്യക്തമായ ഭൂരിപക്ഷത്തോടെയായിരിക്കും കോണ്‍ഗ്രസ് അധികാരമേല്‍ക്കുകയെന്നും സര്‍വേ റിപോര്‍ട്ടില്‍ പറയുന്നു. സീ ഫോര്‍ നടത്തിയ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 225 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 120 മുതല്‍ 132 വരെ സീറ്റുകള്‍ ലഭിക്കാം. ബി ജെ പിക്ക് 60 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കും. ജനതാദള്‍ എസ് 24 മുതല്‍ 30 സീറ്റ് വരെ നേടാം എന്നാണ് സര്‍വേ ഫലം. ചെറുകക്ഷികള്‍ക്ക് ഒന്നു മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിക്കാം. 340 ഓളം നഗരങ്ങളും 550 ഓളം ഗ്രാമങ്ങളും കേന്ദ്രീകരിച്ച് സര്‍വേ നടത്തിയത്. 2018ലേത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും തനിക്ക് രണ്ടാം രാഷ്ട്രീയ ജീവിതം തന്ന മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് തന്നെയായിരിക്കും അവസാനമായി മത്സരിക്കുകയെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest