ലാവ്‌ലിന്‍ കേസ്; ഹൈക്കോടതി വിധിക്കെതിരെ സുധീരന്‍ സുപ്രീം കോടതിയില്‍

Posted on: December 20, 2017 8:41 pm | Last updated: December 20, 2017 at 11:42 pm

ന്യൂഡല്‍ഹി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരനും കേസിലെ രണ്ടാം പ്രതിയായിരുന്ന കെ എസ് ഇ ബി മുന്‍ ചീഫ് അകൗണ്ട് ഓഫീസര്‍ കെ ജി രാജശേഖരനും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.

അഴിമതി കേസില്‍ പിണറായി വിജയനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അഴിമതിക്കേസില്‍ വിചാരണ ചെയ്യാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കാനാവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സുധീരന്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ കക്ഷി അല്ലാത്ത തന്നെ പ്രത്യേക അനുമതി ഹരജി ഫയല്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ സുധീരന്‍ ഹരജി സമര്‍പ്പിച്ചത്. പിണറായിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും വിചാരണ ചെയ്യാതെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുധീരന്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
കേസിലെ രണ്ടാം പ്രതിയും കെ എസ് ഇ ബി മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ കെ ജി രാജശേഖരനും ഇന്നലെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആയിരുന്ന ആര്‍ ശിവരാജന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ക്കൊപ്പം വിചാരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് കെ ജി രാജശേഖരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ പ്രതികളായിരുന്ന പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ ഒരേ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ പരിഗണിച്ച കേസില്‍ വിവിധ പ്രതികളോട് ഹൈക്കോടതിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാനാകില്ലെന്ന് കാട്ടിയാണ് കെ ജി രാജശേഖരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടി ചട്ടം 397ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലാവ്‌ലിന്‍ കരാറിനായി അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍ എന്നിവക്കൊപ്പമാണ് 1996ല്‍ താന്‍ കാനഡ സന്ദര്‍ശിച്ചത്. കാനഡ സന്ദര്‍ശിച്ച സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന പിണറായി വിജയന്‍, മോഹനചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശം ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അനുസരിക്കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്ന് രാജശേഖരന്‍ ഹരജിയില്‍ പറയുന്നു. കാനഡ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് 1997 ഫെബ്രുവരി 10ന് ലാവ്‌ലിന്‍ കരാര്‍ ഒപ്പ്‌വെച്ചത്. കരാര്‍ ഒപ്പ് വെച്ച ഡോ. വി രാജഗോപാലിനെയും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയനെയും മോഹന്‍ചന്ദ്രനെയും കുറ്റവിമുക്തമാക്കിയതായും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ രാജശേഖരന്‍ ചൂണ്ടിക്കാട്ടുന്നു. ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തെ, കേസിലെ പ്രതികളായ കസ്തൂരിരംഗ അയ്യരും ആര്‍ ശിവദാസനും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സി ബി ഐയും ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു. കേസ് ജനുവരി 12ന് സുപ്രീം കോടതി പരിഗണിക്കും.