ദുബൈയില്‍ മഴ മാറുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്‌

Posted on: December 20, 2017 10:39 pm | Last updated: December 20, 2017 at 10:39 pm

ദുബൈ: രണ്ടു ദിവസത്തെ മഴക്ക് ശേഷം ദുബൈയിലും പരിസരങ്ങളിലും മാനം തെളിഞ്ഞു. ജനജീവിതവും ഗതാഗതവും സാധാരണ നിലയിലായി.
മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വെള്ളക്കെട്ട് നീക്കംചെയ്യുന്നത് ഇന്നലെയും തുടര്‍ന്നു. അഴുക്കുചാല്‍ സംവിധാനങ്ങളില്‍കൂടിയും ടാങ്കറുകളില്‍ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചു വെള്ളം വലിച്ചെടുത്തും പാതകള്‍ വൃത്തിയാക്കി.

റാസ് അല്‍ ഖൈമ, ജബല്‍ ജൈസ് മലകള്‍, ദിബ്ബ, ഖോര്‍ഫുകാന്‍, ദദ്‌ന, ഗയാതി, അല്‍ ദഫ്‌റ, റുവൈസ്, ഫുജൈറ എന്നിവിടങ്ങളിലും ദുബൈ സംഘം സേവനത്തിനെത്തി.
ഷാര്‍ജയില്‍ ദുരിതമേഖലകളിലെ താമസക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അല്‍ വാഹ താമസമേഖലയിലെ 167 പേരെ മാറ്റിപ്പാര്‍പിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളെ താമസിപ്പിക്കാന്‍ ഫുജൈറയിലും അപാര്‍ട്‌മെന്റുകള്‍ സജ്ജമാക്കി. താമസക്കാരെ ബസുകളില്‍ സ്‌കൂളുകളില്‍ എത്തിച്ച് അവിടെനിന്നാണ് ഹോട്ടലുകളിലേക്കും മറ്റും മാറ്റിയത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നു ഷാര്‍ജയിലെ ദുരിതനിവാരണ വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ബ്രിഗേഡിയര്‍ അബ്ദുല്ല മുബാറക് ബിന്‍ അമര്‍ പറഞ്ഞു. യഥാസമയം വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും വിവിധ മേഖലകള്‍ക്കായി പ്രത്യേക സമിതി രൂപീകരിച്ചു. മഴയും കാറ്റും ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ച മേഖലകളില്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കി.