അന്താരാഷ്ട്ര ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ ദുബൈ വിദ്യാര്‍ഥിക്ക് വെങ്കലം

Posted on: December 20, 2017 8:31 pm | Last updated: December 20, 2017 at 8:31 pm

ദുബൈ: നെതര്‍ലാന്‍ഡില്‍ നടന്ന അന്താരാഷ്ട്ര ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ ദുബൈയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെങ്കലം. ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന കൗഷിക് മുരുകനാണ് മറ്റ് 54 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പിന്തള്ളി വെങ്കലം കരസ്ഥമാക്കിയത്. ജലവും സുസ്ഥിരതയും എന്ന വിഷയത്തില്‍ ഊന്നിയ ചോദ്യങ്ങള്‍ക്ക് മികച്ച രീതിയില്‍ ഉത്തരങ്ങള്‍ നല്‍കിയാണ് കൗശിക് മികവ് പുലര്‍ത്തിയത്.

15 വയസിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഏര്‍പെടുത്തുന്ന സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഒളിമ്പിയാഡില്‍ ഒരു രാജ്യത്ത് നിന്ന് ആറ് കുട്ടികള്‍ വീതമുള്ള മത്സരാര്‍ഥികളാണ് പങ്കെടുക്കുക. വിവിധ രാജ്യങ്ങളില്‍ വെച്ചാണ് ഓരോ വര്‍ഷവും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് നടന്ന മത്സരത്തിലും കൗഷിക് വെങ്കലം നേടിയിരുന്നു.