ഇനി ശബ്ദതാരാവലിയില്‍ അഴിമതി എന്ന വാക്കേ ഉണ്ടാവില്ല; ജേക്കബ് തോമസിനെതരെയുള്ള നടപടിയെ വിമര്‍ശിച്ച് അഡ്വ.ജയശങ്കര്‍

Posted on: December 20, 2017 1:50 pm | Last updated: December 20, 2017 at 1:51 pm

സര്‍ക്കാറിനെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ ഡിജിപി ജേക്കബ് തോമസിനെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്റ് ചെയ്ത നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാഷ്ട്ടീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ നിലപാടറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

യാതൊരു സമ്മര്‍ദ്ദത്തിനും സ്വാധീനത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഡോ ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ വളരെ കുറച്ചുകാലമേ അദ്ദേഹത്തിന് കാക്കി യൂണിഫോം ഇടാന്‍ കഴിഞ്ഞിട്ടുളളൂ. എറണാകുളം നഗരത്തില്‍ സമ്പന്നര്‍ കുടിച്ചു കൂത്താടുന്ന രാമവര്‍മ്മ ക്ലബ് റെയ്ഡ് നടത്തിയതിനാണ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് തെറിപ്പിച്ചത്. പിന്നെ വനിതാ കമ്മീഷന്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിത്യാദി സ്ഥാപനങ്ങളിലാണ് നിയമനം ലഭിച്ചത്.

രമേശ് ചെന്നിത്തലയാണ് ജേക്കബ് തോമസിനെ വിജിലന്‍സ് എഡിജിപി ആക്കിയത്. മാണിസാറിനെതിരെ കേസെടുത്തപ്പോള്‍ അവിടെനിന്നും പൊക്കി ഫയര്‍ഫോഴ്‌സ് മേധാവിയാക്കി. നിയമവിരുദ്ധമായി ഫ്‌ലാറ്റു നിര്‍മ്മിച്ചവര്‍ക്ക് ചഛഇ കൊടുക്കാഞ്ഞതു കൊണ്ട് അവിടെ നിന്ന് ഓടിച്ചു.

വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു കൊണ്ട് ഇപ്പോഴുത്തെ ഇടതു സര്‍ക്കാര്‍ ജേക്കബ് തോമസിനെ തിരിച്ചു കൊണ്ടുവന്നു. പക്ഷേ, സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവും വന്നില്ല. ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ വിജിലന്‍സ് കേസെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഐഎഎസ് ഏമാനന്മാര്‍ മുതല്‍ ഹൈക്കോടതി ജഡ്ജി വരെ കോപിച്ചു. അങ്ങനെ വിജിലന്‍സില്‍ നിന്ന് ഐഎംജിയിലേക്കു മാറ്റപ്പെട്ടു.

ഇപ്പോഴിതാ, സസ്‌പെന്‍ഷനുമായി. അഴിമതിക്കെതിരെ നടപടി എടുത്തതിനല്ല, ക്രമസമാധാന നിലയെ പറ്റി അത്ര അഭിനന്ദനപരമല്ലാത്ത അഭിപ്രായം രേഖപ്പെടുത്തിയതിനാണ് ഈ ബഹുമതി.

അധികം വൈകാതെ കുറ്റപത്രം കൊടുക്കും, സര്‍വീസില്‍ നിന്ന് പിരിച്ചു വിടും. എന്നിട്ട് സഖാവ് ടോമിന്‍ തച്ചങ്കരിയെ വിജിലന്‍സ് ഡയറക്ടറായും ടോം ജോസിനെ ചീഫ് സെക്രട്ടറിയായും നിയമിക്കും.

പിന്നെ, ശബ്ദതാരാവലിയില്‍ അഴിമതി എന്ന വാക്കേ ഉണ്ടാവില്ല.