ആരാധനാലയ നിര്‍മാണം: നിയമതടസ്സം നീക്കുമെന്ന് മന്ത്രി കെ ടി ജലീല്‍

Posted on: December 19, 2017 11:09 pm | Last updated: December 19, 2017 at 11:12 pm

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നതിന് നിലവിലുള്ള നിയമതടസ്സം എത്രയും വേഗം നീക്കുമെന്ന് തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി അനുമതി ലഭിക്കാതെ നിരവധി ആരാധനാലയങ്ങള്‍ നിലവിലുണ്ട്.

സ്വാതന്ത്ര്യത്തിന് മുമ്പ് ഇത്തരമൊരു അവസ്ഥ നിലവിലുണ്ടായിരുന്നു. അതിന് മാറ്റം വന്നതാണ്. എന്നാല്‍ ഇടക്കാലത്ത് ഈ വ്യവസ്ഥ വീണ്ടും പ്രാബല്യത്തില്‍ വന്നത് ഏറെ നിയമപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ടെന്ന കാര്യം സര്‍ക്കാറിന് ബോധ്യമുണ്ട്. ഇതിന് ഉടനെ മാറ്റം വരും. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ഇതര സമൂഹങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ-പിന്നാക്ക സമുദായങ്ങളെയും ശാക്തീകരിക്കുന്നതിന് ആവശ്യമായ കൂടുതല്‍ കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള കോച്ചിംഗ് സെന്ററുകള്‍ നിലവിലുള്ളതിന് പുറമെ എല്ലാ ജില്ലകളിലും അധികമായി ഒന്നൂകൂടി പ്രവര്‍ത്തനമാരംഭിക്കും. ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നതിന് നിലവിലുള്ള നിയമതടസ്സം എത്രയുംവേഗം നീക്കുമെന്നും മന്ത്രി പറഞ്ഞു.