Connect with us

Kasargod

കാട്ടാനകള്‍ വീണ്ടും ജനവാസകേന്ദ്രത്തില്‍

Published

|

Last Updated

കാട്ടാനക്കൂട്ടം തെങ്ങ് നശിപ്പിച്ച നിലയില്‍

കാസര്‍കോട്: കര്‍ഷകകുടുംബങ്ങളുടെ നെഞ്ചില്‍ കനല്‍ കോരിയിട്ട് കാനത്തൂരില്‍ വീണ്ടും കാട്ടാനകളുടെ പരാക്രമം. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് ജനവാസകേന്ദ്രത്തില്‍ ആനകള്‍ സൈ്വര്യവിഹാരം നടത്തുന്നത്.

കഴിഞ്ഞ ദിവസം രാത്രി കാനത്തൂര്‍ പള്ളത്തുങ്കാലില്‍ എത്തിയ കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലെ നിരവധി മരങ്ങളാണ് തകര്‍ത്തത്.
മോഹനന്‍ നായരുടെ തെങ്ങും കവുങ്ങുകളും നശിപ്പിച്ചു. ആനകളെത്തിയ വിവരം വനപാലകരെ അറിയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വനാതിര്‍ത്തിയില്‍ പുലരും വരെ തീ കൂട്ടിയാണ് ആനകളെ വീണ്ടും തോട്ടത്തിലേക്ക് ഇറങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. കഴിഞ്ഞ ദിവസം കുണ്ടുംകാലില്‍ നിരവധി കവുങ്ങുകളും നശിപ്പിച്ചിരുന്നു.

 

 

നാലുദിവസം മുമ്പാണ് അഞ്ചിലേറെ വരുന്ന കാട്ടാനകള്‍ നാട്ടിലിറങ്ങി തുടങ്ങിയത്. ഒരു ദിവസം രാത്രി വനപാലകര്‍ വന്ന് പുലരും വരെ ആനയെ കാട്ടിലേക്ക് വിരട്ടിയോടിച്ചിരുന്നു. പിന്നീട് വീണ്ടും ആനകള്‍ നാട്ടിലേക്ക് ഇറങ്ങുകയായിരുന്നു. നെയ്യങ്കയം, കാനത്തൂര്‍, കയ, മൂടേംവീട്, കുണ്ടൂച്ചി, കൊട്ടംകുഴി ഭാഗങ്ങളില്‍ ഒട്ടേറെ കവുങ്ങുകളും വാഴകളും നശിപ്പിച്ചു. നെയ്യംകയത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാണ് സ്‌കൂളിലേക്ക് കുട്ടികളെത്തുന്നത്.