പുതുവത്സരത്തിന് ജലയാനങ്ങള്‍ ഒരുങ്ങി

Posted on: December 19, 2017 8:40 pm | Last updated: December 19, 2017 at 8:40 pm

ദുബൈ: ബുര്‍ജ് അല്‍ അറബിലെയും ബുര്‍ജ് ഖലീഫയിലെയും പുതുവത്സരാഘോഷങ്ങള്‍ തത്സമയം കാണാന്‍ ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അവസരമൊരുക്കും. വാട്ടര്‍ ബസ്, ദുബൈ ഫെറി, അബ്ര എന്നീ ജലഗതാഗതസംവിധാനങ്ങള്‍ പുതുവത്സരാഘോഷം കാണാന്‍ സന്ദര്‍ശകര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തും. ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങള്‍ക്കുപുറമെ അറ്റ്‌ലാന്റിസ്, വാട്ടര്‍ കനാല്‍ എന്നിവിടങ്ങളിലെയും പുതുവത്സരാഘോഷം ഇത്തരത്തില്‍ കാണാം.

ഈ സേവനങ്ങള്‍ ലഭ്യമാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 8009090 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയോ 050-7932662 എന്ന വാട്‌സ്ആപ് നമ്പര്‍ വഴിയോ ആര്‍ ടി എയുമായി ബന്ധപ്പെടാം. ദുബൈ ഫെറി സര്‍വീസ് ഡിസംബര്‍ 31-ന് രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ 1.30 വരെയും വാട്ടര്‍ ബസും അബ്രയും രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 1.30 വരെയും സര്‍വീസ് നടത്തും. മറീന മാളിലെ ടെറസ്, പ്രൊമെനിഡ് സ്റ്റേഷനുകളില്‍നിന്നാണ് വാട്ടര്‍ ബസ് സര്‍വീസ്. ഒരാള്‍ക്ക് 125 ദിര്‍ഹമാണ് നിരക്ക്. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.

മറീന മാള്‍ സ്റ്റേഷന്‍, ഗുബൈബ സ്റ്റേഷന്‍, ഫെസ്റ്റിവല്‍ സിറ്റി സ്റ്റേഷന്‍, ശൈഖ് സായിദ് റോഡ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നാണ് ദുബൈ ഫെറി സര്‍വീസ് തുടങ്ങുന്നത്. ഗോള്‍ഡ് ക്ലാസിനു 450 ദിര്‍ഹവും സില്‍വര്‍ ക്ലാസിനു 300 ദിര്‍ഹവുമാണ് നിരക്ക്. കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

ഫെസ്റ്റിവല്‍ സിറ്റി, ഗുബൈബ, ജദ്ദാഫ് സ്റ്റേഷനുകളില്‍ നിന്നുമാണ് അബ്ര പുറപ്പെടുന്നത്. ഒരാള്‍ക്ക് 125 ദിര്‍ഹമാണ് അബ്രയിലെ നിരക്ക്. പുതുവത്സരാഘോഷങ്ങളുടെ പകിട്ട് മുഴുവന്‍ നേരില്‍കാണാനും തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം പുതുവത്സരത്തെ വരവേല്‍ക്കാനും ഈ സംരംഭം അവസരമാകും.