പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സര്‍ക്കാര്‍

Posted on: December 19, 2017 12:09 pm | Last updated: December 19, 2017 at 12:51 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്നും ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രിയുടെ പരിപാടി തയാറാക്കുന്നത് അദ്ദേഹത്തിന്റെ കാര്യാലയമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സ്ഥലമോ തീയതിയോ തീരുമാനിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു പങ്കും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

രാജ്ഭവനില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രിയെ തിരികെ അയയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം ബിജെപി ഇടപെടല്‍ മൂലമാണ് ഒഴിവായതെന്നും ബിജെപി വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു.

ഉച്ചയക്ക് രണ്ട് മണിയോടെയാണ് ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി കേരളത്തിലെത്തുക.

കന്യാകുമാരിയിലും,പൂന്തുറ തീരത്തെത്തുന്ന പ്രധാനമന്ത്രി ഓഖി ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.