ഗുജറാത്തിലേത് തിളക്കം കുറഞ്ഞ വിജയം

Posted on: December 19, 2017 6:58 am | Last updated: December 18, 2017 at 11:04 pm

ഗുജറാത്തില്‍ ബി ജെ പിയുടെ അടിത്തറക്ക് കാര്യമായ ഇളക്കം തട്ടിയിരിക്കുന്നുവെന്നാണ് നിയമസഭാ തിരഞ്ഞടുപ്പ് ഫലം നല്‍കുന്ന വ്യക്തമായ സൂചന. സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം തവണയും ഭരണം കൈപിടിയൊലൊതുക്കിയെങ്കിലും സീറ്റുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ കുത്തനെ ഇടിഞ്ഞു. 182 അംഗ നിയമസഭയില്‍ 99 സീറ്റാണ് ബി ജെ പിക്ക് ലഭിച്ചത്. സംസ്ഥാനത്ത് 150 സീറ്റുകള്‍ നേടുമെന്നായിരുന്നു അമിത്ഷായുടെ വീമ്പ്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ 66-ല്‍ നിന്ന് 77-ലേക്ക് കുതിക്കുകയും ചെയ്തു. ദക്ഷിണ ഗുജറാത്തിലും ഉത്തര ഗുജറാത്തിലും ബി ജെ പി മുന്നേറ്റം നടത്തിയപ്പോള്‍ കാര്‍ഷിക മേഖലയായ സൌരാഷ്ട്ര, കച്ച് മേഖലയില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം.

അതേസമയം, ഹിമാചല്‍ പ്രദേശിലെ 68 അംഗ നിയമസഭയില്‍ 44 സീറ്റുകള്‍ നേടി അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം ബി ജെ പി ഭരണം പിടിച്ചു. നോട്ട് നിരോധവും ജി എസ് ടിയും സൃഷ്ടിച്ച വെല്ലുവിളികള്‍ മറികടന്ന് ഇരുസംസ്ഥാനത്തിലും വിജയം കൈവരിക്കാനായത് നരേന്ദ്ര മോദിക്കും ബി ജെ പിക്കും ആശ്വാസകരമാണെങ്കിലും ബി ജെ പിക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി രംഗത്ത് വന്ന ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയുടെയും അല്‍പേഷ് താക്കൂറിന്റെയും വിജയം അവര്‍ക്ക് കടുത്ത തിരിച്ചടിയാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസിന് കരുത്തു പകര്‍ന്ന ഒ ബി സി നേതാവ് അല്‍പേഷ് താക്കൂറും ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയും നിയമസഭയിലെത്തിയതും ബി ജെ പിക്ക് തിരിച്ചടിയാണ്.

ഗുജറാത്തില്‍ നില ഏറെ മെച്ചപ്പെടുത്താനായത് കോണ്‍ഗ്രസിനും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച രാഹുല്‍ ഗാന്ധിക്കും കരുത്തും ഊര്‍ജവും പകരുന്നതാണ്. ഗുജറാത്തില്‍ ക്യാമ്പ്് ചെയ്ത് രാഹുല്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്തുവെന്ന് ഫലം വ്യക്തമാക്കുന്നു. അനിഷേധ്യനായി കുതിച്ചിരുന്ന മോദിയെ ഒരു പരിധി വരെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ രാഹുലിന് കഴിഞ്ഞു. രാഹുല്‍ നേതൃത്വം ഏറ്റെടുത്തതോടെ പുതിയ ഉണര്‍വുണ്ടായ കോണ്‍ഗ്രസിന് ഗുജറാത്ത് ഫലം ആത്മവിശ്വാസമേകും. ബി ജെ പിയെ പിടിച്ചു കെട്ടിയതില്‍ പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേലിനുമുണ്ട് ചെറുതല്ലാത്ത പങ്ക്. ഹര്‍ദികിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ കണ്ട വന്‍ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ ജനസമ്മിതി വിളിച്ചോതുന്നു. ഈ യുവ നേതാവിന്റെ മുന്നേറ്റം തടയാന്‍ ബി ജെ പി എല്ലാ അടവുകളും പയറ്റിയിരുന്നെങ്കിലും വിഫലമായി. ശക്തനായ ഒരു യുവ നേതാവിന്റെ ഉദയമായാണ് ഹര്‍ദിക് പട്ടേലിന്റെ വിജയത്തെ വിലയിരുത്തപ്പെടുന്നത്.

ഭരണം നിലനിര്‍ത്തിയെങ്കിലും മുന്‍തിരഞ്ഞെടുപ്പുകളിലേത് പോലെ അനായാസമായിരുന്നില്ല ഗുജറാത്തില്‍ ബി ജെ പിയുടെ വിജയം. 2012 ല്‍ 115 പേരെ വിജയിപ്പിച്ച പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം നൂറില്‍ താഴെയാണ്. ഇവയില്‍ തന്നെ പല മണ്ഡലങ്ങളും ബി ജെ പി നിലനിര്‍ത്തിയത്് കുറഞ്ഞ ഭൂരിപക്ഷത്തിനാണ്. വോട്ടെണ്ണലിനിടെ ഒരവസരത്തില്‍ കോണ്‍ഗ്രസ് ബി ജെ പിയെ മറികടന്നത് ബി ജെ പിക്കുണ്ടായ ശക്തിക്ഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തിയും പണം വാരിയെറിഞ്ഞും സമീപ കാല തിരഞ്ഞെടുപ്പുകളിലൊന്നും കാണാത്ത ശക്തമായ പ്രചാരണമാണ് ബി ജെ പി ഗുജറാത്തില്‍ നടത്തിയത്. മോദിയും ഡസനിലധികം കേന്ദ്രമന്ത്രിമാരും ഇവിടെ നിരന്തരം പ്രചാരണത്തിനിറങ്ങി. മോദി മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് അടിക്കടി ഗുജറാത്തിലെത്തി ജനങ്ങളെ കൈയിലെടുക്കാന്‍ അടവുകള്‍ പതിനെട്ടു പയറ്റി. തിരഞ്ഞെടുപ്പ് കമ്മീഷനും മോദിക്ക് ഒത്താശ ചെയ്‌തെന്ന് ആക്ഷേപമുണ്ടായി. എന്നിട്ടും ജനവികാരം പ്രതികൂലമാണെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി അവസാന ഘട്ടത്തില്‍, തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്റെ ഇടപെടല്‍ ഉണ്ടെന്ന പ്രസ്താവനയിലൂടെ അത്യന്തം ഹീനമായ പ്രചാരണ തന്ത്രം പുറത്തെടുത്തു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നത് ഇതാദ്യമാണ്. ഇതൊക്കെയായിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകളില്‍ ഗണ്യമായ കുറവ് വന്നത് അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി ഗുജറാത്ത് ഫലത്തെ കാണുന്ന മോദിയെയും പാര്‍ട്ടിയെയും ആകുലപ്പെടുത്താതിരിക്കില്ല. ബി ജെ പി നേതാവ് കൈലാഷ് വിജയിന്റെ പ്രതികരണത്തില്‍ നിന്ന് ഇത് വായിച്ചെടുക്കാവുന്നതാണ്. ‘നല്ല പ്രചാരണമാണ് നടത്തിയതെങ്കിലും ബി ജെ പിയുടെ ആശയങ്ങള്‍ സംസ്ഥാനത്തിന്റെ എല്ലാ കോണിലും എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് കാഴ്ചവെച്ച അപ്രതീക്ഷിത മുന്നേറ്റത്തെക്കുറിച്ച് പാര്‍ട്ടി വിശകലനം നടത്തു’മെന്നും കൈലാഷ് വിജയ് പറയുന്നു. ‘ഗുജറാത്ത് മാതൃക’എന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ചാണ് ബി ജെ പി കഴിഞ്ഞ തിരഞ്ഞടുപ്പുകളെ അഭിമുഖീകരിച്ചത്. അതിനുള്ള അവസരം ഈ തിരഞ്ഞെടുപ്പോടെ നഷ്ടമായി. യു പിയിലേത് പോലെ ഗുജറാത്തിലും വോട്ടിംഗ് മെഷീനില്‍ ചില കളികള്‍ നടന്നിട്ടുണ്ടെന്നും അല്ലെങ്കില്‍ ബി ജെ പിക്ക് ഭരണം നഷ്ടമാകുമായിരുന്നെന്നും വിലയിരുത്തുന്നവരുമുണ്ട് രാഷ്ട്രീയ നിരീക്ഷകരില്‍.