നഗര പിന്തുണയില്‍ ഭരണവിരുദ്ധ വികാരം മറികടന്ന് ഗുജറാത്തില്‍ ബി ജെ പി

Posted on: December 18, 2017 2:01 pm | Last updated: December 18, 2017 at 3:49 pm

ഗ്രാമങ്ങളിലുള്‍പ്പടെ ഗുജറാത്തില്‍ അലയടിച്ച ഭരണ വിരുദ്ധ വികാരങ്ങളെ നഗര പിന്തുണയില്‍ മറകടന്ന് ബി ജെ പി ആറാം ഊഴത്തിന് ജനഹിതം നേടിയിരിക്കുന്നു. ഭരണവിരുദ്ധ വികാരവും, ഫാസിസത്തിനതിരായ യുവതലമുറയുടെ ചെറുത്തുനില്‍പ്പും മറികടന്ന് രണ്ടുപതിറ്റാണ്ടിനിപ്പുറവും ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബി ജെ പിയെ സഹായിച്ചത് പാര്‍ട്ടി ആസൂത്രിതമായി പരീക്ഷിച്ച ഭയത്തിന്റെ രാഷ്ട്രീയം.

ഒപ്പം ഗുജറാത്തിന്റെ ഗ്രാമങ്ങളില്‍ പ്രകടമായി കണ്ട സര്‍ക്കാറിനോടുള്ള അസംതൃപ്തി നഗരപിന്തുണയോടെ മറികടക്കാന്‍ കഴിഞ്ഞതും ചെറിയ നഷ്ടത്തോടെയാണെങ്കിലും ബി ജെ പിക്ക് മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ സഹായകമായി.
തിരഞ്ഞെടുപ്പ് ഫലത്തിന്റ ആദ്യഘട്ടങ്ങളില്‍ കിതച്ച ബി ജെ പി അവസാന ഘട്ടത്തില്‍ തിരിച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്. ബി ജെ പി ക്യാമ്പുകളെ ഞെട്ടിച്ച ഫലത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിഫലിച്ചത് ഗ്രാമങ്ങളുടെ തിരിച്ചറിവും, ചെറുത്തു നില്‍പ്പുമായിരുന്നു. പിന്നീട് നഗരങ്ങളിലെ പിന്തുണയോടയാണ് ബി ജെ പി ഇതിനെ മറികടന്നത്.

പശ്ചിമ രാജ്‌കോട്ടില്‍ മുഖ്യമന്ത്രി വിജയ് രൂപാനിയും, മെഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലും ഏറെ വിയര്‍ത്താണ് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുട നാടായ ഭട്‌നഗറിലെ അഞ്ച് തവണ എം എല്‍ എ ആയിരുന്ന നാരായണ്‍ ഭായ് പട്ടേലിന മറികടന്ന് കോണ്‍ഗ്രസിന്റ ആശാ പട്ടേലിന്റെ വിജയവും, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മുന്നേറ്റവും, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നാടായ ഭാവ്‌നഗറില്‍ ബി ജെ പി നേതാവ് ജിത്തുഭായ് വഖാനിയുടെ പരാജയവും കോണ്‍ഗ്രസിനും, ഹര്‍ദിക്- ജിഗ്നേഷ്- അല്‍പേഷ് കൂട്ടുകട്ടിനും പുത്തന്‍ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ ഒപ്പം സൗരാഷ്ട്രയും, കച്ച് മേഖലയും തങ്ങളുടെ സര്‍ക്കാറിനെതിരായ അസംതൃപ്തി ബാലറ്റിലൂടെ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

വികസനം പ്രചാരണ വിഷയമാകാതിരിക്കാന്‍ ശ്രമിച്ചതോടൊപ്പം വൈകാരികമായും, പ്രദേശികമായും മതപരമായും ജനങ്ങളെ ഇളക്കി വിട്ടാണ് ശക്തമായ പോരാട്ടത്തില്‍ ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വികസനം ഉയര്‍ത്തിക്കാട്ടി ജനങ്ങളിലേക്കിറങ്ങാന്‍ കഴിയില്ലെന്ന് ബോധ്യമായതോടയാണ് ബി ജെ പിയും നരേന്ദ്രമോദിയും മതവും ജാതിയും പ്രാദേശിക വികാരവും ആയുധമാക്കിയത്. ആദ്യഘട്ടത്തില്‍ വികസനം പറയാന്‍ ശ്രമിച്ചങ്കിലും ഫലമില്ലെന്ന് കണ്ടെന്നാണ് പ്രചാരണ വിഷയം ജാതിയിലേക്കും മതത്തിലേക്കും മാറ്റിയത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പാകിസ്ഥാന്‍ ഇടപെടലെന്ന പരാമര്‍ശത്തിലൂടെ പ്രദേശി നിലവാരത്തിലേക്ക് താഴ്ന്ന പ്രധാനമന്ത്രിയും ജിഗ്നേഷ് മേവാനി മുസ്‌ലിം സ്ത്രീയെ വിവാഹം കഴിക്കും മുസ്‌ലിംകള്‍ ജാഗ്രതയോടെയിരിക്കുക എന്ന് മുസ്‌ലിംകള്‍ക്കിടയിലും, ജിഗ്നേഷിന്റെ കാമുകി മുസ്‌ലിം സ്ത്രീയാണെന്ന് ഹിന്ദുക്കള്‍ക്കിടയിലും പ്രചാരണവും ബി ജെ പിയുടെ പരാജയ ഭീതി വ്യക്തമാക്കുന്നതായിരുന്നു.