ഇന്ന് ‘റൈറ്റ് സഹോദര’ ദിനം

Posted on: December 17, 2017 1:36 pm | Last updated: December 17, 2017 at 1:36 pm

വാഷിംഗ്ടണ്‍: ഡിസംബര്‍ 17 റൈറ്റ് സഹോദരന്മാരുടെ ദിവസമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 1903 ഡിസംബര്‍ 17ന് റൈറ്റ് സഹോദരന്‍മാരായ ഓര്‍വിലും വില്‍ബറും ആദ്യ വിമാനം പറത്തിയതിന്റെ 114ാം വാര്‍ഷികമാണ് ഇന്ന്. അതിന്റെ ഓര്‍മക്കായാണ് ഈ ദിവസം റൈറ്റ് സഹോദര ദിവസമായി പ്രഖ്യാപിച്ചത്. ഈ ദിനത്തില്‍ രണ്ട് അമേരിക്കന്‍ വൈമാനികരെയും രാഷ്ട്രം ആദരിക്കുകയാണെന്ന് പ്രഖ്യാപനം നടത്തി ട്രംപ് പറഞ്ഞു.

നോര്‍ത്ത് കരോനിലയിലെ കിറ്റി ഹോക് ബീച്ചിലായിരുന്നു ആ ചരിത്ര പറക്കല്‍. ലോകത്താദ്യമായി വായുവില്‍ നിയന്ത്രിക്കാവുന്ന വിമാനം നിര്‍മിച്ചത് റൈറ്റ് സഹോദരന്മാര്‍ എന്നറിയപ്പെടുന്ന വില്‍ബര്‍ റൈറ്റും ഓര്‍വില്‍ റൈറ്റുമാണ്. ഇരുവരും ചേര്‍ന്ന് നിര്‍മിച്ച വിമാനം 1903 ഡിസംബര്‍ 17ന് ഉച്ചക്ക് 12ന് 52 സെക്കന്റ് നേരം വായുവില്‍ പറന്നു. ഏകദേശം 852 അടി ദൂരമാണ് വിമാനം സഞ്ചരിച്ചത്. എയര്‍പ്ലെയിനിനേക്കാള്‍ ഭാരം കൂടിയതും യന്ത്രത്താല്‍ നിയന്ത്രിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ആദ്യ വിമാനമായിരുന്നു അത്.
ഓര്‍വില്‍ വിമാനത്തില്‍ പറന്നുയരുകയും വില്‍ബര്‍ വിമാനത്തോടൊപ്പം ഓടുകയും ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തം ജീവന്‍ രക്ഷാകേന്ദ്രത്തിലുണ്ടായിരുന്ന ജോണ്‍ ഡാനിയല്‍സ്, നേരത്തെ തയ്യാറാക്കി വെച്ച ക്യാമറയില്‍ പകര്‍ത്തിച്ചെു.

ചാടിയും കുലുങ്ങിയുമാണ് വിമാനം പറന്നത്. 120 അടി അകലെ വിമാനം മണ്ണില്‍ തലകുത്തുന്നത് വരെ ഓര്‍വില്‍ അതിനെ നിയന്ത്രിച്ചുനിര്‍ത്തി. മണിക്കൂറില്‍ 27 മൈല്‍ വേഗത്തില്‍ വീശിയ കാറ്റിന്റെ സഹായത്തോടെ പറന്ന വിമാനത്തിന്റെ പ്രതല വേഗം മണിക്കൂറില്‍ 6.8 മൈലും വായു വേഗം മണിക്കൂറില്‍ 34 മൈലുമായിരുന്നു. നിയന്ത്രണ സംവിധാനങ്ങളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പുവരുത്തി റൈറ്റ് സഹോദരന്മാര്‍ ആ ദിവസം തന്നെ മൂന്ന് തവണ കൂടി വിമാനം പറത്തി. നാലാമത്തെ പറപ്പിക്കല്‍ 59 സെക്കന്റില്‍ 852 അടി ദൂരം വരെ എത്തിയിരുന്നു.