കൊതുകു ജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

Posted on: December 17, 2017 1:18 pm | Last updated: December 17, 2017 at 1:18 pm

തിരുവനന്തപുരം: മഴ ഇടവിട്ടു പെയ്യുന്നതിനാല്‍ കൊതുകു ജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മഴവെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ വെള്ളം കെട്ടിനല്‍ക്കാന്‍ അനുവദിക്കരുത്.

തീര പ്രദേശങ്ങളില്‍ ഉപയോഗ ശൂന്യമായതും മത്സ്യബന്ധനത്തിന് പോകാത്തതുമായ വള്ളങ്ങളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാന്‍ സാധ്യതയുള്ളതിനാല്‍ വള്ളങ്ങള്‍ കമഴ്ത്തിവക്കുകയോ മഴവെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുകയോ വേണം. ടെറസ്സ്്, സണ്‍ഷൈയ്ഡ് എന്നിവിടങ്ങളിലെ ചവറുകള്‍ നീക്കി വെള്ളം കഴുക്കിക്കളയുക. വിവിധ ആവശ്യങ്ങള്‍ക്കായി ടാര്‍പോളിന്‍ ഉപയോഗിക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ചിരട്ടകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയരുത്. കിണറുകള്‍ വല ഉപയോഗിച്ച് മൂടുക. കക്കൂസിന്റെ വെന്റ് പൈപ്പുകള്‍ വലകൊണ്ട് മൂടുകയും കക്കൂസ് സ്ലാബുകളിലെ വിടവുകള്‍ കൊതുകു കടക്കാത്തവിധം നികത്തുകയും ചെയ്യുക. ആഴ്ചയില്‍ ഒരു ദിവസം വീടും പരിസരവും വൃത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.