Connect with us

National

ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന് ;ജയിക്കുന്നവര്‍ക്ക് പരമ്പര

Published

|

Last Updated

വിശാഖപ്പട്ടണം: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ജയിച്ച് ഇരു ടീമുകളും സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

ധരംശാലയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ കനത്ത പരാജയമേറ്റുവാങ്ങിയപ്പോള്‍ മൊഹാലി യില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ കണക്കു തീര്‍ത്തിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ 141 റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്.

ടെസ്റ്റ് പരമ്പര കൈവിട്ട ലങ്കക്ക് ഏകദിന പരമ്പര ജയിക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം ആവേശമാകും.

2015 ഒക്ടോബറില്‍ ദക്ഷിണാഫിക്കക്കെതിരായ പരമ്പര നഷ്ടത്തിന് ശേഷം സ്വന്തം നാട്ടില്‍ നടന്ന എല്ലാ പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യയില്‍ ആദ്യ പരമ്പര ജയമാണ് ലങ്ക ലക്ഷ്യമിടുന്നത്. ലങ്ക ആകെ കളിച്ച ഒമ്പത് പരമ്പരകളില്‍ എട്ടെണ്ണം തോറ്റപ്പോള്‍ ഒരെണ്ണം സമനിലയില്‍ അവസാനിച്ചിരുന്നു.

വിശാഖപ്പട്ടണം ഡോ. വൈ എസ് രാജശേഖര റെഡ്ഡി സ്‌റ്റേഡിയത്തില്‍ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും ഇന്ത്യ വിജയിച്ചിരുന്നു. ബാറ്റിംഗിനെയും ബൗളിംഗിനെയും തുണക്കുന്ന ഇവിടുത്തെ പിച്ചില്‍ പക്ഷേ, ഒരു തവണ മാത്രമാണ് സ്‌കോര്‍ 300 കടന്നിട്ടുള്ളത്. കൊളംബോയിലെ സാഹചര്യങ്ങള്‍ക്ക് സമാനമാണ് ഈ തീരദേശത്തുള്ള ഈ സ്റ്റേഡിയം. അത് ലങ്കക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. പിച്ച് ഡ്രൈ ആയതിനാല്‍ പന്ത് നന്നായി ടേണ്‍ ചെയ്‌തേക്കും.

രോഹിത് ശര്‍മയും ധവാനും ശ്രേയസ് അയ്യരും ഉള്‍പ്പെടുന്ന മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഫോമില്‍ തിരികെയെത്തിയത് ലങ്കന്‍ ബൗളര്‍മാര്‍ക്ക് ചങ്കിടിപ്പേകും. ധോണിയും ദിനേശ് കാര്‍ത്തിക്കും മനീഷ് പാണ്ഡെയെും ഹാര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെടുന്ന മധ്യനിരയും മികവുകാട്ടിയാല്‍ ബൗളര്‍മാര്‍ക്ക് അത് പിടിപ്പത് പണിയാകും. ധരംശാലയില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 112ന് ആള്‍ഔട്ടായിരുന്നു. എന്നാല്‍, മൊഹാലിയില്‍ തകര്‍ത്താടിയ ബാറ്റ്‌സ്മാന്മാര്‍ അന്‍പത് ഓവറില്‍ 392 റണ്‍സാണ് അടിച്ചൂകൂട്ടിയത്.
ബാറ്റ്‌സ്്മാന്മാരെ അനൂകൂലിക്കുന്ന പിച്ചിലും തിളങ്ങുന്ന ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും അടക്കമുള്ള ബൗളര്‍മാര്‍ പ്രകടനം ആവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും.

അതേസമയം, രണ്ടാം ഏകദിനത്തില്‍ പേശിവലിവിനെ തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ ആള്‍റൗണ്ടര്‍ ഏഞ്ചലോ മാത്യൂസ് ഇന്ന് കളത്തിലിറങ്ങുമെന്നത് ലങ്കക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. രണ്ടാം ഏകദിനത്തില്‍ മാത്യൂസ് പൊരുതി നേടിയ സെഞ്ച്വറിയാണ് ലങ്കയുടെ പരാജയഭാരം കുറച്ചത്.
പരിചയസമ്പന്നനായ ഓപണര്‍ ഉപുല്‍ തരംഗക്ക് വലിയ സ്‌കോറുകള്‍ കണ്ടെത്താനാകാത്തതും ലഹിരു തിരിമന്നെ, ഡിക്‌വെല്ല, ഗുണതിലക എന്നിവര്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതും ലങ്കക്ക് തലവേദനയാണ്്.
ധരംശാലയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്ത സുരംഗ ലക്മലിലാണ് ലങ്കയുടെ ബൗളിംഗ് പ്രതീക്ഷകള്‍ ഏറെയും. മൊഹാലിയില്‍ പത്ത് ഓവറില്‍ 106 റണ്‍സ് വഴങ്ങിയ പേസര്‍ നുവാന്‍ പ്രദീപിന് പകരം ദുഷ്മന്ത ചമീരയെ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.

സാധ്യതാ ടീം: ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്ക്, മനീഷ് പാണ്ഡെ, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍/ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹല്‍.
ശ്രീലങ്ക: ധനുഷ്‌ക ഗുണതിലക, ഉപുല്‍ തരംഗ, സമരവിക്രമ, ആഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്‌വെല്ല, അസേല ഗുണരത്‌നെ, തിസര പെരേര, പതിരാന, സുരംഗ ലക്മല്‍, അഖില ധനഞ്ജയ, നുവാന്‍ പ്രദീപ്/ ചമീര.

 

 

 

---- facebook comment plugin here -----

Latest