വടക്കന്‍ എമിറേറ്റുകളില്‍ മഴ ദുബൈയിലും അബുദാബിയിലും തെളിഞ്ഞ മാനം

Posted on: December 16, 2017 8:03 pm | Last updated: December 16, 2017 at 8:03 pm

ദുബൈ: യു എ ഇയില്‍ ചിലയിടങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. ഇന്നലെ മുതല്‍ രാജ്യവ്യാപകമായി ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും മിക്ക സ്ഥലങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്.

റാസ് അല്‍ ഖൈമയിലെ അല്‍ ജസീറ, അല്‍ ഹംറ മേഖലകളില്‍ ശക്തമായ മഴ ലഭിച്ചു. ഫുജൈറ വാദി മെയ് ഭാഗത്തും ഉമ്മുല്‍ ഖുവൈനില്‍ വിവിധയിടങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. അതേ സമയം ദുബൈയിലും അബുദാബിയിലും മാനം തെളിഞ്ഞുതന്നെ നിന്നു.

കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ മുന്നറിയിപ്പില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ചു യു എ ഇയിലുടനീളം വിവിധ പരിപാടികള്‍ മാറ്റിവെക്കുകയോ പുനഃക്രമീകരണം നടത്തുകയും ചെയ്തിരുന്നു. അതേസമയം രാവിലെ മുതല്‍ തെളിഞ്ഞ കാലാവസ്ഥയോടെ അന്തരീക്ഷം കാണപെട്ടതോടെ താമസക്കാര്‍ വിവിധയിടങ്ങളിലേക്ക് ഉല്ലാസ യാത്രകള്‍ക്കായി തിരിച്ചു. കുടുംബങ്ങളടക്കം യു എ ഇയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പതിവ് പോലെ സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു.

 

ആഴ്ച വട്ട അവധി ആസ്വദിക്കാന്‍ തണുത്ത കാലാവസ്ഥയിലും ജനങ്ങള്‍ സന്ദര്‍ശക കേന്ദ്രങ്ങളിലെത്തിയിരുന്നു. യു എ ഇയുടെ പലയിടങ്ങളിലും ശക്തമായ കാറ്റോട് കൂടി കനത്ത മഴയെത്തുമെന്നും കാഴച പരിധി കുറയുന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. യു എ ഇയുടനീളം ഏതു അടിയന്തിര ഘട്ടത്തെയും നേരിടുന്നതിന് വിവിധ എമിറേറ്റുകളിലെ പോലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹകരണത്തോടെ ശക്തമായ മുന്‍കരുതലുകളാണ് ദേശീയ ദുരന്ത നിവാരണ ഏജന്‍സി ഒരുക്കിയിരുന്നത്.