തിര.കമ്മീഷന്റെ നിഷ്പക്ഷത

Posted on: December 16, 2017 6:27 am | Last updated: December 15, 2017 at 10:29 pm

തിരഞ്ഞെടുപ്പ് കമ്മീഷണറായി അചാല്‍ കുമാര്‍ ജ്യോതിയെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ, കമ്മീഷന് എത്രത്തോളം നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനാകുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്ന അചാല്‍ കുമാര്‍ മോദിയുടെ അടുപ്പക്കാരനാണ്. ഈ ബന്ധം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കുമോ എന്ന ആശങ്കയാണ് അന്നേ ഉണ്ടായിരുന്നത്. ഇത് അസ്ഥാനത്തായില്ലെന്നാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ വരുത്തിയ കാലതാമസം മുതല്‍ അവസാന വോട്ടെടുപ്പ് ദിവസം നരേന്ദ്രമോദി നടത്തിയ റോഡ് ഷോയുടെ കാര്യത്തില്‍ കാണിച്ച നിസ്സംഗത വരെയുള്ള നടപടികള്‍ ബോധ്യപ്പെടുത്തുന്നത്.

ആറ് മാസത്തിനകം സര്‍ക്കാറുകള്‍ കാലാവധി പൂര്‍ത്തീകരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരുമിച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കം. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഈ കീഴ്‌വഴക്കം ലംഘിച്ചത് മോദിക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം. ഹിമാചലിലേത് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുശേഷമാണ് ഗുജറാത്തിലെ തീയതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മോദിക്ക് ഗുജറാത്തില്‍ ചില പാക്കേജുകള്‍ പ്രഖ്യാപിക്കാനാണ് പ്രഖ്യാപനം വൈകിപ്പിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കീഴ്‌വഴക്കം ലംഘിച്ചതിന്റെ അനൗചിത്യം മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വി ഖുറൈശിയും ചൂണ്ടിക്കാട്ടിയിരുന്നതാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചാനല്‍ അഭിമുഖത്തിനെതിരെ നടപടി സ്വീകരിച്ച കമ്മീഷന്‍ നരേന്ദ്ര മോദിയുടെ റോഡ്‌ഷോ കാണാത്ത ഭാവം നടിച്ചത് ആ ഭരണഘടനാ സ്ഥാപനത്തിന്റെ നിഷ്പക്ഷതക്ക് നേരെ വിരല്‍ ചൂണ്ടുന്നു. രണ്ടാംഘട്ട വോട്ടെടുപ്പിന്റെ തലേന്നാള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ അഭിമുഖം തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ പുറത്തുവിട്ടതിനെ തുടര്‍ന്ന് ബി ജെ പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനും ചാനലിനുമെതിരെ ചട്ടലംഘനം ആരോപിച്ച് കമ്മീഷന്‍ കേസെടുത്തത്. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ വോട്ടെടുപ്പിന്റെ തലേന്നാള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്ന ചട്ടം നിലനില്‍ക്കെ രാഹുല്‍ പ്രാദേശിക ചാനലിന് അഭിമുഖം നല്‍കിയെന്നാണ് ആരോപണം. അഭിമുഖത്തിലും അഹമ്മദാബാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലുമായി ബി ജെ പിക്കെതിരെയും ഗുജറാത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ചും രാഹുല്‍ ഗാന്ധി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. ഡിസംബര്‍ 18ന് മുമ്പായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആ തീയതി എത്താന്‍ കാത്തുനില്‍ക്കാതെ നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ രാഹുലിനെതിരെ കേസെടുക്കാന്‍ ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതുപോലെ, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം തന്നെയാണ് പ്രധാനമന്ത്രി നടത്തിയ റോഡ്‌ഷോയും. സബര്‍മതി മണ്ഡലത്തില്‍ റാനിപില സ്‌കൂളിലെ 115-ാം ബൂത്തിലാണ് മോദിക്ക് വോട്ട്. വ്യാഴാഴ്ച രാവിലെ ക്യൂവില്‍ കാത്തു നിന്ന് വോട്ട് ചെയ്തു പുറത്തിറങ്ങിയ മോദി തുടര്‍ന്ന് മഷി പുരണ്ട തന്റെ വിരല്‍ ഉയര്‍ത്തിക്കാണിച്ചു ജനങ്ങള്‍ക്കിടയിലൂടെ നീങ്ങുകയായിരുന്നു. പിന്നീട് വാഹനത്തില്‍ കയറുമ്പോഴും മോദി മഷിപുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാണിച്ചു. പാര്‍ട്ടി പതാകയേന്തിയ ബി ജെ പി പ്രവര്‍ത്തകര്‍ മോദിക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പരാജയം മണത്ത മോദി അവസാന അടവായാണ് ഷോ നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. രാഹുലിനെതിരെ മിനുട്ടുകള്‍ക്കകം കേസെടുക്കാന്‍ ഉത്തരവിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ മോദിയുടെ റോഡ് ഷോ സംബന്ധിച്ച് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മോദിക്കെതിരായ പരാതിയില്‍ കമ്മീഷന്റെ നടപടി നോട്ടീസിനപ്പുറത്തേക്ക് നീളാനിടയില്ലെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പിയുടെ കളിപ്പാവയായും പോഷക സംഘടനക്ക് സമാനമായും പ്രവര്‍ത്തിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണം. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷന്‍ സംശയത്തിനതീതമായിരിക്കണം. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനവും സുതാര്യമാകണം. ഏതെങ്കിലും സര്‍ക്കാറിന്റെയോ കക്ഷിയുടെയോ കളിപ്പാവയായി കമ്മീഷന്‍ തരംതാഴരുത്. വിശ്വാസ്യതയും നിഷ്പക്ഷതയും സംരക്ഷിക്കാന്‍ മുന്‍കമ്മീഷനുകള്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനൊരു അപവാദമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിലവിലെ കമ്മീഷനും മാറിനില്‍ക്കേണ്ടതാണ്.