നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപ് അങ്കമാലി കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു

Posted on: December 15, 2017 6:40 pm | Last updated: December 16, 2017 at 10:12 am

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അങ്കമാലി കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു. അഭിഭാഷകനൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

കേസ് രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. നടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാണിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യം കോടതി തള്ളി. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേസില്‍ ദിലീപിന് കോടതിയുടെ സമന്‍സ് ലഭിച്ചിരുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ മാസം 19ന് ദിലീപ് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.