ഫലസ്തീനു വേണ്ടി ഉറച്ച ശബ്ദവുമായി ഖത്വര്‍ അമീര്‍ ഒ ഐ സി ഉച്ചകോടിയില്‍

Posted on: December 14, 2017 10:05 pm | Last updated: December 14, 2017 at 10:05 pm

ദോഹ: ഇസ്രായേല്‍ തലസ്ഥാനം ജറൂസലേമിലേക്കു മാറ്റുന്നതിനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ ഇസ്തംബൂളില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒ ഐ സി) ഉച്ചകോടിയില്‍ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു.

ഫലസ്തീനുകള്‍ക്കൊപ്പമുള്ള ഖത്വറിന്റെ പ്രഖ്യാപിത നിലപാട് ആവര്‍ത്തിച്ചാണ് അമീര്‍ ഉച്ചകോടിയില്‍ സംസാരിച്ചത്.
ഇസ്തംബൂള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉച്ചകോടിയില്‍ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കാനുള്ള യു.എസിന്റെ തീരുമാനമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. അമീറിനൊപ്പമുള്ള പ്രതിനിധി സംഘവും ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടിയോട് അനുബന്ധിച്ച് സൊമാലിയന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി ഫര്‍മാജോയുമായും അമീര്‍ കൂടിക്കാഴ്ച നടത്തി.

ഖത്വറും സൊമാലിയയും തമ്മിലുള്ള സഹകരണവും പൊതുതാത്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ബുധനാഴ്ച വൈകുന്നേരം അമീര്‍ ശൈഖ് തമീം ദോഹയില്‍ മടങ്ങിയെത്തി