അഡ്‌നോക് അടുത്ത വര്‍ഷം ദുബൈയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

Posted on: December 14, 2017 8:07 pm | Last updated: December 14, 2017 at 8:07 pm

ദുബൈ: 2018ഓടടെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) തങ്ങളുടെ പ്രവര്‍ത്തനം ദുബൈയിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈക്ക് പുറമെ, സഹോദര രാജ്യമായ സഊദി അറേബ്യയിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് അഡ്‌നോക് കമ്പനി അസി. എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എന്‍ജി. സഈദ് മുബാറക് അല്‍ റാശിദി അറിയിച്ചു.

ദുബൈക്കും സഊദിഭ ക്കും പുറമെ ഈജിപ്ത്, മൊറോക്കൊ എന്നീ രാജ്യങ്ങളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആലോചിക്കുന്നുണ്ടെന്നും അല്‍ റാശിദി വ്യക്തമാക്കി. 2018ല്‍ രണ്ട് പെട്രോള്‍ സ്റ്റേഷനുകളാണ് ദുബൈയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് 20 സ്റ്റേഷനുകളായി ഉയര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഊദി അറേബ്യയില്‍ 2018 ആദ്യപാദത്തില്‍ തന്നെ കമ്പനിയുടെ പെട്രോള്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ അഡ്‌നോകിന്റേതായി 150 പെട്രോള്‍ ഫില്ലിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും അല്‍ റാശിദി വ്യക്തമാക്കി. ഇതിനുപുറമെ ഈജിപിത്, മൊറോക്കോ രാജ്യങ്ങളിലും വരും വര്‍ഷങ്ങളില്‍ വ്യാപകമായി അഡ്‌നോക് ബ്രാന്‍ഡ് ആരംഭിക്കാന്‍ പദ്ധതിയുള്ളതായും അദ്ദേഹം വിശദീകരിച്ചു.