ഷാര്‍ജ ഇസ്‌ലാമിക് ആര്‍ട് ഫെസ്റ്റിവല്‍ ആരംഭിച്ചു

Posted on: December 14, 2017 7:46 pm | Last updated: December 14, 2017 at 7:46 pm

ഷാര്‍ജ: ഇരുപതാമത് ഷാര്‍ജ ഇസ്‌ലാമിക് ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഷാര്‍ജയില്‍ ആരംഭിച്ചു. വിവിധ സാംസ്‌കാരിക കലാ രൂപങ്ങള്‍, വിളക്കുകളില്‍ തീര്‍ത്ത വിവിധ തോരണങ്ങള്‍ എന്നിവയാല്‍ വര്‍ണാഭമായ സാംസ്‌കാരിക ഉത്സവമാണ് ആരംഭിച്ചത്. ഷാര്‍ജ ആര്‍ട്‌സ് മ്യുസിയത്തില്‍ ആരംഭിച്ച ഫെസ്റ്റിവല്‍ ജനുവരി 23 വരെ നീണ്ടു നില്‍ക്കും.

ഇസ്‌ലാമിക കലയുടെ മാസ്മരികത വെളിപ്പെടുത്തുന്ന പ്രദര്‍ശനങ്ങളാണ് ഏറെയുള്ളത്. വൈവിധ്യമാര്‍ന്ന അറബിക് കാലിയോഗ്രാഫി, ലോക പ്രശസ്തപള്ളികളുടെ വര്‍ണ പെയിന്റിങ്ങുകള്‍, ഇസ്‌ലാമിക സ്തംഭങ്ങള്‍ എന്നിവയെല്ലാം മനോഹരമായി അവതരിപ്പിക്കുന്നതാണ് ആര്‍ട് ഫെസ്റ്റിവല്‍.

യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാര്‍മികത്വത്തിലാണ് ഫെസ്റ്റിവല്‍. ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

ഷാര്‍ജ കള്‍ചറല്‍ അഫയേഴ്സ് ഡിപാര്‍ട്‌മെന്റാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പരിപാടികളോടനുബന്ധിച്ച് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, അല്‍ മജാസ് ആംഫി തിയേറ്റര്‍, മതകാര്യ വകുപ്പ്, അല്‍ കസബ, മറായ ആര്‍ട് സെന്ററര്‍, കലിഗ്രഫി സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്.

ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നവര്‍ക്കായി വിശദാംശങ്ങളുമായി പ്രത്യേക ബുക്ക് ഒരുക്കിയിട്ടുണ്ട്.
28 സന്നദ്ധ സേവന സംഘടനകള്‍ ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
200 വ്യത്യസ്ത കലാ പരിപാടികള്‍, പ്രഭാഷണങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.