Connect with us

Kerala

ജിഷ വധക്കേസ്: അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ

Published

|

Last Updated

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ. ഏറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രാകൃതമായ കൊലപാതമാണ് നടന്നതെന്നും കോടതി കണ്ടെത്തി.

ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവും പിഴയും. ഐപിസി 376 എ പ്രകാരം പത്തുവര്‍ഷത്തെ കഠിന തടവും പിഴയും, 376ാം വകുപ്പ് പ്രാകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും പിഴയും, ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു. വിവിധ വകുപ്പുകളിലായി അഞ്ചു ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. വിധി നേരിട്ട് കേള്‍ക്കാന്‍ അമീറുള്‍ ഇസ്‌ലാമിനെ കോടതിയില്‍ എത്തിച്ചിരുന്നു.

പ്രതിയുടെ ശിക്ഷ സംബന്ധിച്ച് വാദി, പ്രതി ഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ ആവശ്യം വിചാരണാ കോടതി തള്ളിയിരുന്നു. ശിക്ഷ സംബന്ധിച്ച് വാദം കേള്‍ക്കുന്നതിനിടെയാണ് കേസില്‍ പുനരന്വേഷണം വേണമെന്നും ഇതിനായി കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് വിടണമെന്നും അമീറുള്‍ ഇസ്‌ലാം ആവശ്യപ്പെട്ടത്. മലയാളം അറിയാത്ത അമീറിന് പോലീസിന്റെ ചോദ്യം ചെയ്യലുകള്‍ മനസ്സിലായില്ലെന്ന് അഭിഭാഷകന്‍ ബി എം ആളൂര്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും, ശിക്ഷാവിധിയെ കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് കോടതി നല്‍കിയത്.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജിഷയെ അറിയില്ലെന്നും പറഞ്ഞ അമീര്‍, കേസില്‍ ഭരണകൂട താത്പര്യത്തിനൊപ്പം പോലീസ് പ്രവര്‍ത്തിച്ചതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നും മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
കേസ് അസാധാരണമാണെന്നും നിര്‍ഭയ കേസിന് സമാനമാണെന്നും വാദിച്ച വാദിഭാഗം അഭിഭാഷകന്‍ കൊലയും അതിക്രൂര പീഡനവും തെളിഞ്ഞതിനാല്‍ പ്രതിക്ക് പ്രായത്തിന്റെ ഇളവ് നല്‍കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍, ദൃക്‌സാക്ഷികളില്ലാത്ത കേസ് നിര്‍ഭയ കേസിന് സമാനമല്ലെന്നും ഊഹാപോഹങ്ങള്‍ കണക്കിലെടുത്ത് ശിക്ഷിക്കരുതെന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു.