പടയൊരുക്കം യാത്രാ സമാപനം ഇന്ന് ; രാഹുല്‍ ഗാന്ധി എത്തും

Posted on: December 14, 2017 8:53 am | Last updated: December 14, 2017 at 11:31 am

തിരുവനന്തപുരം: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 10.30 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് ഓഖി ദുരന്തത്തിലകപ്പെട്ട പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ഒരു മണിയോടെ കന്യാകുമാരിയിലേക്ക് പോകുന്ന രാഹുല്‍ഗാന്ധി ചിന്നത്തുറ സെന്റ്ജൂഡ് കോളജ് ഗ്രൗണ്ടില്‍ ദുരന്തത്തിന് ഇരകളായ മത്സ്യതൊഴിലാളികളുമായി സംസാരിക്കും.
തുടര്‍ന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ നടക്കുന്ന ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് രാത്രി 7.30 ന് തന്നെ മടങ്ങും.

പടയൊരുക്കം സമാപന സമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കെ പി സി സി അറിയിച്ചു. കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അധ്യക്ഷത വഹിക്കും. ജാഥാ നായകനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം പിമാരായ എം പി വീരേന്ദ്രകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, കക്ഷിനേതാക്കളായ ജോണി നെല്ലൂര്‍, സി പി ജോണ്‍, ജി ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.