മല്യകേസില്‍ ഒത്തുകളി?

Posted on: December 14, 2017 6:00 am | Last updated: December 13, 2017 at 10:37 pm

മദ്യരാജാവ് വിജയ് മല്യയെയും ലളിത് മോദിയെയും തിരികെയെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. ലണ്ടനില്‍ കഴിയുന്ന ഇരുവരെയും ഇന്ത്യയിലെത്തിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാറിന് എന്താണ് മടിയെന്നും കോടതിയുടെ ഉത്തരവുകളെ മാനിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബര്‍ 15നകം ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടുമാസമായി ഇക്കാര്യത്തില്‍ കോടതി വിവിധ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നു. അതൊക്കെയും സര്‍ക്കാര്‍ അവഗണിക്കുകയാണ്. കേസില്‍ വിവിധ അഭിഭാഷകരാണ് പലപ്പോഴും ഹാജരാവുന്നത്. എന്താണ് കേസിലെ പുരോഗതിയെന്ന് അവര്‍ വ്യക്തമായി അറിയിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഇരുവരും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് വിദേശത്തേക്ക് കടന്നത്. അധികൃതരുടെ സഹായത്തോടെയാണ് രാജ്യം വിട്ടതെന്നാണ് പ്രതിപക്ഷ ആരോപണം. മല്യക്കെതിരായ നിയമനടപടി ആലോചിക്കാന്‍ എസ് ബി ഐയുടെ നേതൃത്വത്തിലുള്ള ബേങ്കുകളുടെ കൂട്ടായ്മ 2016 ഫെബ്രുവരി 28ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ ഉപദേശം തേടിയിരുന്നു. വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ മല്യ രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന നിയമോപദേശമാണ് ദവെ നല്‍കിയത്. എന്നാല്‍, ഈ ഉപദേശം വകവെക്കാതെ പിന്നെയും എട്ട് ദിവസം കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മല്യക്കെതിരെ ബേങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മല്യമാര്‍ച്ച് രണ്ടിന് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ രാജ്യം വിടുകയും ചെയ്തു. റിസര്‍വ്‌ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പൊതുമേഖലാ ബേങ്കുകള്‍ മല്യക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നതില്‍ പലവട്ടം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

എസ് ബി ഐ–1,600 കോടി, പഞ്ചാബ് നാഷനല്‍ ബേങ്ക്– 800 കോടി, ഐഡി ബി ഐ ബേങ്ക് 800 കോടി, ബേങ്ക് ഓഫ് ഇന്ത്യ– 650 കോടി, ബേങ്ക് ഓഫ് ബറോഡ– 550 കോടി, യുണൈറ്റഡ് ബേങ്ക് ഓഫ് ഇന്ത്യ– 430 കോടി, സെന്‍ട്രല്‍ ബേങ്ക് 410 കോടി, യു സി ഒ ബേങ്ക്– 320 കോടി, കോര്‍പറേഷന്‍ ബേങ്ക്– 310 കോടി, സ്‌റ്റേറ്റ് ബേങ്ക് ഓഫ് മൈസൂര്‍– 110 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് 140 കോടി, ഫെഡറല്‍ ബേങ്ക്–90 കോടി, പഞ്ചാബ് സിന്ധ് ബേങ്ക്– 90 കോടി, ആക്‌സിസ് ബേങ്ക്– 50 കോടി എന്നിവക്ക് പുറമെ മറ്റ് മൂന്ന് ബേങ്കുകളില്‍നിന്നെടുത്ത കോടികളടക്കം 9,000 കോടിയോളം രൂപയുടെ വായ്പയാണ് വിജയ്മല്യ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ കൈപ്പറ്റിയത്. സേവന നികുതി വകുപ്പിന് 370 കോടി രൂപ കുടിശ്ശികയും വരുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചതിന് ഐ ഡി ബി ഐ ബേങ്ക് നല്‍കിയ കേസും മല്യക്കെതിരെ നിലവിലുണ്ട്. 2010 ലെ ഐ പി എല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് അന്ന് ഐ പി എല്‍ ചെയര്‍മാന്‍ കമീഷണറായിരുന്ന ലളിത് മോദിക്കെതിരെ ഉയര്‍ന്ന പ്രധാന അഴിമതി ആരോപണം. ഏതാണ്ട് 500 കോടി രൂപ മോദി അടിച്ചെടുത്തുവെന്നാണ് പറയപ്പെടുന്നത്.
മല്യയെയും ലളിത് മോദിയെയും തിരികെയെത്തിക്കാനാകാത്തത് നിയമങ്ങളുടെ നൂലാമാലകള്‍ കൊണ്ടല്ല. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് 42 രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. മല്യയടക്കം പത്ത് കുറ്റവാളികളെ ഇന്ത്യക്ക് കൈമാറുന്നതിന് എല്ലാ വിധ സഹായവും നല്‍കാമെന്ന് മെയ് ആദ്യത്തില്‍ ഡല്‍ഹിയില്‍ ഉന്നത ബ്രിട്ടന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ഉറപ്പ് നല്‍കിയതുമാണ്. എന്നിട്ടും ഇരുവരും സുരക്ഷിതരായി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നത് പ്രമുഖ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ബന്ധത്തിന്റെ പിന്‍ബലത്തിലാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുടെ സംരക്ഷണയിലാണ് ബിസിനസുകാരനായിരുന്ന ലളിത് മോദി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ ഉന്നതനുമായത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അടുത്ത സുഹൃത്തായ അദ്ദേഹത്തിന് ഭാര്യയുടെ ചികിത്സക്കായി പോര്‍ച്ചുഗലില്‍ പോകാനുള്ള അനുമതി നല്‍കുന്നതിനു ശിപാര്‍ശക്കത്തയച്ചത് സുഷമയാണ്. ഡല്‍ഹി ഹൈക്കോടതി ലളിത് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്ന ഘട്ടത്തിലാണ് അദ്ദേഹം നിരപരാധിയാണെന്ന തരത്തില്‍ കത്ത് നല്‍കി വഴി വിട്ടു സഹായിച്ചത്. ഇന്ത്യയില്‍ മോദിയുടെ കേസുകള്‍ വാദിച്ചിരുന്നത് സുഷമയുടെ മകളാണെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഒരു കോടതിയലക്ഷ്യ കേസില്‍ മല്യയെ ബ്രിട്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ ഘട്ടത്തില്‍ ഇന്ത്യ ഫലപ്രദമായി ഇടപെട്ടിരുന്നെങ്കില്‍ അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാന്‍ പ്രയാസമന്യേ സാധിക്കുമായിരുന്നുവെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍, മല്യക്കെതിരെ തെളിവു നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച കാണിച്ചതിനാല്‍ ആ അവസരം നഷ്ടമാവുകയായിരുന്നു. അന്ന് ഇന്ത്യക്ക് വേണ്ടി കോടതിയില്‍ ഹാജരായ ക്രിമിനല്‍ പ്രോസിക്യൂ ഷന്‍ അതോറിറ്റി അഭിഭാഷകന്‍ ബാരിസ്റ്റര്‍ ആറോണ്‍ വാറ്റ്കിന്‍സ് കോടതിയെ അറിയിച്ചത് കേസിന് ആവശ്യമായ തെളിവുകള്‍ തനിക്ക് സി ബി ഐയില്‍ നിന്ന് ലഭിച്ചില്ലെന്നാണ്. മല്യയെ നിയമത്തിന് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ രക്ഷിക്കുകയാണെന്നാണ് സന്ദേഹിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കോടതിയുടെ പുതിയ മുന്നറിയിപ്പും ബന്ധപ്പെട്ടവര്‍ സൗകര്യപൂര്‍വം അവഗണിക്കാനാണ് സാധ്യത.