തൊഴില്‍ ലഭ്യത ഉറപ്പുവരുത്തി കയര്‍ വ്യവസായം പുനരുജജീവിക്കുമെന്ന് മുഖ്യമന്ത്രി

Posted on: December 11, 2017 9:15 pm | Last updated: December 11, 2017 at 9:15 pm

കൊച്ചി തൊഴില്‍ ലഭ്യതയും ഉല്‍പ്പന്നത്തിന്റെ വൈവിധ്യവത്കരണവും ഉറപ്പാക്കി കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കാനും കയര്‍ ഉല്‍പ്പന്ന വിപണി വിപുലപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയര്‍ഭൂവസ്ത്ര വിതാനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വടക്കേക്കര മൂത്തകുന്നം ബാങ്ക് ഓഫ് ഇന്ത്യ മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാലാത്തിനോട് അനിയോജ്യമായ സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ കഴിയാതെ വന്നതുമുതലാണ് നമ്മുടെ നാട്ടിലെ കയര്‍ വ്യവസായം ക്ഷയിക്കാന്‍ തുടങ്ങിയത്.ആധുനികവത്കരണം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങള്‍ മുന്നിലെത്തുകയും ചെയ്തു. കയര്‍ രംഗത്തെ നവീകരണവും ഉല്‍പ്പന്ന വൈവിധ്യവത്കരണവും കണ്ടില്ലെന്നു നടിക്കാനാകില്ല. കാലാനുസൃതമായ യന്ത്രവത്കരണവും നവീകരണവും കൊണ്ടു മാത്രമേ കയര്‍ വിപണി സുരക്ഷിതമാക്കാന്‍ കഴിയൂ.

 

കയര്‍ മെഷിനറികളുടെ വിതരണ ഉദ്ഘാടനം മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിച്ചു. അഡ്വ. വി.ഡി. സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എസ്. ശര്‍മ്മ എംഎല്‍എ തൊഴിലുറപ്പ് വിഭാഗത്തെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം പി.എസ്. ഷൈല, വടക്കേക്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹോച്ച്മിന്‍ എന്‍ സി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെഎം അബ്രോസ്, കയര്‍ വികസന ഡയറക്ടര്‍ എന്‍. പത്മകുമാര്‍, സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സൈബ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു