പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം

Posted on: December 11, 2017 7:18 pm | Last updated: December 11, 2017 at 7:18 pm

ദോഹ: പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാര്‍ പ്രവാസി വകുപ്പായ നോര്‍ക നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സൗകര്യം. നേരത്തേ ഓണ്‍ലൈനില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം നേരിട്ടു മാത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്ന അപേക്ഷകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നത്.

നോര്‍ക റൂട്‌സിന്റെ വെബ്‌സൈറ്റില്‍ പ്രവാസി ഡാറ്റാ ബേസ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് സൗജന്യമായി രജിസ്റ്റര്‍ ചെയ്യുക. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പറിലും ഇ മെയില്‍ വിലാസത്തിലും ലോഗിന്‍ നെയിമും പാസ്‌വേര്‍ഡും അയച്ചു തരും. ഇതുപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഐ ഡി കാര്‍ഡിന് അപേക്ഷിക്കാം. ഐ ഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. നെറ്റ്‌ബേങ്ക്, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് രീതികള്‍ ഉപയോഗിച്ചാണ് പണമടക്കാനാകുക. അപേക്ഷയോടൊപ്പം ജെ പി ജി ഫോര്‍മാറ്റിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവയും പാസ്‌പോര്‍ട്ടിലെ വിലാസം, വിസ പേജുകളുടെ പകര്‍പ്പ്, റിസഡന്‍കാര്‍ഡ്, വിദേശത്ത് തൊഴില്‍ ചെയ്ത കാലയളവ് വ്യക്തമാക്കുന്ന രേഖ എന്നിവ പി ഡി എഫ് ഫോര്‍മാറ്റിലും അപ് ലോഡ് ചെയ്യണം.

നോര്‍കയുടെ പുതിയ നടപടി പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണെന്ന് ഖത്വറിലെ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുര്‍റഊഫ് കൊണ്ടോട്ടി പറഞ്ഞു. നോര്‍കയില്‍ ഇപ്പോള്‍ ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ കാലതാമസമടക്കമുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഓണ്‍ലൈന്‍ അപേക്ഷാരീതി സഹായിക്കുന്നത്. നേരത്തേ നോര്‍ക രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ അംഗീകൃത സംഘടനകളോ ജനപ്രതിനിധികളോ സാക്ഷ്യപ്പെടുത്തിയിരിക്കണം എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

പ്രവാസികളെക്കുറിച്ചുള്ള വിവരശേഖരണവും ക്ഷേമ പദ്ധതികളും കാര്യക്ഷമമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണ് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നത്. ക്ഷേമനിധിയുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഈ മാസം 23ന് ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്. ഇതോടെ ക്ഷേമനിധിയില്‍ ചേരുന്നതിനും ധനസഹായം അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ നടപടികള്‍ എളുപ്പമാകും.

പ്രവാസികള്‍ക്കായി നോര്‍കക്കു പുറമേ സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പും പിന്നാക്ക വികസന കോര്‍പറേഷനും ആറു ശതമാനം പലിശയില്‍ 20 ലക്ഷം രൂപ വരെ ലഭിക്കുന്ന പുനരധിവാസ വായ്പാ പദ്ധതി നടപ്പിലാക്കി വരുന്നതായും അബ്ദുര്‍റഊഫ് അറിയിച്ചു.