Connect with us

Gulf

റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി ദുബൈ എയര്‍ ലിഫ്റ്റ്

Published

|

Last Updated

ദുബൈ: ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ യു എന്‍ എച്ച് സി ആര്‍ ദുബൈ വഴി റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് 12.2 ലക്ഷം ദിര്‍ഹമിന്റെ ജീവകാരുണ്യ വസ്തുക്കള്‍ ബംഗ്ലാദേശില്‍ വിതരണംചെയ്യുന്നു. ബംഗഌദേശിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് വസ്തുക്കളും ഇന്ധനവും നിറക്കുന്നതിനും ദുബൈ എയര്‍ ബ്രിഡ്ജ് വഴി വിമാനങ്ങള്‍ക്ക് ബഗ്ലാദേശിലേക്ക് പറക്കുന്നതിന് സൗകര്യമൊരുക്കുന്നതിനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുമതി നല്‍കി.

യു എന്‍ എച്ച് സി ആറിന്റെ രണ്ടാമത് കാര്‍ഗോ 100 മെട്രിക് ടണ്‍ സാധനങ്ങളുമായി ഈ മാസം അവസാനം പുറപ്പെടും. കിച്ചന്‍ സാധനങ്ങള്‍, പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, ടെന്റുകള്‍ നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ എന്നിവ കാര്‍ഗോ വസ്തുക്കളില്‍ ഉള്‍പെടും.
കഴിഞ്ഞ ആഴ്ചയില്‍ 100 മെട്രിക് ടണ്‍ സാധനങ്ങളുമായി ഐക്യരാഷ്ട്ര സഭയുടെ കാര്‍ഗോ വിമാനം പുറപ്പെട്ടിരുന്നു.

ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പില്‍ 620,000 റോഹിംഗ്യന്‍ മുസ്‌ലിമുകളാണ് ഉള്ളത്. റോഹിംഗ്യന്‍ വിമതരായ ബുദ്ധ സന്ന്യാസിമാരുടെ ആക്രമണത്തിനെ തുടര്‍ന്നാണ് പലായനം തുടങ്ങിയത്.

ഇതുവരെ ആയിരക്കണക്കിന് മെട്രിക് ടണ്‍ സാധനങ്ങളാണ് ദുബൈ എയര്‍ബ്രിഡ്ജ് വഴി ബംഗ്ലാദേശിലെക്കയച്ചത്. യു എന്‍ എച്ച് സിയുടെ നേതൃത്വത്തില്‍ മാത്രം 472 മെട്രിക് ടണ്‍ സാധനങ്ങളാണ് ബംഗഌദേശിലേക്ക് കയറ്റി അയച്ചത്.

പ്രത്യേക വിമാനങ്ങള്‍ വഴി ബംഗഌദേശിലേക്ക് ജീവകാരുണ്യ വസ്തുക്കള്‍ കയറ്റി അയക്കുന്നതിന് ദുബൈ എയര്‍ ലിഫ്റ്റ് സഹായകരമായിട്ടുണ്ട്. മികച്ച രീതിയില്‍ കൂടുതല്‍ വസ്തുക്കള്‍ കയറ്റി അയക്കുന്നതിന് ശൈഖ് മുഹമ്മദിന്റെ സഹായം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ശൈഖ് മുഹമ്മദിന്റെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ ഏറെ അഭിമാനിക്കുന്നുവെന്ന് യു എന്‍ എച്ച് സി ആര്‍ സപ്ലൈ ഓഫീസര്‍ റിച്ചാര്‍ഡ് മുസാകി പറഞ്ഞു.

2.6 കോടി ദിര്‍ഹമിന്റെ വസ്തുക്കളാണ് ഇതുവരെ കയറ്റി അയച്ചത്. 1541 മെട്രിക് ടണ്‍ വസ്തുക്കളുടെ കാര്‍ഗോ ഈ കാലയളവില്‍ കയറ്റി അയച്ചിരുന്നു. വ്യോമ മാര്‍ഗവും കപ്പല്‍ മാര്‍ഗവും വ്യത്യസ്തങ്ങളായ കാര്‍ഗോ വസ്തുക്കളാണ് കയറ്റി അയച്ചത്. 13,450 കുടുംബങ്ങള്‍ക്ക് ക്യാമ്പുകളില്‍ കഴിയുന്നതിനുള്ള വസ്തുക്കള്‍ എത്തിച്ചുകൊടുത്തു. ദുബൈ ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി വഴിയാണ് കാര്‍ഗോ വസ്തുക്കള്‍ കയറ്റി അയച്ചത്. ഇതിലൂടെ ദുബൈയുടെ ജീവകാരുണ്യ പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എന്‍ എച്ച് സി ആറിനൊപ്പം വേള്‍ഡ് ഫുഡ് പ്രോഗ്രാം, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, എമിറേറ്റ്‌സ് റെഡ് ക്രസെന്റ് എന്നിവ റോഹിഗ്യന്‍ മുസ്ലിംകള്‍ക്കുള്ള ജീവ കാരുണ്യ വസ്തുക്കള്‍ കയറ്റി അയക്കുന്നതിന് സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. 17,000 ചതുരശ്ര മീറ്ററില്‍ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയില്‍ പ്രത്യേക സംഭരണ കേന്ദ്രമുണ്ട്. ഇവിടെ 200,000 അഭയാര്‍ഥികള്‍ക്ക് ഒരുമിച്ച് സഹായമെത്തിക്കുന്നതിനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----