Articles
'ഓഖി' ഒരു സൂചന മാത്രമാണ്...

മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ അലബാമ കടല്‍ തീരത്തിന് അടുത്തായി കടലിനടിയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കാടുണ്ട്. 2005ലെ കത്രീനാ ചുഴലിക്കാറ്റിലാണ് സൈപ്രസ് മരങ്ങള്‍ നിറഞ്ഞ കാട് കണ്ടെത്തിയത്. കാര്‍ബണ്‍ ഡേറ്റിംഗിലൂടെ കാടിന്റെ പഴക്കം കണ്ടെത്തിയപ്പോള്‍ ശാസ്ത്രജ്ഞര്‍ പോലും ഞെട്ടിപ്പോയത്രെ. കാടിന് അന്‍പതിനായിരം വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. മരങ്ങള്‍ ഒന്നും തന്നെ ജീര്‍ണിച്ചിട്ടില്ല. മരത്തിന്റെ പുറം ഭാഗം കുറെയൊക്കെ ദ്രവിച്ചിട്ടുണ്ടെങ്കിലും ഉള്‍ഭാഗം വളരെ കടുപ്പമുള്ളവയാണ്. മത്സ്യബന്ധന തൊഴിലാളികളുടെ സഹായത്തോടെ അഴിമുഖത്തെ കുറിച്ചും മറ്റും പഠിക്കുന്ന വീക്ക്‌സ് ബെ ഫൗണ്ടേഷന്‍ ഡയറക്ടറായ ബെന്‍ റൈന്‍സ് ആണ് ഈ സൈപ്രസ് കാടുകള്‍ കണ്ടെത്തിയത്. 0.8 കിലോമീറ്ററാണ് കാടിന്റെ ചുറ്റളവ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കാട് ജീര്‍ണിക്കാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ഗവേഷണം നടക്കുന്നതായാണ് വിവരം. ഓക്‌സിജന്‍ കുറവായതിനാല്‍ മരത്തടികള്‍ അഴുകാന്‍ ഇടയാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഇവിടെ കുറവായിരുന്നു. ഭൂമിയില്‍ സകലയിടത്തും കാടുണ്ടായിരുന്നെന്ന് സമര്‍ഥിക്കുന്നതിന്റെ തെളിവായി മാത്രമല്ല ഇതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ഗവേഷകരെ നിര്‍ബന്ധിപ്പിച്ചത്. കരയിലായിരുന്നെങ്കില്‍ ഇത്രയധികം കാലം കാടുകള്‍ ആയുസ്സോടെ നിലനില്‍ക്കുമോയെന്ന ആശങ്ക അപ്പോള്‍ തന്നെ ഗവേഷകര്‍ പങ്കുവെക്കുന്നുമുണ്ട്. ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു വാര്‍ത്ത കൂടി അടുത്ത ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കരയില്‍ കാടു നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ദുരിതങ്ങളില്‍ നിന്ന് കര കയറാന്‍ തിരക്കേറിയ പട്ടണത്തില്‍ ഒരു കാടിനെ ജനിപ്പിക്കുന്നുവെന്ന കൗതുകകരവും എന്നാല്‍ ആശങ്കപ്പെടുത്തുന്നതുമായ വാര്‍ത്തയായിരുന്നു അത്്. ഉയര്‍ന്നുവരുന്ന അന്തരീക്ഷ മലിനീകരണം നേരിടാന്‍ ചൈനയിലാണ് ലംബരൂപത്തില്‍ കാടുകള്‍ ഒരുങ്ങുന്നതത്രെ. ഏഷ്യയിലെ തന്നെ ആദ്യ വെര്‍ട്ടിക്കല്‍ കാടാണ് ചൈനയില്‍ രൂപംകൊള്ളുന്നത്. നാഞ്ചിംഗ് പട്ടണത്തിലെ രണ്ടു കെട്ടിടങ്ങളിലാണിത്. 1100 മരങ്ങളുടെയും 2500ലധികം ചെറുചെടികളുടെയും ശേഖരമാകും ഈ കെട്ടിടങ്ങള്‍. ഇതു വിജയകരമാകുന്നതോടെ പ്രതിദിനം അറുപതു കിലോഗ്രാം ഓക്‌സിജന്‍ ഈ സസ്യങ്ങള്‍ വഴി പുറത്തുവിടാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെര്‍ട്ടിക്കല്‍ കാടിന്റെ നിര്‍മാണം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാകുക. ലോകമാകെ ഇത്തരത്തില്‍ അതിജീവനത്തിനായി കാടിനെ പുനര്‍ നിര്‍മിക്കേണ്ടിവരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ എത്ര വലിയ ദുരന്തമാണ് നമുക്ക് മുന്നില്‍ വന്നുപെടുന്നതെന്ന് ഇടക്കെങ്കിലും ഓര്‍ക്കേണ്ടതുണ്ട്. വളരെ നിസ്സാരമായി ആഗോളതാപനത്തെയും പരിസ്ഥിതി നാശത്തെയും തള്ളിക്കളയുന്ന നമുക്ക് മുന്നില്‍ ഓഖി പോലുള്ള കാറ്റും കോളും പെയ്ത് നിറയുമ്പോള്‍ ഭയക്കാതെ ഒരു ദിവസം പോലും മുന്നോട്ടു പോകാനാകില്ല. കേട്ട് പഴകിദ്രവിച്ച പദമാണെങ്കിലും ആഗോളതാപനവും വനസംരക്ഷണവും ഇടക്കിടെ നമ്മള്‍ ഓര്‍ത്തുവെക്കുകയെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ആഗോളതലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പാരിസ്ഥിതിക സമ്മേളനങ്ങളിലടക്കം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വനം ജൈവവൈവിധ്യത്തിന്റെ കലവറയാണെന്നും ജീവജാലങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും വനങ്ങള്‍ കൂടിയേ തീരൂവെന്നും ലോകത്തെ വീണ്ടും വീണ്ടും പഠിപ്പിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി ഗവേഷകരുടെ സംഘം.
ലോകത്തെ കരഭൂമിയുടെ മുപ്പത് ശതമാനത്തോളം കാടുകളാണ്. കാലാവസ്ഥയുടെ വ്യതിയാനംകൊണ്ടും മനുഷ്യരുടെ അത്യാചാരങ്ങളുടെ ഫലമായും കാടിന്റെ വിസ്തൃതി കുറഞ്ഞുവരുന്നത് ഭൂമിയിലെ കാലാവസ്ഥക്ക് വലിയ മാറ്റങ്ങളാണ് വരുത്തുന്നതെന്ന് ഇവര്‍ എത്രയോ ഉദാഹരണങ്ങള്‍ സഹിതം സമര്‍ഥിക്കുന്നുണ്ട്. എന്താണ് കാടിന്റെ പ്രാധാന്യം?. ജലസംഭരണവും വിതരണവും നിലനിര്‍ത്തി ഭൂമിക്ക് താങ്ങാവുന്ന വനങ്ങളുടെ നാശമാണ് ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമെന്ന് അടുത്തിടെയുണ്ടായ ഗവേഷകരുടെ കൂടിച്ചേരല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ വനപ്രദേശത്തിന്റെ നാശം കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഏറ്റവും സജീവമായി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളിലൊന്ന്. ആഗോള താപനത്തിന്റെ ഭീഷണി ഭൂമിയെ ഗ്രസിച്ചുകൊണ്ടിരിക്കുമ്പോള്‍ താപനം തടയുന്നതിലെ നിര്‍ണായകമെന്നു കരുതുന്ന മഴക്കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നത് പരിസ്ഥിതി നാശത്തിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ മഴക്കാട് എന്നു വിശേഷിപ്പിക്കുന്ന ആമസോണ്‍ വനങ്ങള്‍ നാശത്തിന്റെ വക്കിലാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ ഇതിനായി ഗവേഷകര്‍ ഉദ്ധരിക്കുന്നുണ്ട്. ഭൂമിയില്‍ ലഭ്യമായ ശുദ്ധജലത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ആമസോണ്‍ വനത്തിന്റെ ദാനമാണെന്ന് നാം അറിയുമ്പോഴാണ് ലോകത്തെവിടെയെങ്കിലും നശിപ്പിക്കപ്പെടുന്ന ഒരു കാടിനെക്കുറിച്ച് എന്തിന് നാം വേവലാതിപ്പെടണം എന്ന ചേദ്യത്തിനുള്ള ഉത്തരം ലഭിക്കുക. അങ്ങകലെ ആമസോണ്‍ പോലുള്ള മഴക്കാടുകള്‍ക്ക് മുറിവേല്‍ക്കുമ്പോള്‍ ഓഖിയായും സുനാമിയായും പെരുമഴയായും വെള്ളപ്പൊക്കമായും കൊടും വേനലായുമെല്ലാം ഇങ്ങ് ഏതോ കോണില്‍ നില്‍ക്കുന്ന നമുക്ക് പോലും ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും തിരയിളക്കം അനുഭവപ്പെടുമെന്ന് അനുഭവം കൊണ്ട് തന്നെ നാം പഠിച്ചുതുടങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യ കലവറ ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലാണ്. ഇവിടെയുള്ള ശതകോടി കണക്കിന് സസ്യജന്തു ജീവികളെക്കുറിച്ച് മുഴുവനായും ഇനിയും പഠനം നടന്നിട്ടില്ല. അത്രക്ക് വൈവിധ്യമാര്‍ന്ന ജീവജാലങ്ങളാല്‍ സമ്പന്നമാണ് ആമസോണ്‍ മഴക്കാടുകള്‍. ആന്‍ഡീസ് പര്‍വതനിരയില്‍നിന്ന് ഉത്ഭവിക്കുന്ന നിരവധി നദികള്‍ ചേര്‍ന്നാണ് ആമസോണ്‍ നദി രൂപപ്പെട്ടിട്ടുള്ളത്. തെക്കേ അമേരിക്കയുടെ വടക്കുഭാഗത്ത് ഏകദേശം 40 ശതമാനത്തോളം ആമസോണ്‍ നദീതടമായാണ് അറിയപ്പെടുന്നത്. ആമസോണ്‍ മഴക്കാടുകള്‍ ഉഷ്ണമേഖല, സമശീതോഷ്ണമേഖലാ മഴക്കാടുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പഴക്കംചെന്ന ജൈവമേഖലയാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. ഓക്‌സിജന്റെ 20 ശതമാനവും ഉത്പാദിപ്പിക്കുന്നത് ആമസോണിന്റെ ഉഷ്ണമേഖലാ മഴക്കാടുകളാണ്. മൂന്നുകോടിയിലധികം വര്‍ഗങ്ങളില്‍പ്പെട്ട കീടങ്ങള്‍ ഇവിടെയുണ്ട്. അഞ്ഞൂറിലധികം ഇനം സസ്തനികളും 175 ഓളം പല്ലിവര്‍ഗങ്ങളും 30 ദശലക്ഷത്തിലധികം ഷഡ്പദങ്ങളും ആമസോണ്‍ മഴക്കാടുകളില്‍ കാണപ്പെടുന്നുണ്ട്. പക്ഷിവര്‍ഗങ്ങളില്‍ മൂന്നിലൊന്ന് വസിക്കുന്നതും ഇവിടെയാണ്. ആമസോണ്‍ മഴക്കാടുകളുടെ നശീകരണം 29 ശതമാനം വര്‍ധിച്ചുവെന്നാണ് ഗൗരവകരമായ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. അടുത്തിടെ നടത്തിയ ഉപഗ്രഹചിത്രപഠനപ്രകാരം ബ്രസീലില്‍ 5891 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തെ വനം പൂര്‍ണമായി വെട്ടിത്തെളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രസീലിലെ ഓരോ സംസ്ഥാനത്തും 1000 ച. കി. മീറ്ററിലേറെയാണ് ഒരുവര്‍ഷംകൊണ്ട് വനം ഇല്ലാതായത്. പര, മാറ്റോ ഗ്രോസോ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും വലിയ വനനശീകരണമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. മുന്‍വര്‍ഷം ഇത് 28 ശതമാനമായിരുന്നു. 1987ല്‍ 2.10 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വനമാണ് ആമസോണ്‍ മേഖലയില്‍ മാത്രം നശിപ്പിക്കപ്പെട്ടത്. ഇങ്ങനെപോയാല്‍ 40 വര്‍ഷംകൊണ്ട് ആമസോണ്‍ മഴക്കാടുതന്നെ ഇല്ലാതാകുമെന്ന ആശങ്ക പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പങ്കുവെക്കുമ്പോള്‍ വലിയ ദുരന്തത്തിനാണ് അത് വഴി തുറക്കുകയെന്ന് അനുഭവത്തിലൂടെ തന്നെ നമുക്ക് ബോധ്യപ്പെടുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലോകത്തെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ ഇരുഭാഗവും ഇടതൂര്‍ന്ന മഴക്കാടുകളാല്‍ സമൃദ്ധമാണ്. ആന്‍ഡീസ് പര്‍വതത്തിനും അറ്റ്‌ലാന്റിക് സമുദ്രത്തിനും ഇടയില്‍ ആറ് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ മഴക്കാടുകള്‍ തെക്കേ അമേരിക്കയിലെ ബ്രസീല്‍, ബൊളീവിയ, പെറു, ഇക്വഡോര്‍, കൊളംബിയ, വെനസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച്ഗയാന എന്നീ ഒമ്പത് രാജ്യങ്ങളുടെ ഭാഗമായാണ് നിലകൊള്ളുന്നത്. ലോകത്തെ 17 മഹാ ജൈവസമ്പന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. കിഴക്കന്‍ ഹിമാലയന്‍ കാടുകളും പശ്ചിമഘട്ട വനങ്ങളുമാണ് ഈ അപൂര്‍വ നേട്ടം നമ്മുടെ ഭാരതത്തിന് നേടിത്തന്നത്. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ 6,85,00,000 ഹെക്ടര്‍ വനങ്ങളുണ്ട്. ഇതില്‍ ഉഷ്ണമേഖലാ നനവാര്‍ന്ന വനങ്ങള്‍, ഉഷ്ണമേഖലാ ശുഷ്‌ക വനങ്ങള്‍, പര്‍വത മിതോഷ്ണമേഖലാ വനങ്ങള്‍, പര്‍വത മിതശീതോഷ്ണ മേഖലാ വനങ്ങള്‍, ആല്‍പ്പൈന്‍ വനങ്ങള്‍, സ്‌ക്രബ് വനങ്ങള്‍ എന്നിങ്ങനെ ആറ് തരം കാടുകളുണ്ട്. എന്നാല്‍ ഇവയില്‍ പലതും അതി കഠിനമായ നാശം നേരിടുന്നവയാണ്. കേരളത്തില്‍ മാത്രം കഴിഞ്ഞ മാര്‍ച്ചില്‍ പശ്ചിമഘട്ട മലനിരകളുള്‍പ്പെട്ട ആറ് ജില്ലകളിലായി 2500 ഹെക്ടര്‍ വനം കത്തിയമര്‍ന്നു എന്നു പറയുമ്പോള്‍തന്നെ നമ്മുടെ വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം ബോധ്യമാകും.
വനനാശവും ആഗോളതാപനവുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്്്. ആഗോളതാപനം ശാസ്ത്രപ്രവചനത്തില്‍നിന്ന് നിത്യജീവിത സന്ദര്‍ഭങ്ങളായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സമുദ്രവിതാനം ഉയരുന്നതിന്റെ തിക്തഫലം ഇന്ത്യയിലെ 25 ശതമാനം ജനതയെ നേരിട്ട് ബാധിക്കുമത്രെ. ഇന്ത്യയിലെ 6 ലക്ഷം ഹെക്ടര്‍ ഭൂമി വെള്ളത്തിനടിയിലാകുമെന്നാണ് ഗവേഷകര്‍ കണക്കാക്കിയിരിക്കുന്നത്. അഞ്ച് കോടി ജനങ്ങള്‍ക്ക് പാര്‍പ്പിടം നഷ്ടമാകും. തീരദേശം കൂടുതലുള്ള കേരളത്തെയും ആഗോളതാപനം ഗുരുതരമായി ബാധിക്കും. കായലുകളിലെ ലവണത വര്‍ധിക്കുകയും മത്സ്യസമ്പത്തിന് നാശമുണ്ടാകുകയും ചെയ്യും. പാരീസില്‍ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍സര്‍ജനം കുറക്കുന്നത് സംബന്ധിച്ച് ലോകരാഷ്ട്രങ്ങള്‍ ധാരണയിലെത്തുന്നില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് തന്നെയാണ് ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ്്്. ആഗോളതാപനം യാഥാര്‍ഥ്യമാണെന്ന് വികസിത രാഷ്ട്രങ്ങള്‍ അംഗീകരിച്ചത് അടുത്ത കാലത്താണ്. വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ബണ്‍ ഉല്‍സര്‍ജനം കുറക്കാന്‍ തയ്യാറാകണം. അന്തരീക്ഷത്തില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ സിംഹഭാഗവും സംഭാവന ചെയ്തത് അമേരിക്കയാണ്. എന്നിട്ടും കാര്യമായ അളവില്‍ ഹരിതഗൃഹ വാതക ഉല്‍സര്‍ജനം കുറക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നതും പ്രധാനമാണ്. ആഗോളതാപനം തടയുന്നതിന് വ്യക്തിപരമായ ഇടപെടലുകളും ആവശ്യമാണ്. ഊര്‍ജ ഉപഭോഗത്തില്‍ മിതത്വം പാലിക്കുകയും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും വേണമെന്ന് ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രകാരന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2050ാം ആണ്ടോടെ ഉഷ്ണതരംഗങ്ങള്‍, വെള്ളപ്പൊക്കം, വരള്‍ച്ച, കൊടുങ്കാറ്റുകള്‍ തുടങ്ങി കാലാവസ്ഥാ വ്യതിയാന പ്രഭാവങ്ങള്‍ മാത്രമല്ല ജനങ്ങളെ അലോസരപ്പെടുത്താന്‍ പോകുന്നത്. അതിലുപരി ജനങ്ങളുടെ പരമ്പരാഗത ഭക്ഷ്യശീലങ്ങളെവരെ ആഗോള താപന പ്രഭാവം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. പരിസ്ഥിതിയെക്കുറിച്ച് അറിയാനും പഠിക്കാനും നടപ്പാക്കാനും ഇനിയും കാര്യമായ ശ്രമമുണ്ടായില്ലെങ്കില്‍ ദുരന്തങ്ങള്‍ വല്ലാതെ നമ്മെ അലോസരപ്പെടുത്തിയേക്കാം. അതായത് ഓഖി ഒരു സൂചന മാത്രമാണെന്നര്‍ഥം.