International
ട്രംപിന്റെ നടപടി അവിവേകം: കാന്തപുരം
 
		
      																					
              
              
            കോഴിക്കോട്: മുസ്‌ലിംകളുടെ മൂന്നാമത്തെ വലിയ ആരാധനാ കേന്ദ്രമായ ബൈത്തുല്‍ മുഖദ്ദസ് നിലകൊള്ളുന്ന ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുക വഴി മധ്യപൗരസ്ത്യ ദേശത്ത് സംര്‍ഷം രൂക്ഷമാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാര്‍ഡ് ട്രംപിന്റെ നടപടി തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനവും ആഗോള സമാധാന ശ്രമങ്ങള്‍ക്ക് കനത്ത പ്രഹരവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
ബൈത്തുല്‍ മുഖദ്ദസ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. നൂറ്റാണ്ടുകളായി ഫലസ്തീനിന്റെ ഭാഗമാണ് ഈ പള്ളിയും അത് നിലകൊള്ളുന്ന സ്ഥലവും. 1948ല്‍ ഫലസ്തീനിന്റെ വിവിധ ഭാഗങ്ങള്‍ വെട്ടിപ്പിടിച്ച് അവരെ ആട്ടിയോടിച്ച ഇസ്‌റാഈല്‍ ഇപ്പോള്‍ ബൈത്തുല്‍ മുഖദ്ദസ് പിടിച്ചടക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഇസ്‌ലാമിക സമൂഹം അനുവദിക്കില്ല. ലോകത്ത് മുഴുവന്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഈ തീരുമാനം മുസ്‌ലിംകള്‍ക്ക് ഉണ്ടാക്കുന്ന ഹൃദയ വേദനയുടെ തോതിനെ കാണിക്കുന്നു. വിശ്വാസപരമായ അവകാശങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ആര് ശ്രമിച്ചാലും മുസ്‌ലിംകള്‍ അതിനെതിരെ ശക്തമായി നിലകൊള്ളും.
അവിവേക നടപടികളിലൂടെ ലോക സമാധാനം കെടുത്താന്‍ ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ തന്നെ വലിയൊരു ശതമാനം ആളുകള്‍ പ്രതിഷേധിക്കുന്നു. ഇത്തരം ഭരണാധികാരികള്‍ ലോകത്ത് പ്രശ്‌നമുണ്ടാകുന്നത് നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്രസഭക്ക് സാധിക്കണം. ഫലസ്തീന്റെ കൂടെ നിന്ന് ചരിത്രപരമായ മാതൃകകള്‍ കാണിച്ച ഇന്ത്യ ആ പാരമ്പര്യത്തില്‍ നിലനിന്ന് ട്രംപിന്റെ നടപടിയെ ചെറുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


