ദുബൈയിലും അബുദാബിയിലും വിവിധയിടങ്ങളില്‍ മഴ; വരുംദിനങ്ങളില്‍ തണുപ്പ് വര്‍ധിക്കും

Posted on: December 9, 2017 8:07 pm | Last updated: December 9, 2017 at 8:07 pm

ദുബൈ: ശൈത്യകാലത്തിന് കുളിര്‍മ വര്‍ധിപ്പിച്ച് ദുബൈ, അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ മഴ. ഇന്നലെ വൈകുന്നേരമാണ് തണുപ്പിന് അകമ്പടിയായി നനുത്ത മഴ എത്തിയത്. അവധി ദിനമായതിനാല്‍ പാര്‍ക്കുകളിലും പൊതു സ്ഥലങ്ങളിലും ചിലവഴിക്കാന്‍ പുറത്തിറങ്ങിയവര്‍ക്ക് തണുത്ത അനുഭവമാണ് മഴ സമ്മാനിച്ചത്.
അതേസമയം, യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ താപനില നന്നേ കുറഞ്ഞു. ചില ഭാഗങ്ങളില്‍ 4.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. കുടുംബത്തോടൊപ്പം പാര്‍ക്കുകളിലും മറ്റു ഉല്ലാസ കേന്ദ്രങ്ങളിലും ചിലവഴിക്കുന്നതിനും വിവിധ വിനോദങ്ങളിലും ഏര്‍പെടുന്നതിനും മികച്ച സമയമാണ് യു എ ഇയില്‍. യു എ ഇയുടെ മറ്റൊരു പ്രധാന കേന്ദ്രമായ ധമതയില്‍ 2.2 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ പലയിടത്തും അഞ്ച് ഡിഗ്രി സെല്‍ഷ്യസ് താപനില തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പിലുണ്ട്. വരും ദിവസങ്ങളില്‍ യു എ ഇയുടെ വിവിധയിടങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. രാത്രികാലങ്ങളില്‍ മേഘങ്ങള്‍ ശക്തി പ്രാപിച്ചു മഴ ലഭിക്കുവാനും കൂടുതല്‍ സാധ്യതയുടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.
തീരപ്രദേശങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 23 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. രാജ്യത്തിന്റെ ഉള്‍മേഖലകളില്‍ 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില തുടരുവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. സമുദ്രം രാത്രികാലങ്ങളില്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.