ചെല്ലാനത്തെ നിരാഹാര സമരം ഒത്തുതീര്‍ന്നു

Posted on: December 9, 2017 11:51 am | Last updated: December 9, 2017 at 2:38 pm

കൊച്ചി: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച ചെല്ലാനത്ത് നാട്ടുകാര്‍ നടത്തുന്ന റിലേ നിരാഹാര സമരം ഒത്തുതീര്‍ന്നു. ആറാം ദിവസമായ ഇന്ന് സമരക്കാരും ജില്ലാ കലക്ടറും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കടല്‍തീരത്ത് അടിയന്തരമായി കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കണമെന്ന ആവശ്യം അംഗീകരിച്ച അധികൃതര്‍ കടല്‍ഭിത്തി നിര്‍മാണം ഫ്രെബുവരി അവസാനത്തോടെ ആരംഭിക്കാമെന്ന് ഉറപ്പ് നല്‍കി. ചെല്ലാനം പ്രദേശത്ത് സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി.

മൂന്ന് ദിവസത്തിനുള്ളില്‍ പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും ചെല്ലാനത്തെ തകര്‍ന്ന വീടുകള്‍ പരിശോധിച്ച് വേണ്ട ധനസഹായം നല്‍കാനും തീരുമാനിച്ചു. നിര്‍മാണം സമയബന്ധിതമായി തുടങ്ങിയില്ലെങ്കില്‍ ഏപ്രിലോടെ രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.