Connect with us

Gulf

പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് അമീര്‍

Published

|

Last Updated

ദോഹ: രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആവര്‍ത്തിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമീര്‍ നിലപാട് ആവര്‍ത്തിച്ചത്.

തര്‍ക്കം പരിഹരിക്കുന്നതിലാണ് രാജ്യത്തിന്റെ താത്പര്യം. ഇതിനുവേണ്ടി സഊദി സഖ്യവുമായി തുറന്ന ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ഹനിച്ചുകൊണ്ടുള്ള സംവാദത്തിന് തയാറല്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരേയും അനുവദിക്കില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് ഉപരോധത്തിന്റെയും കലാപങ്ങളേയും പിന്നിലുള്ള കാരണങ്ങള്‍ അറിയാനുള്ള അവകാശമുണ്ട്. തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയും അമീര്‍ ആവര്‍ത്തിച്ചു.
കുവൈത്തിന്റെ മധ്യസ്ഥതയില്‍ സംഭാഷണം നടക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ അനുരഞ്ജനം അനിവാര്യമാണ്. കുവൈത്ത് അമീറിന്റെ മധ്യസ്ഥതയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവാദം നടത്തുകയാണ് പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് രാജ്യത്ത് മികച്ച വരവേല്‍പ്പ് നല്‍കി. അമീരി ദിവാനില്‍ നടന്ന രാജ്യത്തലവന്‍മാരുടെ കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും മന്ത്രിമാരും പങ്കെടുത്തു. ഗള്‍ഫ് പ്രതിസന്ധിക്കു പുറമേ പലസ്തീന്‍, സിറിയ, യമന്‍, ലിബിയ, ഇറാഖ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ വന്നതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും തീവ്രവാദത്തിനെതിരേയുള്ള ഇരു രാജ്യങ്ങളുടേയും പോരാട്ടവും സഹകരണവും ചര്‍ച്ചാവിഷയമായി. തുടര്‍ന്ന് സംയുക്ത സഹകരണം സംബന്ധിച്ച് ഉഭയകക്ഷി യോഗവും ചേര്‍ന്നു.

അമീറിന്റെയും ഫ്രഞ്ച് പ്രസിഡന്റിന്റേയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും വിവിധ ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. തീവ്രവാദത്തിനെതിരേയും തീവ്രവാദ ധനസഹായത്തിനെതിരേയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കല്‍, ഖത്വര്‍-ഫ്രഞ്ച് പ്രതിരോധ മന്ത്രാലയങ്ങളുടെ സഹകരണം, വിദ്യാഭ്യാസ മേഖലയില്‍ സാംസ്‌കാരിക കലാ സഹകരണ കരാര്‍, ഖത്വര്‍-ഫ്രഞ്ച് ദേശീയ വായനശാലകള്‍ തമ്മില്‍ ധാരണാപത്രം, പൊതുമരാമത്ത് വകുപ്പും ഫ്രഞ്ച് വേസ്റ്റ്-വാട്ടര്‍ മാനേജ്മെന്റ് ഗ്രൂപ്പും തമ്മില്‍ സഹകരണ കരാര്‍, ഖത്വര്‍ റെയില്‍വേ കമ്പനിയും ഫ്രഞ്ച് ദേശീയ റെയില്‍വേ കോര്‍പറേഷനും പരിഷ്യന്‍ ട്രാന്‍സ്പോര്‍ട്ട് ഓപറേറ്ററും തമ്മിലുള്ള സഖ്യവുമായുള്ള സഹകരണം, പ്രതിരോധ മന്ത്രാലയവും നെക്സ്റ്റര്‍ കമ്പനിയും തമ്മില്‍ ധാരണാപത്രം എന്നിവയാണ് ഒപ്പുവെച്ചത്. ഫ്രാന്‍സിന്റെ പന്ത്രണ്ട് റാഫല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയവും ഡസോ ഏവിയേഷന്‍ ഗ്രൂപ്പും തമ്മിലും കരാര്‍ ഒപ്പുവെച്ചു. മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് യുദ്ധവിമാനങ്ങളുടെ വില്‍പന കരാറില്‍ ഒപ്പുവെച്ചത്.