മുസ്ലിംകളെ മാറ്റിനിര്‍ത്തി യുഎസിന് മുന്നോട്ടുപോകാനാകില്ല: യുഎസ് പ്രതിനിധി സഭാംഗം പ്രമീളാ ജയപാല്‍

Posted on: December 8, 2017 3:05 pm | Last updated: December 9, 2017 at 9:33 am

അമേരിക്കന്‍ സാമൂഹിക ക്രമത്തില്‍ കുടിയേറ്റക്കാര്‍ക്കും മുസ്്‌ലിംകള്‍ക്കും വളരെ വലിയ പ്രധാന്യമാണുള്ളതെന്ന് ഇന്ത്യന്‍ വംശജയായ യു എസ് പ്രതിനിധി സഭാംഗം പ്രമീളാ ജയപാല്‍. മുസ്ലിംകളെയും കുടിയേറ്റക്കാരെയും മാറ്റിനിര്‍ത്തി ഒരിക്കലും ഈ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അവര്‍ പറഞ്ഞു. യുഎസ് വിദേശകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഷിംഗ്ടണില്‍ എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അവര്‍.

തീവ്രവാദ പ്രവണതകളെ കുടിയേറ്റക്കാരുമായോ ഏതെങ്കിലും മതവുമായോ ബന്ധപ്പെടുത്താനാകില്ല. കുടിയേറ്റക്കാരാണ് അക്രമാസക്ത പ്രതികരണങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ വരുന്ന പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരമൊരുക്കുന്ന രാഷട്രീയ, സാമ്പത്തിക വ്യവസ്ഥയാണ് അമേരിക്കയില്‍ നിലനില്‍ക്കുന്നതെന്നും കേരളത്തില്‍ വേരുകളുള്ള ഡെമോക്രാറ്റ് നേതാവ് പ്രമീള പറഞ്ഞു.

പാലക്കാട്ടാണ് പ്രമീളയുടെ കുടുംബ വീട്. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പഠനം പൂര്‍ത്തിയാക്കിയ അവര്‍ കുറച്ച് വര്‍ഷങ്ങള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്ത ശേഷമാണ് സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് കടക്കുകയായിരുന്നു.