റഷ്യയില്‍ പുടിന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക്

Posted on: December 7, 2017 9:06 am | Last updated: December 7, 2017 at 9:31 am

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വോള്‍ഗയിലെ കാര്‍ ഫാക്ടറി തൊഴിലാളികളുമായി സംസാരിക്കവെയാണ് പുടിന്‍ തന്റെ തീരുമാനം അറിയിച്ചത്.

2000 മുതല്‍ പ്രസിഡന്റായും പ്രധാനമന്ത്രിയായും റഷ്യന്‍ അധികാര കസേരയില്‍ ഇരിക്കുന്ന പുടിന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ 2024വരെ പ്രസിഡന്റായി തുടരും.
കടുത്ത പുടിന്‍വിരുദ്ധയും മാധ്യമ പ്രവര്‍ത്തകയുമായ കിസേനിയ സൊബ്ഷാക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള പ്രതിപക്ഷ നേതാവ് അലെക്‌സി നാവല്‍നിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. പണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചതോടെ മത്സരത്തില്‍ നിന്ന് അലെക്‌സി അയോഗ്യനാകുകയായിരുന്നു. എന്നാല്‍, രാഷ്ട്രീയ പ്രേരിതമാണ് തനിക്കെതിരായ ആരോപണമെന്നാണ് അലെക്‌സിയും പ്രതിപക്ഷ പാര്‍ട്ടിയും ആരോപിക്കുന്നത്.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അടുത്ത ബന്ധം പുടിനെ വിവാദത്തിലാക്കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് വിജയം സുനിശ്ചിതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.