അമിത് ഷാ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന് വെളിപ്പെടുത്തല്‍

Posted on: December 5, 2017 11:55 pm | Last updated: December 5, 2017 at 11:55 pm

ബെംഗളൂരു: ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് അക്രമം നടത്താന്‍ ആഹ്വാനം നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബി ജെ പി. എം പി പ്രതാപ് സിംഹ. കര്‍ണാടകയില്‍ അക്രമത്തിലധിഷ്ഠിതമായ പ്രതിഷേധങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചതിനെ സംബന്ധിച്ച് പ്രതാപ് സിംഹ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 37 മിനുട്ട് ദൈര്‍ഘ്യമാണ് വീഡിയോക്കുള്ളത്. വീഡിയോ പുറത്തുവന്നത് ബി ജെ പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

യുവമോര്‍ച്ചാ നേതാക്കളും അമിത് ഷായും തമ്മില്‍ ചര്‍ച്ച നടത്തുകയും, ഈ ചര്‍ച്ചയില്‍ അമിത് ഷാ നേതാക്കളോട് ആക്രമണസ്വഭാവമുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചുവെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. യുവമോര്‍ച്ചാ നേതാക്കള്‍ തങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളെക്കുറിച്ച് അമിത് ഷായോട് പറഞ്ഞപ്പോള്‍, കൂടുതല്‍ കലാപം സൃഷ്ടിക്കാന്‍ കഴിയുന്ന പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന് എം പി പറയുന്നു. എന്നാല്‍ സംസ്ഥാനത്ത് അമിത് ഷാ ആഹ്വാനം ചെയ്തതുപോലുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടില്ലെന്നും എം പി പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സിംഹ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

എന്നാല്‍ സിംഹ നടത്തിയ ആരോപണങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പ്രതിഷേധങ്ങള്‍ നടത്തണമെന്നാണ് അമിത് ഷാ നിര്‍ദേശിച്ചതെന്നും യെദ്യൂരപ്പ പറയുന്നു. ഹുന്‍സൂരില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതാപ് സിംഹയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തില്‍ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. എം പിയെ അറസ്റ്റ് ചെയ്ത നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.