Connect with us

Ongoing News

'ആ ചരിത്ര ദൗത്യം ജനം കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചു കഴിഞ്ഞു'

Published

|

Last Updated

നിര്‍ണായക തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുനിന്ന് പിന്മാറി ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിക്കാനുള്ള ദൗത്യമാണ് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയുടേത്. മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കിയുടെ മകനായ ഇദ്ദേഹം ഗുജറാത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യം ഉറപ്പുവരുത്താനുള്ള ഓട്ടത്തിലാണ്.

അതിനിടെയാണ് സിറാജുമായി സംസാരിക്കാന്‍ അദ്ദേഹം സമയം അനുവദിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മണ്ഡലമായ പശ്ചിമ രാജ്‌കോട്ടില്‍ ബി ജെ പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഈ സംഭവത്തില്‍ പരാതി പറയാനെത്തി അറസ്റ്റിലായ, രൂപാനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദ്രനീല്‍ രാജ്യഗുരുവിനെയും അദ്ദേഹം കണ്ടു. അഭിമുഖത്തില്‍ നിന്ന്:

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാണുന്ന പ്രത്യേകത എന്താണ്?

രണ്ട് പതിറ്റാണ്ട് നീണ്ട ബി ജെ പി ഭരണത്തിന്റെ കെടുതികള്‍ ഗുജറാത്ത് ജനത തിരിച്ചറിഞ്ഞ് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷത. ഒപ്പം ബി ജെ പിയുടെ ഭരണം അവസാനിപ്പിക്കാനുള്ള ചരിത്ര ദൗത്യം ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഏല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത് പാര്‍ട്ടി വിജയകരമായി പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും.

സംസ്ഥാനത്ത് ജനകീയനായ നേതാവില്ലെന്ന പരിമിതി കോണ്‍ഗ്രസിനില്ലേ?

അതിനേക്കാള്‍ പ്രധാനമായ പ്രശ്‌നമാണ് ഗുജറാത്തിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. ജനം കൂടെയുള്ളപ്പോള്‍ ഇത് പരിമിതിയാകില്ല.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്?
ഇത് വലിയ പ്രശ്‌നമായി കാണുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് കാണാം. ഇപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

താങ്കള്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ കാരണം?
പാര്‍ട്ടിയുടെയും ഗുജറാത്തിന്റെയും വിജയത്തിന് ചുക്കാന്‍ പിടിക്കാനുള്ള ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്. അത് തന്നിലുള്ള വിശ്വാസം കൊണ്ടാണെന്ന് ബോധ്യമുണ്ട്.

സംസ്ഥാനത്ത് നിലവിലുള്ള ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ടോ?
അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ജനങ്ങള്‍ തന്നെ ഇക്കാര്യം ഏറ്റെടുത്തിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ ജോലി എളുപ്പമാക്കിയിരിക്കുകയാണ്.

ഹര്‍ദിക്- അല്‍പേഷ്- ജിഗ്നേഷ് കൂട്ടുകെട്ട് എത്രത്തോളം പ്രതീക്ഷ നല്‍കുന്നുണ്ട്?
ഹര്‍ദിക്കും ജിഗ്നേഷും അല്‍പേഷുമെല്ലാം ഗുജറാത്തിലെ ബി ജെ പി ഭരണത്തിന്റെ കെടുതികള്‍ രാജ്യത്തിന് മുന്നില്‍ തുറന്നുകാട്ടിയ പ്രതീകങ്ങളാണ്. ഇവര്‍ പ്രതിനിധീകരിക്കുന്നത് സംസ്ഥാനത്തെ സാധാരണക്കാരെയാണ്. ഇതിന്റെ ഗുണം കോണ്‍ഗ്രസിനേക്കാള്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് തന്നെയാണ് ലഭിക്കാന്‍ പോകുന്നത്.

തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്?
അത് കാണാന്‍ പോകുന്ന യാഥാര്‍ഥ്യമാണ്. ഗുജറാത്തിലെ ബി ജെ പി വാഴ്ച അവസാനിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

 

 

Latest