Connect with us

Sports

ഐ ലീഗ്: ഗോകുലം എഫ് സി- ചെന്നൈ സിറ്റി പോരാട്ടം ഇന്ന്

Published

|

Last Updated

കോഴിക്കോട്: നിനച്ചിരിക്കാതെ കോഴിക്കോടിന്റെ മണ്ണിലെത്തിയ കാല്‍പ്പന്ത് കളിയെ വരവേല്‍ക്കാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഒരുങ്ങി. കാല്‍പ്പന്ത് കളി നെഞ്ചേറ്റിയ നാട്ടില്‍ ഏഴ് വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ ഐ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി എട്ടിന് ഗോകുലം കേരള എഫ്‌സി യും ചെന്നൈ എഫ് സിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ വാശിയേറിയ മത്സരത്തിന് നേരിട്ട് സാക്ഷിയാകാമെന്ന പ്രതീക്ഷയിലാണ് കളിപ്രേമികള്‍. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

ഏഴ് വര്‍ഷം മുമ്പാണ് അവസാനമായി കോഴിക്കോട് ഐ ലീഗിന് വേദിയായത്. അന്ന് വിവ കേരളയായിരുന്നു കോഴിക്കോടിന്റെ ഹോം ഗ്രൗണ്ടില്‍ പന്ത് തട്ടിയത്. കേരളത്തില്‍ നിന്നുള്ള ഏക ടീമായ ഗോകുലം എഫ്‌സി അടക്കം 10 ടീമുകളാണ് ഐ ലീഗില്‍ ബൂട്ട് കെട്ടുന്നത്. ആകെ ഒമ്പത് മത്സരങ്ങളാണ് കോഴിക്കോട്ട് നടക്കുക.
ഈ മാസം ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നെറോക്ക എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. ഐ എസ് എല്‍ താരം മുന്‍താരം സുശാന്ത് മാത്യു നയിക്കുന്ന ഗോകുലം കേരള എഫ്‌സിയുടെ കോച്ച് ബിനോ ജോര്‍ജാണ്. മികച്ച വിജയമാണ് ലക്ഷ്യമെന്ന് ഗോകുലം കേരള എഫ്‌സിയ ക്യാപ്റ്റന്‍ സുശാന്ത് മാത്യു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചെന്നൈ എഫ്‌സി യും നല്ല പ്രതീക്ഷയിലാണ്. അഞ്ച് സന്തോഷ് ട്രോഫി താരങ്ങളും നാല് വിദേശ താരങ്ങളും ഒരു ഐ എസ് എല്‍ താരമുള്‍പ്പടെയുള്ള ടീമില്‍ നാല് പേര്‍ മലയാളികളാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ സുസേരാജാണ് ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ എഡ്വിനാണ്. മുന്‍ സന്തോഷ് ട്രോഫി താരങ്ങളാണ് ഇരുവരും. മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളും ഏജീസ് അതിഥി താരങ്ങളുമായ ക്ലിന്റു, ഷാജി എന്നിവരും ടീമിലുണ്ട്. സുന്ദരരാജനാണ് കോച്ച്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ആരോസിനോട് പരാജയപ്പെട്ട ടീം കോഴിക്കോട്ട് കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. എതിരാളികള്‍ ശക്തരാണെന്ന് ടീം കോച്ചും ക്യാപ്റ്റനും പറഞ്ഞു.

മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. ഗോകുലം ഓഫീസുകളിലും കെഡിഎഫ്എ ഓഫീസിലും സ്‌റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്നും ഇന്ന് രാവിലെ 10 മുതല്‍ ഏഴ് വരെ ടിക്കറ്റ് വില്‍പ്പനയുണ്ടാകും. ഗ്യാലറിക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കസേരകള്‍ക്ക് 200 രൂപയും. ഒമ്പത് കളിക്കുള്ള സീസണ്‍ ടിക്കറ്റിന് 350 രൂപയാണ് നിരക്ക്.

Latest