Connect with us

Articles

നിങ്ങളുടെ എല്‍ ഡി എഫില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍...

Published

|

Last Updated

ജനരക്ഷായാത്ര, ജനജാഗ്രതാ യാത്ര. പിന്നെയതാ, പടയൊരുക്കം. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരാണ് ഈ ജാഥ. രണ്ട് സര്‍ക്കാറുകള്‍ക്കെതിരെയും ഒന്നിച്ച് ജാഥ നടത്താന്‍ കഴിഞ്ഞത് ഇപ്പോഴാണ്. ഇതുവരെ കേരളത്തിലോ, കേന്ദ്രത്തിലോ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഇത് പറ്റില്ല. ഇപ്പോഴാണ് ഇങ്ങനെയൊന്ന് ഒത്തുവന്നത്. തുടങ്ങിയപ്പോള്‍ ആര്‍ക്കെതിരെയാണ് പടയൊരുക്കം എന്ന് ചില പാര്‍ട്ടിക്കാര്‍ ചോദിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരാണെന്ന് ഒരു വിഭാഗം. മറ്റേ ഗ്രൂപ്പിനെതിരാണെന്ന് മറ്റൊരു വിഭാഗം.

പടയൊരുക്കം പാതി പിന്നിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. അത് നന്നായി കത്തിക്കാന്‍ എല്‍ ഡി ഫുകാര്‍ അണിയറയില്‍ പടയൊരുക്കം നടത്തി. യു ഡി എഫുകാര്‍ക്ക് ഇരിക്കപ്പൊറുതി കിട്ടരുതെന്നാണ് ചിന്ത. അതിനായി പ്രത്യേക നിയമസഭാ സമ്മേളനം തന്നെ വിളിച്ചു. സോളാര്‍ കത്തിച്ച് കൈയില്‍ കൊടുത്തു. അങ്ങനെ കളിക്കെന്റെ നമ്പോലാ…ചാണ്ടിയും കൂട്ടരും ഒരു വിധമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അപ്പോഴതാ മറ്റൊരു പടയൊരുക്കം. മന്ത്രി ചാണ്ടിക്കെതിരെയാണ്. കായല്‍ കൈയേറ്റമാണ് വിഷയം. പത്രക്കാരും എതിര്‍ പാര്‍ട്ടിക്കാരും മന്ത്രിക്ക് പിന്നാലെ… രാജി വെക്കാതിരിക്കാന്‍ എല്ലാ കളിയും കളിച്ചു. ഒരു പടയൊരുക്കവും നടന്നില്ല. അവസാനം രാജി വെച്ചു. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്ന് പറഞ്ഞത് പോലെയായി…
ആ മുന്‍ മന്ത്രിയുണ്ടല്ലോ, മന്ത്രിയാവാനുള്ള പടയൊരുക്കത്തിലാണ്. നേരത്തെ മംഗളത്തില്‍ കുടുങ്ങി രാജി വെച്ചതാണ്. കുറച്ച് കാലം മന്ത്രിയല്ലാതെ നടന്നു. അപ്പോഴതാ, മന്ത്രിയാകാന്‍ വീണ്ടും അവസരം. വഴിയിലെ തടസ്സങ്ങള്‍ നീക്കാനുള്ള ശ്രമത്തിലാണ്. അണിയറയില്‍ ഒരുക്കം തുടങ്ങി. രണ്ടാം കെട്ട് പോലെയാണ്. വലിയ ജോറ് കാണില്ല. എന്നാലും പാര്‍ട്ടിക്കൊരു മന്ത്രി വേണ്ടായോ എന്നതില്‍ പിടിച്ച് കയറാം. ഒരുക്കം നടത്തി, ഒരുക്കം നടത്തി അവസാനം ശശിയാകാതിരുന്നാല്‍ മതി!

വീരനും ഒരുക്കത്തിലാണ്. നിതീഷിനെ വിട്ട് ശരത്തിന്റെ കൂടെ കൂടാനുള്ള പടയൊരുക്കത്തില്‍. കുറെ ദിവസമായി തുടങ്ങിയിട്ട് ഈ വയറ്കടി. നിതീഷ് കാവിക്കാരുടെ കൂടെ കൂടിയപ്പോഴേ തുടങ്ങിയതാ. ഓക്കാനം. ദഹനക്കുറവാണേയ്. ഇവിടെ കോണ്‍ഗ്രസിന്റെ കൂടെ, അവിടെ സംഘക്കാരുടെ കൂടെ. എന്തായിത്? നാട്ടുകാരെന്ത് വിചാരിക്കും. രാമന്റെ ദുഃഖം.

ഭരണം തുടങ്ങിയപ്പോഴേ പടയൊരുക്കവും തുടങ്ങി. വല്യേട്ടന്‍ ഒന്നു പറയുമ്പോള്‍ ചെറിയേട്ടന്‍ രണ്ട് പറയും. വല്യേട്ടന്‍ വേണമെന്ന് പറയുമ്പോള്‍ ചെറിയേട്ടന്‍ വേണ്ടെന്ന്. അതിരപ്പിള്ളി വേണമെന്ന് സി പി എം. വേണ്ടെന്ന് സി പി ഐ. മുന്നാറില്‍ എല്ലാ കൈയേറ്റവും ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി. പറ്റില്ലെന്ന് മന്ത്രി മണി. മൂന്നാറിനായി ബന്ദ്, ബന്ദിനില്ലെന്ന് ഉറ്റബന്ധു. റവന്യൂ സെക്രട്ടറിയെ മാറ്റണമെന്ന് മന്ത്രി. മാറ്റം വരുത്താതെ മന്ത്രിസഭ.

കൊണ്ടും കൊടുത്തുമുള്ള ഈ കളി തുടങ്ങിയിട്ട് മാസങ്ങളായി. ഓരോന്നിനും എത്രയെത്ര പടയൊരുക്കങ്ങളാണ്. അവസാനം മന്ത്രിസഭാ യോഗം തന്നെ ബഹിഷ്‌കരിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഇതാ നീലക്കുറിഞ്ഞി വരുന്നുണ്ട്. കുറിഞ്ഞിക്കായി ഇറങ്ങിപ്പോക്കോ, ഇറങ്ങിയോട്ടമോ? അണിയറയിലെ പടയൊരുക്കത്തെ കുറിച്ച് ആര്‍ക്കറിയാം?

സീരിയലുകളെ വെല്ലുന്ന പടപ്പുറപ്പാടാണ് കാണുന്നത്. ഓരോ ദിവസവും പുതിയ പുതിയ വാക്കുകള്‍, വാഗ്വാദങ്ങള്‍, വെല്ലുവിളികള്‍…റേറ്റിംഗില്‍ പരസ്പരവും കറുത്ത മുത്തും ഈ സീരിയലിന് പിന്നിലാകും. മറക്കാതെ കാണുക, നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍…