Connect with us

Gulf

മ്യൂസിയത്തിലെ അബ്ദുല്ലകുട്ടിയുടെ സേവനത്തിന് 30 വയസ്‌

Published

|

Last Updated

റാസ് അല്‍ ഖൈമ: മലപ്പുറം ജില്ലയിലെ എടപ്പാള്‍ കാലടി പഞ്ചായത്തില്‍ തുരുത്തി സ്വദേശി അബ്ദുല്ല കുട്ടി റാസ് അല്‍ ഖൈമ മ്യൂസിയത്തില്‍ സേവനം തുടങ്ങിയിട്ട് ഇന്ന് വര്‍ഷം മുപ്പത് തികഞ്ഞു. 1985 സപ്തംബര്‍ നാലിനാണ് അബ്ദുല്ലക്കുട്ടി ആദ്യമായി യു എ ഇ ലെത്തിയത്.

വളരെ പിന്നോക്കം നില്‍ക്കുന്ന വികസനമില്ലാത്ത പ്രദേശമായിരുന്നു അന്ന് റാസ് അല്‍ ഖൈമ. വിവിധ സ്ഥലങ്ങളില്‍ ജോലി അന്വേഷിച്ച അബ്ദുല്ല കുട്ടി സപ്തംബര്‍ 27 നാണ് ആദ്യമായി റാസ് അല്‍ ഖൈമ സര്‍ക്കാരിന്റെ കീഴില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ റാസ് അല്‍ ഖൈമയില്‍ മ്യൂസിയം സ്ഥാപിച്ചിരുന്നില്ല ഭരണാധികാരിയുടെ പഴയ വീട് നവീകരിച്ചു മ്യൂസിയം നിര്‍മാണ ജോലി നടന്ന് കൊണ്ടിരിക്കുകയായിരുന്നു. 1985 ഡിസംബറിലാണ് മ്യൂസിയത്തില്‍ ആദ്യമായി വിസ അടിച്ചത്. 600 ദിര്‍ഹം ശമ്പളത്തിലാണ് അബ്ദുല്ല കുട്ടി തുടക്കത്തില്‍ ജോലിയില്‍ കയറിയത്, പിന്നീട് ശമ്പളം വര്‍ധിക്കുകയായിരുന്നു. വര്‍ഷം പലതും കഴിഞ്ഞതോടെ റാസ് അല്‍ ഖൈമ വളരെ പുരോഗമിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ ജീവിതത്തില്‍ തൃപ്തനാണ് അബ്ദുല്ല കുട്ടി. മേഖലയിലെ ഭരണാധികാരികളായ ശൈഖ് ഖാബൂസ്, ശൈഖ് ഖലീഫ, ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ എന്നിവരെ അടുത്തു കാണാനും പരിചരിക്കാനും ഭാഗ്യം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. വര്‍ഷം 60 പൂര്‍ത്തിയായ അബ്ദുല്ല കുട്ടിയുടെ വിസ അടുത്ത വര്‍ഷം അവസാനിക്കും. മ്യൂസിയം അധികൃതര്‍ വിസ പുതുക്കി നല്‍കുകയാണെങ്കില്‍ ജോലിയില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.