Connect with us

International

ഉ. കൊറിയയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ യു എസ് ആഹ്വാനം

Published

|

Last Updated

യു എസ് അംബാസഡര്‍ യു എന്നില്‍ സംസാരിക്കുന്നു

ന്യൂയോര്‍ക്ക്: ഉത്തര കൊറിയന്‍ ഭരണകൂടത്തെ പൂര്‍ണമായും തകര്‍ക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഉപരോധങ്ങളും വിലക്കുകളും ഭീഷണികളും വകവെക്കാതെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തര കൊറിയയെ അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. യു എന്‍ രക്ഷാസമിതിയില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ ചൈനയടക്കമുള്ള ഉത്തര കൊറിയന്‍ സഖ്യ രാജ്യങ്ങളോട് അമേരിക്ക ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചൈനയില്‍ നിന്ന് ഉത്തര കൊറിയയിലേക്കുള്ള എണ്ണ ഉത്പന്നങ്ങളുടെ കയറ്റുമതി നിര്‍ത്തലാക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് അന്താരാഷ്ട്ര സമൂഹത്തെ അവഹേളിക്കുകയായിരുന്നു ഉത്തര കൊറിയ ചെയ്തതെന്ന് യു എന്‍ വിലയിരുത്തി. ഉത്തര കൊറിയന്‍ പ്രകോപനത്തെ രൂക്ഷമായി വിമര്‍ശിച്ച് യു എന്നിലെ യു എസ് അംബാസഡര്‍ നിക്കി ഹാലി രംഗത്തെത്തി. യുദ്ധത്തിലേക്ക് നയിക്കുന്ന പ്രകോപനമാണ് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും യുദ്ധം വന്നാല്‍ ഉത്തര കൊറിയന്‍ ഭരണകൂടം പൂര്‍ണമായും നശിക്കുമെന്നും ഹാലി മുന്നറിയിപ്പ് നല്‍കി.
അമേരിക്കയെ മുഴുവന്‍ നശിപ്പിക്കാന്‍ പ്രാപ്തമായ ബാലിസ്റ്റിക് മിസൈലാണ് പ്രയോഗിച്ചതെന്ന ഉത്തര കൊറിയന്‍ പ്രസ്താവന ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഉത്തര കൊറിയയെ അമേരിക്ക കൈകാര്യം ചെയ്യുമെന്ന രീതിയില്‍ ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.
ഉത്തര കൊറിയയുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധം പൂര്‍ണമായും വിച്ഛേദിക്കാന്‍ യു എന്നിലെ യു എസ് അംബാസഡര്‍ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഉത്തര കൊറിയക്കെതിരെ അന്താരാഷ്ട്ര ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും പല രാജ്യങ്ങളും പൂര്‍ണമായ വിച്ഛേദനം നടത്തിയിട്ടില്ല. ഉത്തര കൊറിയയുമായുള്ള വാണിജ്യ ബന്ധം ചൈനയടക്കമുള്ള രാജ്യങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും ഉത്തര കൊറിയയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ ആഹ്വാനം. പ്രധാന സഖ്യവുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിനെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ചിട്ടുണ്ട്.

ഉത്തര കൊറിയക്ക് അന്താരാഷ്ട്ര തലത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഹാലി യു എന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര കൊറിയയുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഹാലി ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest