Connect with us

Articles

മീലാദുന്നബി(സ): പ്രകീർത്തനത്തിൻെറ പ്രാധാന്യം

Published

|

Last Updated

ലോക മുസ്‌ലിംകള്‍ ഏറ്റവും ആഹ്ലാദിക്കുന്ന ദിവസമാണിന്ന്. ആരംഭ റസൂല്‍(സ)യുടെ ജനനം നടന്ന ദിനം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിശ്വാസികള്‍ ഒരുമിച്ചു കൂടുന്നു. അവിടുത്തെ പ്രകീര്‍ത്തിച്ചു കാവ്യങ്ങള്‍ ആലപിക്കുന്നു. മൗലിദുകള്‍ ചൊല്ലുന്നു. പക്ഷേ, വിശ്വാസത്തിന്റെ മൗലികതയോ മധുരമോ അറിയാത്ത ചിലര്‍ തിരുനബി(സ)യുടെ ജന്മദിന സന്തോഷങ്ങളെ പോലും അവഹേളിക്കുന്നുണ്ട് ചിലയിടങ്ങളില്‍. വാസ്തവത്തില്‍ ഇസ്‌ലാമിന്റെ ജ്ഞാനശാസ്ത്ര പാരമ്പര്യമോ തുടര്‍ച്ചയോ മനസ്സിലാക്കാതെ പോയതാണ് അവരുടെ പ്രശ്‌നം.

തിരുനബി(സ)യുടെ ചരിത്രങ്ങള്‍ അനുസ്മരിക്കുന്നതിനും അതിന് വേണ്ടി ഒരുമിച്ചു കൂടുന്നതിനുമാണ് ഇസ്‌ലാമില്‍ മൗലിദുന്നബി എന്ന് പറയുന്നത്. മൗലിദില്‍ ഉദ്ധരിക്കപ്പെടുന്ന പ്രധാന ചരിത്രം നബി(സ)യുടെ ജനനവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമായതിനാലാണ് മീലാദ് എന്ന് പേര് വന്നത്. സൂറത്തുല്‍ ജുമുഅക്ക് ജുമുഅ എന്ന് പേരുള്ള പോലെ. നബി(സ)യുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് തിരുപ്പിറവിയുടെ സമയത്തുണ്ടായ അത്ഭുതങ്ങള്‍, പ്രസവിക്കുന്നതിനു മുമ്പ് ആമിനാ ബീവിക്കുണ്ടായ അത്ഭുതങ്ങള്‍ എന്നിവ. യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ആളുകളുടെ പരമ്പരയിലൂടെയാണ് അല്ലാഹു റസൂലിനെ കൊണ്ടുവന്നത്. ഏറ്റവും നല്ല തറവാട്ടില്‍, കുടുംബത്തില്‍ ആണ് അവിടുന്ന് ജനിച്ചത്. ജനനം മുതല്‍ നുബുവ്വതും രിസാലത്തും ലഭിക്കുന്നതിനു മുമ്പു തന്നെ വളരെ വിശുദ്ധമായിരുന്നു അവിടുത്തെ ജീവിതം.
നബി(സ) തങ്ങളുടെ ജനന-ജീവിത പശ്ചാത്തലവുമായി ബന്ധപ്പെട്ട ചരിത്രങ്ങളും സംഭവങ്ങളുമാണ് മീലാദുന്നബിയില്‍ പറയുന്നത്. കാരണം രിസാലത്ത് കിട്ടിയ ശേഷം അത്ഭുത സംഭവങ്ങളും (മുഅ്ജിസത്ത്) സത്യസന്ധതയും(സ്വിദ്ഖ്) ജ്ഞാനവും (മഅ്‌രിഫത്ത്) ഉണ്ടാവുമെന്നത് വ്യക്തമാണ്. അവയൊന്നും കൂടാതെ ഒരാള്‍ റസൂല്‍ ആവില്ലല്ലോ. റസൂല്‍ ആയി പ്രഖ്യാപിക്കപ്പെട്ട ശേഷം ഉള്ള മഹത്വങ്ങള്‍ നാം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ പ്രസക്തിയുള്ളത് പ്രവാചകത്വലബ്ദി ഉണ്ടാവുന്നതിനു മുമ്പ് തന്നെ എല്ലാ തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആളാണ് റസൂല്‍ എന്നതിനാണ്.

മീലാദ് എന്നാല്‍ അര്‍ഥമാക്കുന്നത് നബി(സ)യുടെ മദ്ഹ് പറയുന്നതിനെയാണല്ലോ. റസൂലിന്റെ മഹത്വം പൂര്‍വകാല വേദഗ്രന്ഥങ്ങളായ തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍ എന്നിവയിലെല്ലാം ഉണ്ടായിരുന്നു. ആ ഗ്രന്ഥങ്ങള്‍ ഇറക്കപ്പെട്ട ആളുകള്‍ നബിയെ പ്രകീര്‍ത്തിച്ചിരുന്നു. കൂടാതെ, അല്ലാഹുവിന്റെ മലക്കുകള്‍ റസൂലിന്റെ പിറവിക്കു എത്രയോ മുമ്പേ അവിടുത്തെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആ പ്രകീര്‍ത്തന രീതി യാതൊരു മാറ്റവുമില്ലാതെ നമ്മിലേക്ക് എത്തിയതാണ്.
മീലാദ് ആദം നബിയുടെ കാലം മുതലേ ഉണ്ട്. ശേഷം വന്ന മുഴുവന്‍ പ്രവാചകന്മാരും നബിയുടെ മീലാദ് നടത്തി എന്നത് തീര്‍ച്ചയാണ്. അതിന്റെ രൂപങ്ങളില്‍ ഒരുപക്ഷേ വ്യത്യാസമുണ്ടായിട്ടുണ്ടാകാം. സൂറത്തു ആലുഇംറാനിലെ എണ്‍പത്തിയൊന്നാമത്തെ ആയത്ത് ഇതിലേക്കുള്ള സൂചനയാണ്.

സ്വഹാബത്ത് തന്നെ പ്രകീര്‍ത്തനങ്ങള്‍ നടത്തിയതിനു എത്രയോ തെളിവുകളുണ്ട്. ഒരിക്കല്‍ മദീനാ പള്ളിയില്‍ ഒരുമിച്ചുകൂടി കഴിഞ്ഞുപോയ അമ്പിയാക്കളുടെ മദ്ഹ് പറഞ്ഞിരിക്കുകയായിരുന്നു സ്വഹാബത്ത്. അത് കേട്ട നബി പറഞ്ഞതിങ്ങനെ: ഇബ്‌റാഹീം നബി അല്ലാഹുവിന്റെ ഖലീല്‍ ആണെന്ന് നിങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ഖലീലും ഹബീബും ആകുന്നു.
സ്വഹാബത്ത് നബിയുടെ മീലാദ് പറയാന്‍ വേണ്ടി ഒരുമിച്ചിട്ടുണ്ട് എന്ന കാര്യം നിശ്ചയം. ഹസ്സാനുബ്നു സാബിത്ത്(റ)വിന് പ്രത്യേകമായ ഒരു ഇടം(മിമ്പര്‍) തയ്യാറാക്കി നല്‍കിയിരുന്നു; പ്രവാചകരുടെ മദ്ഹ് പാടാന്‍. ഖുറൈശികളുടെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ നബി തന്നെ ഹസ്സാന്‍(റ)വിനെ ചുമതലപ്പെടുത്തിയിരുന്നു.

സ്വഹാബത്ത് തന്നെ മൗലിദ് നടത്തിയിട്ടുണ്ട്. നബി(സ)യുടെ അറിവോടെയും അല്ലാതെയും ആ പ്രവര്‍ത്തനത്തിന് ഒരുമിച്ച് കൂടിയിട്ടുണ്ട്. എല്ലാ ദിവസവും ഒരു പോലെയല്ലെന്നും ചില നിര്‍ണിത ദിവസങ്ങളെ പ്രത്യേകം ബഹുമാനിക്കണമെന്നും ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ട്. അല്ലാഹുവിന്റെ ദിവസങ്ങളെ നിങ്ങള്‍ ജനങ്ങള്‍ക്ക് ഓര്‍മപ്പെടുത്തി കൊടുക്കുക എന്നാണ് ഖുര്‍ആന്റെ ആഹ്വാനം. അല്ലാഹു തന്റെ ഹബീബിനെ ഭൂലോകത്തേക്ക് അയക്കാന്‍ തിരഞ്ഞെടുത്ത ദിവസത്തേക്കാള്‍ പരിഗണിക്കാനുള്ള മറ്റേതു ദിവസമുണ്ട് മുസ്‌ലിംകള്‍ക്ക്?

 

---- facebook comment plugin here -----

Latest