Connect with us

Ongoing News

മോദിയുടെ വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി കോണ്‍ഗ്രസ്

Published

|

Last Updated

അഹമ്മദാബാദ്: വൈകാരികമായ പ്രാദേശിക വാദം ഉയര്‍ത്തുന്ന മോദിക്ക് പഴുതടച്ച മറുപടിയുമായി കോണ്‍ഗ്രസ്. ഗുജറാത്തിനെ കൈപ്പിടിച്ചുയര്‍ത്തിയതിന്റെ അംഗീകാരമായാണ് താന്‍ പ്രധാനമന്ത്രിയായതെന്ന മോദിയുടെ വാദം പൊള്ളയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. സംസ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് പറയുന്ന ബി ജെ പി തെളിവുകള്‍ നിരത്തി സംസാരിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. നെഹ്‌റു തൊട്ടുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ഗുജറാത്തിനായി നല്‍കിയിട്ടുള്ള പ്രൊജക്ടുകള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ശര്‍മയുടെ വെല്ലുവിളി.

അനാരോഗ്യകരമായ മാനസിക നിലയുള്ളയാളെപ്പോലെയാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. ലോകം ഉണ്ടായത് താന്‍ അധികാരത്തില്‍ വന്ന ശേഷമാണെന്ന് വിശ്വസിക്കുന്ന ഒരാളോട് യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടാനുള്ള ബാധ്യത നമുക്കുണ്ട്. അമുല്‍ സഹകരണ പ്രസ്ഥാനം ഗുജറാത്തില്‍ വരാന്‍ താത്പര്യമെടുത്തത് നെഹ്‌റുവാണ്. ഐ ഐ എം അഹ്മദാബാദ്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, അങ്കലേഷ്വറില്‍ ഒ എന്‍ ജി സി കോംപ്ലക്‌സ് തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് ഭരണകാലത്താണ് വന്നത്. കാണ്ട്‌ലയിലും ദാഹേജിലും തുറമുഖങ്ങള്‍ വന്നതും അങ്ങനെ തന്നെ. എന്‍ ഡി എ കാലത്ത് വന്ന ധോലേറാ വിമാനത്താവളത്തില്‍ ഇന്നും റണ്‍വേ ശരിയായി ഉപയോഗിക്കാനാകില്ല- ആനന്ദ് ശര്‍മ വിശദീകരിച്ചു.

ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയെ തുറന്ന് കാണിക്കുക മാത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്ന വാദം ശരിയല്ല. നെഹ്‌റു- ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ട് 33 വര്‍ഷം പിന്നിട്ടിരിക്കുന്നു. 1985ല്‍ രാജീവ് ഗാന്ധിയാണ് ഒടുവില്‍ ഈ കുടുംബത്തില്‍ നിന്ന് ഭരണതലപ്പത്തെത്തിയത്. പത്ത് വര്‍ഷത്തെ യു പി എ ഭരണകാലത്ത് രാഹുല്‍ ലോക്‌സഭാ അംഗമായിരുന്നു. പക്ഷേ, അദ്ദേഹം സര്‍ക്കാറിന്റെ ഭാഗമായില്ലെന്നും ശര്‍മ വിശദീകരിച്ചു.