സ്വര്‍ണകടത്ത് പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കളും

Posted on: October 31, 2017 3:27 pm | Last updated: November 1, 2017 at 10:45 am
പ്രതിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖും യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസും

കോഴിക്കോട്: എല്‍ഡിഎഫ് നേതാക്കളുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ സ്വര്‍ണകടത്ത് കേസില്‍ കോഫെപോസെ പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അബുല്ലൈസിനൊപ്പം നില്‍ക്കുന്ന യു.ഡി.എഫ് നേതാക്കളുടെ ചിത്രം പുറത്ത്. കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി. സിദ്ധീഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് ചിത്രം എടുത്തിരിക്കുന്നത്.

എന്നാല്‍; അബുല്ലൈസിനെ വ്യക്തിപരമായി അറിയില്ലെന്ന് ടി. സിദ്ധീഖ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ ചിത്രമാണിത്. അന്ന് പലരുമായും ഫോട്ടോയെടുത്തിരുന്നു. സ്വര്‍ണകടത്ത് കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സിദ്ധീഖ് വ്യക്തമാക്കി. അബുല്ലൈസുമായി ബന്ധമില്ലെന്ന് പി.കെ ഫിറോസും പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഫിറോസ് മാധ്യമങ്ങളെ അറിയിച്ചു.

നേരത്തെ കാരാട്ട് റാസാഖ് പിടിഎ റഹീം തുടങ്ങിയ എല്‍ഡിഎഫ് നേതാക്കള്‍ പ്രതിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രചരിച്ചിരുന്നു.