Connect with us

Articles

സി ജിന്‍പിംഗ്: സി എന്‍ എന്‍ പോലും പരിഭ്രമിക്കുന്നുണ്ട്

Published

|

Last Updated

“അടുത്ത മാസം ചൈന സന്ദര്‍ശിക്കാനിരിക്കുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അഭിമുഖീകരിക്കേണ്ടി വരിക തന്നേക്കാള്‍ പല മടങ്ങ് കരുത്തനായ പ്രസിഡന്റിനേയായിരിക്കും”. ചൈനീസ് കമൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഒരു ഊഴം കൂടി നിയോഗിക്കപ്പെട്ട സി ജിന്‍പിംഗിനെക്കുറിച്ച് സി എന്‍ എന്‍ നടത്തിയ വിശകലനത്തിലെ ആമുഖവാക്യമാണ് ഇത്. സി പി സിയുടെ ജനറല്‍ സെക്രട്ടറിയാകുക എന്ന് വെച്ചാല്‍ ചൈനയെന്ന ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള, ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി കുതിക്കുന്ന രാജ്യത്തിന്റെ അനിഷേധ്യനായ ഭരണത്തലവനാകുക എന്നതാണ് അര്‍ഥം.

അമേരിക്കന്‍ പ്രസിഡന്റിന് വിപുലമായ അധികാരങ്ങളുണ്ട്. വീറ്റോയടക്കമുള്ള ആ അധികാര പരിധി പക്ഷേ, കോണ്‍ഗ്രസിനാല്‍ നിയന്ത്രിതമാണ്. ഫെഡറല്‍ സ്റ്റേറ്റുകളുടെ സ്വയംഭരണ, നിയമനിര്‍മാണ അധികാരങ്ങളും അദ്ദേഹത്തിന്റെ തന്നിഷ്ടത്തെ പിരിമിതപ്പെടുത്തുന്നു. നീതിന്യായ വിഭാഗത്തിന്റെ ഇടപെടലും പ്രസിഡന്റിന്റെ സ്വേച്ഛകള്‍ക്ക് മേലുണ്ടാകും. ട്രംപിന്റെ കാര്യം പ്രത്യേകമായെടുത്താല്‍ അദ്ദേഹം നിരവധിയായ ആഭ്യന്തര പ്രതിസന്ധികളുടെ തടവറയിലാണെന്ന് കാണാനാകും. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കലിന്റെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അവരുടെ പാര്‍ട്ടിയുടെ പ്രകടനം അത്ര ആധികാരികമായിരുന്നില്ല. കക്ഷികളുടെ ഔദാര്യങ്ങള്‍ അവരെ നാലു ഭാഗത്ത് നിന്ന് പിടിച്ചു വലിക്കുന്നു. നാസി പാര്‍ട്ടി പാര്‍ലിമെന്റില്‍ അംഗത്വം നേടുന്ന നിലയിലേക്ക് ജനസമ്മിതി നേടിയത് അവരുടെ സ്വതന്ത്രമായ നയസമീപനങ്ങളില്‍ വലിയ ആഘാതം ഏല്‍പ്പിച്ചിരിക്കുന്നു. തീവ്രവലതുപക്ഷ യുക്തികളിലേക്ക് സ്വന്തം ജനത കൂപ്പു കുത്തുമ്പോള്‍ മെര്‍ക്കല്‍ കൂടുതല്‍ ദുര്‍ബലയാണ്. ബ്രിട്ടീഷ് ഭരണാധികാരി തെരേസ മെയ് ആകട്ടേ ബ്രക്‌സിറ്റില്‍ പുലിവാല് പിടിച്ചിരിക്കുന്നു. ഈ നേതാക്കളുടെയെല്ലാം അധികാര പരിധിക്ക് പലനിലയില്‍ കടിഞ്ഞാണ് വീഴുന്നത് ജനാധിപത്യപരമെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. അങ്ങനെയെങ്കില്‍ ലോകത്തെ ഏറ്റവും അധികാരമുള്ള നേതാവായി സി ജിന്‍പിംഗ് മാറുമ്പോള്‍ അവിടെ ജനാധിപത്യം തടവിലാക്കപ്പെടുകയാണോ ചെയ്യുന്നത്? അതോ അമേരിക്കന്‍ മേധാവിത്വത്തെ വെല്ലുവിളിച്ച് ഏകധ്രുവ ലോകത്തിന് ബദല്‍ ഒരുങ്ങുകയാണോ?

ഉത്തരം എന്തായാലും പരിധികളില്ലാത്ത അധികാരത്തിന്റെ നാഥനാണ് രണ്ടാമൂഴത്തില്‍ എത്തിയ സി ജിന്‍ പിംഗ്. പാര്‍ട്ടി അദ്ദേഹത്തിന്റെ കൈപ്പിടിയിലാണ്. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമാണ്. ധനകാര്യ സമിതിയുടെയും പരിഷ്‌കരണ സമിതിയുടെയും തലപ്പത്തും അദ്ദേഹം തന്നെ. ഇതിനെല്ലാം മേലെയാണ് ഈ മനുഷ്യന് വേണ്ടി ചൈനീസ് ഭരണഘടന തന്നെ മാറ്റിയെഴുതിയിരിക്കുന്നുവെന്നത്. മാവോ സേതൂങിന് ശേഷം, ജീവിച്ചിരിക്കെ ചൈനീസ് ഭരണഘടനയില്‍ പേര് ചേര്‍ക്കപ്പെടുന്ന വ്യക്തിയാണ് സി ജിന്‍പിംഗ്. “ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസത്തിനായി പുതു യുഗത്തില്‍ സി ജിന്‍പിംഗ് ഉയര്‍ത്തിയ ചിന്തകള്‍” സുപ്രധാന മാര്‍ഗ നിര്‍ദേശക തത്വമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ചൈനീസ് സ്വപ്‌നം സഫലമാകാന്‍ പോകുന്നത് സി ജിന്‍പിംഗിലൂടെയാണെന്ന് അത് ഉദ്‌ഘോഷിക്കുന്നു. ഈ ഭരണഘടനാ പ്രഖ്യാപനത്തിലൂടെ ഭരണാധികാരി എന്ന നിലയില്‍ നിന്ന് അവിരാമമായ ശക്തി സ്രോതസ്സെന്ന കാല്‍പ്പനിക ഭാവത്തിലേക്ക് ഈ 64കാരനെ ഉയര്‍ത്തുകയാണ് ചെയ്തത്. മാവോ ലെഗസിക്ക് സമാനമായി അദ്ദേഹത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി സമ്പൂര്‍ണ സമ്മേളനം ചേരുന്നത് അഞ്ച് വര്‍ഷത്തിലൊരിക്കലാണ്. ഈ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നയാളായിരിക്കും ഭരണത്തലവന്‍. സാധാരണഗതില്‍ രണ്ട് ഊഴമാണ് ഒരാള്‍ക്ക് പ്രസിഡന്റാകാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെന്ന പരമോന്നത സമിതിയില്‍ നിലവിലെ മേധാവി രണ്ട് ഊഴം പൂര്‍ത്തിയാക്കുമ്പോള്‍ തലപ്പത്തേക്ക് കൊണ്ടുവരേണ്ടയാളെ ഉള്‍പ്പെടുത്തും. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഘടന കണ്ടാലറിയാം ആരായിരിക്കും അടുത്തയാളെന്ന്. എന്നാല്‍ ഇത്തവണത്തെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഘടന ഒരു പിടിയും ആര്‍ക്കും നല്‍കുന്നില്ല. ആരായിരിക്കും പിന്‍ഗാമിയെന്ന് ഊഹിക്കുവാനേ സാധ്യമല്ല. പകരം, പിന്‍ഗാമിയില്ലെന്ന തോന്നലാണ് ഈ പട്ടിക നല്‍കുന്നത്. സി ജിന്‍പിംഗ് മൂന്നാമതൊരു ഊഴത്തിലേക്ക് വന്നേക്കാമെന്ന് സൂചന. അതിനായി ഭരണഘടന മാറ്റിയെഴുതിയാല്‍ ആരും അതിശയപ്പെടേണ്ടതില്ല. ഏഴംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സിയും പ്രധാനമന്ത്രി ലെ കെക്വിയാംഗും ഒഴിച്ചുള്ളവരെല്ലാം പുതുമുഖങ്ങളാണ്. എല്ലാവരും അറുപത് പിന്നിട്ടവര്‍. അടുത്ത കോണ്‍ഗ്രസ് വരുമ്പോഴേക്ക് പ്രസിഡന്റാകാനുള്ള കൂടിയ പ്രായപരിധിയായ 68ന് അരികെയെത്തും ഇവരെല്ലാം. എന്നുവെച്ചാല്‍ സി ജിന്‍പിംഗിന് പിന്‍ഗാമിയെ കണ്ടുവെക്കുകയെന്ന ദൗത്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്ന് തന്നെയാണ്. പല അടരുകളുള്ള രഹസ്യാത്മകതയാണ് ചൈനയെപ്പോലെയുള്ള ഒരു രാഷ്ട്രീയ ഘടനയുടെ അടിസ്ഥാന സവിശേഷത. വിശകലത്തിനിരിക്കുന്നവരുടെ മുന്നില്‍ ഈ പട്ടിക മാത്രമേയുള്ളൂ. ഈ സമിതിയിലേക്ക് എത്തിയതിന്റെ യുക്തിയും താത്പര്യവുമില്ല. അത് കാലം തെളിയിക്കുകയേ ഉള്ളൂ. ഏതായാലും എല്ലാ കീഴ്‌വഴക്കങ്ങളെയും അതിലംഘിച്ച് സി ജിന്‍പിംഗ് ചൈനീസ് ചരിത്രത്തിലെ സുദീര്‍ഘ ഭരണസാരഥ്യത്തിന് ഉടമയാകുമെന്ന സാധ്യത തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ആ നിലക്ക് കൂടി മറ്റ് ഭരണാധികാരികളുടെയെല്ലാം മുകളില്‍ സി ജിന്‍പിംഗിന്റെ കേന്ദ്രീകൃത അധികാരത്തെ പ്രതിഷ്ഠിക്കാവുന്നതാണ്.

പിതാവ് പാര്‍ട്ടിക്കായി നിലകൊണ്ട് ഒടുവില്‍ വിമതനായി മുദ്ര കുത്തപ്പെട്ടയാളാണ്. സാംസ്‌കാരിക വിപ്ലവത്തിന്റെ കാലത്ത് പാര്‍ട്ടിയെ സര്‍വസ്വമായി കണ്ട ചിലര്‍ക്കും ഈ ദുര്യോഗം ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായി മകന്‍ സിയും പാര്‍ട്ടി അംഗത്വത്തിന് ഏറെ കാത്തിരിക്കേണ്ടി വന്നു. അംഗത്വം ലഭിച്ചപ്പോഴാകട്ടേ ഗ്രാമീണ കര്‍ഷകരോടൊപ്പം പ്രവര്‍ത്തിക്കാനാണ് നിയോഗിക്കപ്പെട്ടത്. ത്യാഗപൂര്‍ണമായിരുന്നു ആ കാലമെന്നാണ് സിയുടെ ഔദ്യോഗിക ചരിത്രം പറയുന്നത്. തന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നതില്‍ അക്കാലം ഏറെ സ്വാധീനിച്ചുവെന്ന് സി ജിന്‍പിംഗ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഡെംഗ് സിയാവോ പിംഗാണ് സിയുടെ മാതൃകാ പുരുഷന്‍. ചൈനക്ക് സ്വന്തം ശക്തി പ്രകടിപ്പിക്കാന്‍ സമയമായിട്ടില്ല, കാത്തിരിക്കാം എന്ന ഡെംഗ് സിദ്ധാന്തത്തില്‍ നിന്നാണ് ഇതാണ് സമയമെന്ന തീര്‍പ്പില്‍ സി എത്തുന്നത്.

മുഖ്യവൈരുധ്യങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നതാണ് സി ജിന്‍പിംഗിന്റെ പ്രഖ്യാപിത നയങ്ങളില്‍ മുഖ്യം. 2012ല്‍ പടിയിറങ്ങുമ്പോള്‍ ഒറ്റ ഉപദേശമാണ് തന്റെ പിന്‍ഗാമിക്ക് ഹു ജിന്റാവോ കൈമാറിയത്. അഴിമതിക്കെതിരായ ജാഗ്രതയായിരുന്നു അത്. പാര്‍ട്ടി നേതാക്കള്‍ക്ക് കൈവരുന്ന കണക്കില്ലാത്ത അധികാരം അവരെ ദുഷിപ്പിക്കുകയും കടുത്ത അഴിമതിക്കാരായി മാറ്റുകയും ചെയ്യുന്നു. രാഷ്ട്രീയ വ്യവസ്ഥയെ ഉള്ളില്‍ നിന്ന് തകര്‍ക്കുന്ന ടൈം ബോംബായി അഴിമതി മാറുന്നത് സി ജിന്‍പിംഗ് തന്റെ ഒന്നാമൂഴത്തില്‍ തന്നെ മനസ്സിലാക്കിയിരുന്നു. ശക്തമായ തിരുത്തല്‍ നടപടി ആരംഭിക്കുകയും ചെയ്തു. നടപടികള്‍ പലതും അത്യന്തം കര്‍ക്കശമായിരുന്നു. ചൈനീസ് വ്യവസ്ഥയുടെ സഹജഭാവമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയില്‍ ഈ നടപടികളും ഇടം പിടിച്ചു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരമാണ് മറ്റൊരു വൈരുധ്യം. ചൈനീസ് സവിശേഷതയോട് കൂടിയ സോഷ്യലിസമെന്ന ആശയത്തെ തന്നെ ഈ അസമത്വം അപ്രസക്തമാക്കുന്നു. വ്യാവസായിക വികസനത്തിന്റെ കൂടെപ്പിറപ്പായ ഈ തിന്‍മയെ മറികടക്കാന്‍ ചൈനക്കും സാധിക്കുന്നില്ല. നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ ചൈനയെയും വലയ്ക്കുന്നുണ്ട്. ഈ പ്രതിസന്ധികളെല്ലാം പരസ്പര ബന്ധിതമാണെന്നിരിക്കെ സമഗ്രമായ പരിഹാരം തേടണമെന്നതാണ് സി ജിന്‍പിംഗിന്റെ കാഴ്ചപ്പാട്. ജനസംഖ്യാ നയം ഇപ്പോഴും കൃത്യമായി രൂപപ്പെട്ട് കഴിഞ്ഞിട്ടില്ല. മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിശ്വാസി സമൂഹത്തെ സംശയദൃഷ്ടിയോടെയാണ് ചൈനീസ് ഭരണകൂടം എക്കാലവും കണ്ടിട്ടുള്ളത്. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ തിരസ്‌കൃതരും പ്രകോപിതരുമായി തുടരുന്നത് അത്‌കൊണ്ടാണ്. ഇത്തരം സാമൂഹിക പ്രതിസന്ധികളെ മുഖ്യവൈരുധ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത.

പാര്‍ട്ടിയായിരിക്കും കേന്ദ്ര സ്ഥാനത്ത്; അംഗങ്ങള്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിന് തയ്യാറാകണമെന്ന ആഹ്വാനം അച്ചടക്കത്തിന്റെ വാള്‍ചുഴറ്റലാണ്. വിമതസ്വരങ്ങള്‍ അത് ഏത് നിലയിലായാലും വെച്ചു പൊറുപ്പിക്കില്ല. സി ജിന്‍പിംഗ് യുഗത്തില്‍ വലിയ അട്ടിമറി നടക്കുക വിദേശ, സൈനിക നയത്തിലായിരിക്കും. കൂടുതല്‍ ആത്മവിശ്വാസം നിറഞ്ഞതും ആധികാരികവും അതുകൊണ്ട് തന്നെ അക്രമാസക്തവുമായ വിദേശ നയമാകും കാണാനാവുക. ചൈനീസ് താത്പര്യം എവിടെയും പരമപ്രധാനമായി ഉയര്‍ത്തിക്കാട്ടും. അതിന് മുകളില്‍ പറക്കാന്‍ ആരെയും അനുവദിക്കില്ല. സൗത്ത് ചൈനീസ് കടലിലും ടിബറ്റിലും ഇന്ത്യന്‍ അതിര്‍ത്തിയിലും തായ്‌വാനിലും ഇത് തന്നെയാകും നയം. “ചൈനീസ് സുഹൃത്തു”ക്കള്‍ക്ക് മേല്‍ ആരെങ്കിലും അവരുടെ യുക്തി അടിച്ചേല്‍പ്പിച്ചാല്‍ നോക്കി നില്‍ക്കില്ലെന്ന പ്രഖ്യാപനവും ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. വിപണി കൂടുതല്‍ തുറന്ന് വെക്കുകയും കൂടുതല്‍ രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം തുടരുകയും ചെയ്യുകയെന്ന പരിഷ്‌കരണ ദൗത്യം വ്യാപകമാകും. സൈന്യത്തെ കൂടുതല്‍ ആധുനികവത്കരിക്കാനും വിദേശ മണ്ണിലെ ദൗത്യങ്ങളിലേക്ക് കടത്തിവിടാനും സി ജിന്‍പിംഗ് തയ്യാറാകും.

ഈ നയ, സമീപനങ്ങളുടെയെല്ലാം മുന ഒരിടത്തേക്ക് തിരിച്ചു വെച്ചിരിക്കുന്നു. അമേരിക്കയാണ് ലക്ഷ്യം. യു എസ് മേധാവിത്വത്തെ സാമ്പത്തികമായി വെല്ലുവിളിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം സൈനിക, രാഷ്ട്രീയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സി ജിന്‍പിംഗ് ചുമലേറ്റിയ ദൗത്യം. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് ചുറ്റും കറങ്ങിയ ലോകം ഇനി ചൈനയെ വലംവെക്കണം. ചൈനയെ രാഷ്ട്രീയ രക്ഷകര്‍ത്താവായി കിട്ടാന്‍ രാജ്യങ്ങള്‍ മത്സരിക്കണം. ഡോളറിന്റെ സ്ഥാനം ചൈനീസ് കറന്‍സിക്ക് കൈവരണം. ഈ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് ധീരമായ ചുവട് വെപ്പുകള്‍ നടത്താന്‍ സി ജിന്‍പിംഗിന് സാധിക്കുമെങ്കില്‍ അദ്ദേഹത്തിലേക്ക് അധികാരം ഇനിയും കേന്ദ്രീകരിക്കപ്പെടും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്